ലോകത്തെ അവസാന നാസി വിചാരണ പൂര്‍ത്തിയായി
നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ സുരക്ഷാ ജീവനക്കാരനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, ലോകത്തെ അവസാന നാസി വിചാരണയും പൂര്‍ത്തിയായി. ആയിരങ്ങളെ കൊന്നു തള്ളിയതിന് കൂട്ടുനിന്നുവെന്ന കുറ്റത്തിന് ബ്രൂണോ ഡി എന്നയാളെയാണ് ജര്‍മന്‍ കോടതി ശിക്ഷിച്ചത്. 93 വയസ് പിന്നിട്ട ഇയാള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് തടവുശിക്ഷ ലഭിച്ചു. 1944 മുതല്‍ 1945 വരെ ഒരു വര്‍ഷക്കാലയളവിലാണ് ഇയാള്‍ സ്റ്റത്തോഫിലെ (ഇന്നത്തെ പോളണ്ട്) കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ജോലി ചെയ്‌തത്. 5232 കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ബ്രൂണോക്ക് 17 വയസുള്ളപ്പോഴാണ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ജീവനക്കാരനായി എത്തുന്നത്. അന്ന് പ്രായപൂര്‍ത്തിയാവാതിരുന്നതിനാല്‍ ജുവനൈല്‍ കോടതിയും വിചാരണ ചെയ്‌തു. പോളണ്ടിലെ ഡാന്‍സിഗ് ഗ്രാമത്തിലാണ് ബ്രൂണോ ജനിച്ചത്. ഹിറ്റ്‌ലര്‍- മുസോളനി ആശയത്തില്‍ ആകൃഷ്ടനായി നാസി പ്രസ്ഥാനത്തില്‍ ചേരുകയായിരുന്നു.
ഫ്രാന്‍സ്, ഇസ്‌റാഈല്‍, പോളണ്ട്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നാസി പീഡനത്തിനിരയായവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ് മുന്നോട്ടു പോയത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച് 75 വര്‍ഷം പിന്നിടുമ്പോള്‍ നടന്ന ഈ വിചാരണ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. നാസി കുറ്റവാളികള്‍ക്കുള്ള ലോകത്തെ അവസാനത്ത വിചാരണയായിരിക്കുമിത്. തടവുകാരെ കഴുത്തിന് പിന്നില്‍ വെടിവെച്ചും, സൈക്ലോണ്‍ ബി ഗ്യാസ് ഉപയോഗിച്ച് വിഷം കലര്‍ത്തിയും, ഭക്ഷണവും മരുന്നും നിഷേധിച്ചുമൊക്കെയാണ് കൊലകള്‍ നടത്തിയത്. തടവുകാരെ രക്ഷപ്പെടാനോ സംഘടിക്കാനോ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത് ബ്രൂണോ ഡിയായിരുന്നു. പോളണ്ടിലെ ഡാന്‍സ്‌കിലാണ് ഇപ്പോള്‍ സ്റ്റത്തോഫ് നാസി തടങ്കല്‍ പാളയം ഉള്ളത്. 1939-ല്‍ സ്ഥാപിതമായ പാളയത്തില്‍ 1,15,000 തടവുകാര്‍ ഉണ്ടായിരുന്നു. പകുതിയിലധികം പേരെയും അവിടെവച്ചുതന്നെ കൊന്നതായാണ് ചരിത്രം പറയുന്നത്.