മ്യാന്മറില് സൈന്യം തുടച്ചുനീക്കിയ രോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ യു എന്‍ ഭൂപടത്തിലും പുറത്ത്
മൂന്നു വര്‍ഷം മുമ്പ് മ്യാന്മറില് സര്‍ക്കാര്‍ സേന തീവെച്ചും ബുള്‍ഡോസറുകള്‍ ഉപയോഗിച്ചും തുടച്ചുനീക്കിയ രോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ യു എന്‍ പുറത്തുവിട്ട ദേശീയ ഭൂപടത്തില്‍ നിന്നും പുറത്ത്. ലക്ഷക്കണക്കിനു പേര് അഭയാര്‍ഥികളാകുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്ത വംശീയ ഉന്മൂലന ശ്രമത്തിനാണ് ഒടുവില്‍ ഭൂപടത്തില്‍ യു എന്നിന്റെ പരോക്ഷ പിന്തുണ. ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് എട്ടു ലക്ഷത്തോളം രോഹിങ്ക്യകള്‍ താമസിച്ചുവന്ന കാന്‍ കിയയില്‍നിന്ന് എല്ലാവരും നാടുവിടുകയോ വധിക്കപ്പെടുകയോ ചെയ്തിരുന്നു. ഇവിടെയിപ്പോള്‍ പകരം ഉയര്ന്നുനില്ക്കുന്നത് സര്‍ക്കാര്‍, സൈനിക കെട്ടിടങ്ങള്‍, ചുറ്റും വേലി കെട്ടിയ വിശാലമായ പൊലീസ് ബാരക്കുകള്‍ തുടങ്ങിയവയാണ്. ഇതിന്റെ പേര് കഴിഞ്ഞ വര്‍ഷം മ്യാന്മര് സര്‍ക്കാര്‍ ഔദ്യോഗിക ഭൂപടത്തില്‍നിന്ന് നീക്കംചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് യു എന്നും ഭൂപടത്തില്‍ കാന്‍ കിയയെ പുറത്താക്കിയത്. കൊച്ചുഗ്രാമമായതിനാല്‍ ഉള്‍പെടുത്താനായില്ലെന്നാണ് യു എന്‍ വിശദീകരണം.
കാന്‍ കിയക്കു സമാനമായി 400-ഓളം ഗ്രാമങ്ങളാണ് 2017-ല്‍ സൈന്യത്തെ ഉപയോഗിച്ച് മ്യാന്മര് ഭരണകൂടം തുടച്ചുനീക്കിയത്. ഇതില്‍ നിരവധി ഗ്രാമങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ ഭൂപടത്തില്‍ മായ്ച്ചുകളഞ്ഞിരുന്നു. മ്യാന്മറില് നടന്നത് വംശഹത്യയാണെന്ന് യു എന്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാറിനെതിരെ യു എന്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. അതേസമയം, ഇനിയൊരിക്കലും രോഹിങ്ക്യന്‍ മുസ്ലിംകള് തിരിച്ചുവരാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ബംഗ്ലാദേശില്‍ അഭയാര്‍ഥിയായിക്കഴിയുന്ന കാന്‍ കിയ സ്വദേശി മുഹമ്മദ് റഫീഖ് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതികരണം പുറത്തുവന്നിട്ടില്ല.
ഈവര്‍ഷം ഇതുവരെയായി യു എന്‍ മൂന്ന് മ്യാന്മര് ഭൂപടങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവയിലെല്ലാം ഈ പേരുകള്‍ അപ്രത്യക്ഷമായിട്ടുമുണ്ട്. 10 ലക്ഷത്തിലേറെ അഭയാര്‍ഥികളാണ് രോഹിങ്ക്യയിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ മടക്കവുമായി ബന്ധപ്പെട്ട് മ്യാന്മര്-ബംഗ്ലാദേശ് ചര്‍ച്ച പുരോഗമിക്കുകയാണ്.`
