9 Sunday
March 2025
2025 March 9
1446 Ramadân 9

വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ യുഎസ് നീക്കം നിയമത്തിനെതിരെ സെനറ്റ് അംഗങ്ങള്‍

നേരിട്ടു ക്ലാസില്‍ പങ്കെടുക്കുന്നവര്‍ ഒഴികെയുള്ള വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തു തങ്ങരുതെന്ന ട്രംപ് സര്‍ക്കാരിന്റെ നിയമത്തിനെതിരെ സെനറ്റ് അംഗങ്ങള്‍ രംഗത്ത്. ഓണ്‍ലൈന്‍ ക്ലാസ് ആണെങ്കില്‍ വിദേശ വിദ്യാര്‍ഥികള്‍ തിരിച്ചുപോകണമെന്ന ‘കരിനിയമം’ പിന്‍വലിക്കണമെന്ന് 136 കോണ്‍ഗ്രസ് അംഗങ്ങളും ഇന്ത്യന്‍ വംശജ കമല ഹാരിസ് അടക്കമുള്ള 30 സെനറ്റ് അംഗങ്ങളും ആവശ്യപ്പെട്ടു. ഈ മാസം 6-ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തിറക്കിയ പുതിയ നിയമം വിദേശ വിദ്യാര്‍ഥികളെ പരിഭ്രാന്തരാക്കിയിരുന്നു. ഇന്ത്യയിലും ചൈനയിലും നിന്നുള്ളവരാണ് വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും. 10 ലക്ഷത്തോളം വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ നീക്കം ക്രൂരവും അന്യായവുമാണെന്ന് സെനറ്റ് അംഗങ്ങള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ നിലവില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണെന്നും വിസ നിയമങ്ങള്‍ പാലിച്ചാണ് ഇവിടെ എത്തിയതെന്നും രാജ്യത്തിന് ഏതെങ്കിലും തരത്തില്‍ ഭീഷണിയല്ലെന്നും സെനറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസ് ആണ് നടക്കുന്നതെങ്കില്‍ വിദ്യാര്‍ഥികള്‍ രാജ്യം വിടണം, അല്ലെങ്കില്‍ ക്ലാസ് നടക്കുന്ന മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് മാറണം എന്നാണ് നിര്‍ദേശം. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമാണ് പുതിയ നിയമം എന്നാണ് സൂചന. വിദേശ വിദ്യാര്‍ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഫീസ് ആണ് മിക്ക യൂണിവേഴ്‌സിറ്റികളുടെയും വരുമാനമാര്‍ഗം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നും അടുത്തിടെ ട്രംപ് ആരോപിച്ചിരുന്നു.

Back to Top