5 Friday
December 2025
2025 December 5
1447 Joumada II 14

ഇസ്‌ലാമിക പുരാവസ്തുക്കളുടെ ലേലം ഇസ്‌റാഈല്‍ മാറ്റിവെച്ചു

ഇസ്‌റാഈലിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന പഴക്കം ചെന്ന ഇസ്‌ലാമിക പുരാവസ്തുശേഖരങ്ങള്‍ ലേലം ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. പ്രതിഷേധം കനത്തതോടെ ലേലനടപടികളില്‍ നിന്നും ഇസ്‌റാഈല്‍ അധികൃതര്‍ പിന്മാറി.
വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരവതാനികള്‍, യുദ്ധോപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവയാണ് ലേലം ചെയ്യാന്‍ മ്യൂസിയം അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനമാണുയര്‍ന്നത്. ജറൂസലമിലെ മ്യൂസിയം ഫോര്‍ ഇസ്‌ലാമിക് ആര്‍ട്ട് ആണ് ലേലം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയത്. ബ്രിട്ടീഷ് ലേലശാലയിലേക്ക് 190 വസ്തുക്കളുടെ ലേലമാണ് തീരുമാനിച്ചിരുന്നത്. ഈ ആഴ്ച അറുപതിലധികം പുരാതന വാച്ചുകളും ടൈംപീസുകളുമെല്ലാം ലേലത്തില്‍ വെച്ചിരുന്നു. ഇത്തരം അപൂര്‍വ ഇനങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറാണ് വിലയായി കണക്കാക്കിയിരുന്നത്.
ഇസ്‌റാഈല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്റെ അഭ്യര്‍ഥനപ്രകാരം ലേലനടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇസ്‌റാഈല്‍ സാംസ്‌കാരിക മന്ത്രാലയമാണ് ഉത്തരവിട്ടതെന്ന് മ്യൂസിയം അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ശേഖരം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും നിയമപ്രകാരം വില്‍പ്പന അനുവദനീയമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Back to Top