ആനകള്‍ മരിച്ചുവീഴുന്ന കാട്; ദുരൂഹതയുടെ ചുരുളഴിക്കാന്‍ ബോട്‌സ്വാന സര്‍ക്കാര്‍
ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ദുരൂഹ സാചര്യത്തില്‍ ചരിഞ്ഞത് 350-ലധികം ആനകള്‍. ഒക്‌വാംഗോ തുരുത്തിലാണ് ആനകളുടെ ശവശരീരങ്ങള്‍ കണ്ടെത്തിയത്. വേട്ടയാടിയതിന്റെയോ വിഷം നല്‍കിയതിന്റെയോ ലക്ഷണങ്ങള്‍ ആനകളുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആനകളുടെ കൊമ്പുകളും നഷ്ടപ്പെട്ടിട്ടില്ല. ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യമാണ് ബോട്‌സ്വാന. 1.30 ലക്ഷത്തോളം ആനകളാണ് വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയിലുള്ളത്. ഒക്‌വാംഗോ തുരുത്തില്‍ മാത്രമായി 15000-ത്തോളം ആനകളുണ്ട്. ആഫ്രിക്കയിലെ ആനകളുടെ ആകെ എണ്ണത്തില്‍ മൂന്നിലൊന്നും ഉള്ള രാജ്യം കൂടിയാണിത്. മറ്റ് വനജീവികളൊന്നും മരിക്കാതെ ആനകള്‍ മാത്രം ചെരിഞ്ഞത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വെള്ളത്തില്‍ നിന്നോ മണ്ണില്‍ നിന്നോ പകര്‍ന്ന അഞ്ജാത രോഗമാണെന്നാണ് പ്രാഥമിക നിഗമനം. പൊതുവേ ആനകള്‍ കൂട്ടമായി മരിക്കുന്ന സാഹചര്യമുണ്ടാകുന്നത് വരള്‍ച്ചയുടെ സമയത്താണ്. എന്നാല്‍, ബോട്‌സ്വാനയില്‍ ചരിഞ്ഞ ആനകളുടെയും ശവശരീരങ്ങള്‍ കണ്ടെത്തിയത് ജലാശയങ്ങള്‍ക്ക് സമീപത്തും. മുഖമടിച്ച് വീണ നിലയിലാണ് പല ആനകളെയും കാണപ്പെട്ടത് അതിനാല്‍ നാഡീ സംബന്ധമായ രോഗമാണോ മരണകാരണമെന്ന സംശയമുണ്ട്. പകര്‍ച്ചവ്യാധിയാണോ മനുഷ്യരിലേക്ക് പകരുമോ എന്നതടക്കമുള്ള സംശയവും അധികൃതര്‍ക്കുണ്ട്. മരണകാരണമറിയാന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ് ബോട്‌സ്വാനയിലെ സര്‍ക്കാര്‍