ഇസ്‌റാഈലിന്റെ കുടിയേറ്റ തീരുമാനത്തെ അപലപിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍
അധിനിവേശ ഫലസ്തീന്‍ മേഖലയില്‍ ആയിരത്തിലധികം കുടിയേറ്റത്തിന് അനുമതി നല്‍കിയ ഇസ്‌റാഈല്‍ തീരുമാനത്തെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അപലപിച്ചു. മേഖലയിലെ സമാധാനം ഇല്ലാതാക്കുന്ന, വിപരീത ഫലം സൃഷ്ടിക്കുന്ന നടപടിയെന്നാണ് ഇസ്‌റാഈലിന്റെ തീരുമാനത്തെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വിശേഷിപ്പിച്ചത്. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള തീരുമാനം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും, ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍വവും ശാശ്വതവുമായ സമാധാനം കൊണ്ടുവരുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കൂടുതല്‍ പ്രതിബന്ധം സൃഷ്ടിക്കുന്നതുമാണെന്ന് ജര്‍മനി, ഫ്രാന്‍സ്, യു കെ, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇസ്‌റാഈല്‍ സര്‍ക്കാറുമായി ഞങ്ങള്‍ നേരിട്ട് വ്യക്തമാക്കിയതു പോലെ, ഈയൊരു നടപടി ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ച് വിശ്വാസ്യത പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കംവെക്കുന്നതാണ്. കുടിയേറ്റം ഉടന്‍ നിര്‍ത്തിവെക്കേണ്ടതാണ് പ്രസ്താവനയില്‍ പറയുന്നു. കുടിയേറ്റം വ്യാപിപ്പിക്കുന്നതിലെ എട്ടുമാസത്തെ അവധാനത അവസാനിപ്പിച്ച്, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 3000-ലധികം കുടിയേറ്റക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിന് കഴിഞ്ഞ ആഴ്ചയാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
