കോവിഡ് വ്യാപനം ചൈനക്കെതിരെ രോഷം പുകയുന്നു
കോവിഡ് വിഷയത്തില്‍ ചൈനയും മറ്റു രാജ്യങ്ങളും തമ്മില്‍ വാക്പോര് മുറുകുന്നു. വൈറസിന്‍റെ പ്രഭവകേന്ദ്രത്തെ കുറിച്ച് സുതാര്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ആസ്ത്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടന്‍ ആവശ്യപ്പെട്ടതാണ് ചൈനയെ ചൊടിപ്പിച്ചത്. യു എസും ഇതേ ആവശ്യം പല തവണ ഉന്നയിച്ചിരുന്നു. വൈറസിന്‍റെ പ്രഭവകേന്ദ്രം വുഹാനിലെ വൈറോളജി ലാബ് ആണോ എന്നതില്‍ യു എസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്ത്രേലിയന്‍ മന്ത്രി യു എസിന്‍റെ കളിപ്പാവയാണെന്നായിരുന്നു ചൈനയുടെ മറുപടി. ഡട്ടനും കോവിഡ് ബാധിച്ചിരുന്നു. ആസ്ത്രേലിയന്‍ വിദേശകാര്യമന്ത്രി മരിസ് പെയ്നെയും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ലോകം മുഴുവന്‍ പരത്തിയെന്നാരോപിച്ച് യു എസ് സംസ്ഥാനമായ മിസൂരി ചൈനീസ് ഭരണകൂടത്തിനെതിരെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയും പരാതി നല്‍കി. കോവിഡ് വരുത്തിവെച്ച മനുഷ്യഹാനിക്കും സാമ്പത്തികത്തകര്‍ച്ചക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി. രോഗബാധയെ കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതെ മനപ്പൂര്‍വം മറ്റ് രാജ്യങ്ങളിലേക്ക് കൂടി പകര്‍ത്തിയത് നീതീകരിക്കാനാവില്ലെന്നും അതിന് ചൈന മറുപടി പറയേണ്ടിവരുമെന്നും മിസൂരി അറ്റോണി ജനറല്‍ എറിക് ഷമ്മിറ്റ് വ്യക്തമാക്കി.