കോവിഡുമായെത്തുന്നവരെ ഉത്തര കൊറിയ വെടിവെച്ചു കൊല്ലുന്നുവെന്ന് യു എസ്
ചൈനയില്‍ നിന്ന് കോവിഡ് ബാധയുമായി രാജ്യത്ത് പ്രവേശിക്കാതിരിക്കാന്‍ ഉത്തരകൊറിയന്‍ അധികാരികള്‍ ‘വെടിവെച്ചുകൊല്ലല്‍’ ഉത്തരവ് പുറപ്പെടുവിച്ചതായി യു എസ്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ വെടിവെച്ചുകൊല്ലാനാണ് ഏകാധിപതി കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയതെന്നും പറയുന്നു. ലോകമെമ്പാടും കോവിഡ് ബാധ പടര്‍ന്നുപിടിക്കുമ്പോഴും ഉത്തരകൊറിയയില്‍ ഒരാള്‍ക്കുപോലും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ചൈനയില്‍ രോഗം പടര്‍ന്നുപിടിച്ച ഉടന്‍ തന്നെ അതിര്‍ത്തി അടക്കുകയും രണ്ടു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജൂലൈയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ കൂടുതല്‍ കര്‍ശനമാക്കി. കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് സ്വര്‍ണക്കടത്ത് വര്‍ധിച്ചതായും യു എസ് ഫോഴ്സസ് കൊറിയ കമാന്‍ഡര്‍ റോബര്‍ട്ട് അബ്രാമ്സിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ശന ലോക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 85 ശതമാനത്തോളം കുറയുകയും ചെയ്തു. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നും പറയുന്നു.
