നെതന്യാഹുവിനെതിരായി പ്രക്ഷോഭം
ഇസ്‌റാഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുന്നു. ജറൂസലം നഗരത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രക്ഷോഭകാരികള്‍ പൊലീസ് പ്രതിരോധം തകര്‍ക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തതായി ഇസ്‌റാഈല്‍ പൊലിസ് അറിയിച്ചു. പ്രക്ഷോഭകാരികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിലും അഴിമതി തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ജനം തുടര്‍ച്ചയായി തെരുവിലിറങ്ങുന്നത്. കോവിഡ് നേരിടാന്‍ ഫലപ്രദമായ പാക്കേജ് പ്രഖ്യാപിക്കാന്‍ നെതന്യാഹു സര്‍ക്കാറിന് സാധിച്ചിരുന്നില്ല. അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന്റെ രാജിയും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു.
ജീവിത ചെലവ് ക്രമാധീതമായി വര്‍ധിച്ചതോടെയാണ് ജനം പരസ്യ പ്രതിഷേധം ആരംഭിച്ചത്. 2011-ല്‍ സര്‍ക്കാറിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം രാജ്യത്ത് നടക്കുന്ന വലിയ പ്രക്ഷോഭമാണ് ഇത്. അതേസമയം, ഇടതുപക്ഷ വിമര്‍ശകര്‍, അരാജകവാദികള്‍, ആരോഗ്യ ഭീകരവാദ പ്രവര്‍ത്തനം എന്നെല്ലാമാണ് പ്രതിഷേധ സമരക്കാരെ നെതന്യാഹു ഭരണകൂടം വിശേഷിപ്പിക്കുന്നത്. ആഗസ്ത് രണ്ടിന് നെതന്യാഹുവിന്റെ വസതിക്കു മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ 10,000-ത്തോളം പേരാണ് പങ്കെടുത്തത്. ക്രൈം മിനിസ്റ്റര്‍, ഗോ ഹോം എന്നീ പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രക്ഷോഭകാരികള്‍ നിലകൊണ്ടത്.