ഫലസ്തീന്‍-ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചക്ക് ശ്രമവുമായി ഈജിപ്ത്
ഫലസ്തീന്‍- ഇസ്‌റാഈല്‍ സമാധാന ഉച്ചകോടിക്ക് മധ്യസ്ഥം വഹിക്കാനുള്ള ശ്രമവുമായി ഈജിപ്ത് രംഗത്ത്. ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തുകയാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫതാഹ് അല്‍ സീസി. ഇസ്‌റാഈല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അമേരിക്കന്‍ ഭരണകൂടത്തിന് ഈ വിഷയത്തില്‍ അനുകൂല സൂചനകള്‍ നല്‍കാനും, ഇസ്‌റാഈലില്‍ അടുത്തിടെ നടന്ന നെതന്യാഹു വിരുദ്ധ പ്രതിഷേധം ഈ നീക്കത്തിലൂടെ താല്‍ക്കാലികമായി ഇല്ലാതാക്കാനുമാണ് നെതന്യാഹു ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനായി ഈജിപ്തിനെ കൂട്ടുപിടിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ഈജിപ്ത്, ഫലസ്തീന്‍, ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങള്‍ തമ്മില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനത്തിനൊരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
