3 Thursday
July 2025
2025 July 3
1447 Mouharrem 7

ഉയ്ഗൂര്‍ വംശഹത്യക്കെതിരെ ഇസ്‌ലാമിക ലോകം ഒന്നിക്കണം

സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ മുസ്‌ലിംകളോട് ചൈന നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇസ്‌ലാമിക ലോകം ഒന്നിക്കണമെന്ന് അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ റൂഷന്‍ അബ്ബാസ്. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ചൈന നടത്തുന്ന വംശഹത്യക്കെതിരെ ലോകം കണ്ണടക്കുകയാണെന്നും അവര്‍ പറഞ്ഞു. ”ലക്ഷക്കണക്കിന് ഉയ്ഗൂര്‍കാരെ തടങ്കല്‍പ്പാളയങ്ങളിലാക്കിയിരിക്കുന്നു. അവരുടെ മതം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. അവയവങ്ങള്‍ കവര്‍ച്ചചെയ്യുന്നു, മുടി വില്‍ക്കുന്നു, നമ്മുടെ ആളുകള്‍ വംശഹത്യ നേരിടുകയാണ്” -ഉയ്ഗൂര്‍ വംശജകൂടിയായ റൂഷന്‍ അബ്ബാസ് പറയുന്നു.
‘കാമ്പെയിന്‍ ഫോര്‍ ഉയ്ഗൂര്‍’ എന്ന കൂട്ടായ്മയുടെ സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് റൂഷന്‍. ചില്ലറ സാമ്പത്തിക ലാഭത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ ചൈനയുടെ വംശഹത്യയെക്കുറിച്ച് നിസ്സംഗത പുലര്‍ത്തുന്നതായും അവര്‍ പറഞ്ഞു. ഉയ്ഗൂര്‍ വിഷയത്തിലെ ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്‌ലിം കോര്‍പ്പറേഷന്റെ (ഒ ഐ സി) ഇരട്ടത്താപ്പിനെതിരേയും റൂഷന്‍ ആഞ്ഞടിച്ചു. വിഷയത്തിലെ പാകിസ്താന്റെ നിലപാടിനെയും അവര്‍ ചോദ്യം ചെയ്യുന്നു.
”ചൈനയുമായുള്ള ബന്ധം സ്വന്തം പ്രയോജനത്തിന് മാത്രമാണ് പാകിസ്താന്‍ ഉപയോഗിക്കുന്നത്. ഇത് വിഡ്ഢിത്തമാണ്. ചൈനയുടെ കോളനിയായി മാറുകയാണ് പാകിസ്താന്‍. ചൈനീസ് ഭാഷ പാക് സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടുകയും ചൈനീസ് സൈന്യം പാകിസ്താനിലെ തെരുവുകളില്‍ കറങ്ങുകയും ചെയ്യുന്നു. ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്” -അവര്‍ പറഞ്ഞു. ലോകത്തിലെ മുസ്‌ലിംകള്‍ ഒരിക്കലും ഉയ്ഗൂരിലെ തങ്ങളുടെ സഹോദരന്മാരേയും സഹോദരിമാരേയും ഉപേക്ഷിക്കരുതെന്നും റൂഷന്‍ ആവശ്യപ്പെട്ടു.

Back to Top