ലോകം കോവിഡ് പരിഭ്രാന്തിയില്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങളില്‍
ലോകമാകെ കോവിഡ് പരിഭ്രാന്തിയില്‍ പ്രതിരോധമൊരുക്കാന്‍ വഴികളന്വേഷിക്കുമ്പോള്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങളിലാണ്. ഞായറാഴ്ച ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതിന്‍റെ തുടര്‍ച്ചയായി തിങ്കളാഴ്ച വലിയ മിസൈലുകള്‍ പരീക്ഷിച്ചു. ഞായറാഴ്ച ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിനെ എതിര്‍ത്ത് ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു. ലോകം മുഴുവന്‍ വൈറസ് പ്രതിരോധത്തില്‍ മുഴുകി നില്‍ക്കുമ്പോള്‍ മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തര കൊറിയയുടെ നടപടി സന്ദര്‍ഭത്തിന് യോജിച്ചതല്ലെന്നായിരുന്നു ദക്ഷിണ കൊറിയയുടെ പ്രതികരണം. ഉടനെ ഉത്തര കൊറിയന്‍ മാധ്യമമായ കെ സി എന്‍ എ വലിയ മിസൈല്‍ ലോഞ്ചറുകളുടെ പരീക്ഷണ വിവരം പുറത്ത് വിടുകയും ചെയ്തു. കോവിഡ് വൈറസ് ഉത്തര കൊറിയയെ ബാധിച്ചിട്ടില്ലെന്നാണ് അവരുടെ ഔദ്യോഗിക നിലപാട്. എന്നാല്‍, അത് ശരിയല്ലെന്നും ഉത്തര കൊറിയ വിവരങ്ങള്‍ മറച്ചുവെക്കുന്നതാകാന്‍ സാധ്യതയുണ്ടെന്നും കരുതുന്നവരുണ്ട്. ഉത്തര കൊറിയയുടെ സമീപ രാജ്യങ്ങളായ ചൈനയും ദക്ഷിണ കൊറിയയും കോവിഡ് വൈറസ് ദുരന്തം ഏറെ ബാധിച്ച പ്രദേശങ്ങളാണ്. തങ്ങള്‍ സുരക്ഷിതരാണെന്നും രാജ്യം കുടുതല്‍ ശക്തിയാര്‍ജിക്കുകയാണെന്നും സ്വന്തം പൗരന്‍മാരെ ബോധ്യപ്പെടുത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ മിസൈല്‍ പരീക്ഷണമെന്ന നിഗമനവും ശക്തമാണ്.
