5 Friday
December 2025
2025 December 5
1447 Joumada II 14

അധികാരത്തില്‍ ഒരു മാസം ലബനാന്‍ പ്രധാനമന്ത്രി രാജിവെച്ചു

രാഷ്ട്രീയ അനിശ്ചിതത്വം വിട്ടൊഴിയാത്ത ലബനാനില്‍ നിയുക്ത പ്രധാനമന്ത്രി മുസ്തഫ അദീബ് രാജിവെച്ചു. പക്ഷപാതിത്വമില്ലാത്ത പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ അദീബ് തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് വലിയ കടമ്പയാണെന്നും. പ്രത്യേകിച്ച് ധനകാര്യ വകുപ്പ് ആര് കൈകാര്യം ചെയ്യുമെന്ന തര്‍ക്കം ഉണ്ടായെന്നും ഇതിനെത്തുടര്‍ന്നാണ് രാജിവെക്കുന്നതെന്നും അദ്ദേഹം പഞ്ഞു. പ്രസിഡന്റ് മൈക്കല്‍ ഔനിന് അദ്ദേഹം രാജിക്കത്ത് കൈമാറുകയും ചെയ്തു. ജര്‍മനിയിലെ ലബനാന്‍ അംബാസിഡറായിരുന്ന അദീബ് കഴിഞ്ഞ ഓഗസ്റ്റ് 31-നാണ് പ്രധാനമന്ത്രിക്കസേരയിലെത്തുന്നത്. പ്രധാനമന്ത്രിയായിരുന്ന ഹസന്‍ ദിയാബ് രാജിവെച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. ഓഗസ്റ്റ് നാലിന് ബയ്‌റൂത്തിലൂണ്ടായ ഉഗ്രസ്‌ഫോടനത്തിനു പിന്നാലെയാണ് ദിയാബ് സര്‍ക്കാര്‍ രാജിവെച്ചത്. രാജ്യത്തെ രണ്ട് പ്രബല ശീഅ പാര്‍ട്ടികളുടെ തര്‍ക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയും സഖ്യകക്ഷികളും അമല്‍ മൂവ്‌മെന്റും ശീഅ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന തര്‍ക്കമാണ് പ്രശ്‌നപരിഹാരം കാണാതെ നീണ്ടത്. സുന്നി വിഭാഗക്കാരനായ അദീബ് അധികാരത്തില്‍ തുടര്‍ന്നാല്‍ തങ്ങളെ ഒതുക്കുമെന്നും ശീഅ നേതാക്കള്‍ ഭയപ്പെട്ടു. ലബനാന്‍ മന്ത്രിസഭയിലെ ചില വകുപ്പുകള്‍ വര്‍ഷങ്ങളായി ചില വിഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നും ആരോപണമുണ്ട്.

Back to Top