ന്യൂസിലാന്‍ഡ് പള്ളിയിലെ കൂട്ടക്കൊല കുറ്റവാളിക്ക് ശിക്ഷ വിധിച്ചു
ന്യൂസിലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ 51 പേരെ വെടിവെച്ചുകൊലപ്പെടുത്തിയ കുറ്റവാളി ബ്രന്റണ്‍ ടാറന്റിന് ശിക്ഷ വിധിച്ചു. പരോള്‍ ഇല്ലാതെ ആജീവനാന്തം തടവാണ് കുറ്റവാളിക്ക് വിധിച്ചത്. മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ശിക്ഷ വിധിച്ച ജഡ്ജ് കാമറണ്‍ മാന്‍ഡെര്‍ പറഞ്ഞു. ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അത്യപൂര്‍വമായ വിധിയാണിത്. കൊലപാതകത്തിലൂടെ ന്യൂസിലാന്‍ഡില്‍ വലതുപക്ഷ തീവ്രവാദം വളര്‍ത്താമെന്ന പ്രതിയുടെ ലക്ഷ്യം പരാജയപ്പെട്ടു. പക്ഷേ, ന്യൂസിലാന്‍ഡിലെ മുസ്‌ലിം സമൂഹത്തിന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് ജഡ്ജ് പറഞ്ഞു. 2019 മാര്‍ച്ച് 15-നാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. 51 പേരാണ് കൊല്ലപ്പെട്ടത്. 29-കാരനായ പ്രതി ബ്രന്റണ്‍ ടാറന്റ് ആസ്‌ത്രേലിയക്കാരനാണ്. ഫേസ്ബുക് ലൈവിലൂടെ തത്സമയ ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം. വെടിവെപ്പുനടന്ന പള്ളികള്‍ തമ്മില്‍ ആറു കിലോമീറ്റര്‍ മാത്രമാണ് ദൂരം. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 1.40ഓടെയാണ് വെടിവെപ്പുണ്ടായത്. യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഇവിടെ നാനൂറോളംപേര്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ലിന്‍വുഡിലെ ഇസ്‌ലാമിക് സെന്ററിലും വെടിവെപ്പ് നടത്തിയത്.