യൂറോപ്പിന് മാസ്കൊരുക്കി ഗസ്സ
സമാനതകളില്ലാത്ത ഇസ്റാഈല്‍ ഉപരോധത്തില്‍ ഞെരുങ്ങുമ്പോഴും ലോകത്തിന് കോവിഡ് പ്രതിരോധ കവചം ഒരുക്കുന്ന തിരക്കിലാണ് ഗസ്സ. കൊറോണ വ്യാപനം തടയാന്‍ ദശലക്ഷക്കണക്കിന് മാസ്കുകളാണ് ഈ കൊച്ചു നഗരം നിര്‍മിച്ച് വിവിധ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നത്.
ആവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ അനുവദിക്കുന്ന കാലത്തോളം നിര്‍മാണം തുടരുമെന്ന് തയ്യല്‍ശാല ഉടമകള്‍ പറയുന്നു. തന്‍റെ സ്ഥാപനത്തില്‍ 40 തൊഴിലാളികള്‍ ഇടതടവില്ലാതെ ജോലിയിലാണെന്ന് ഹസ്കോ തയ്യല്‍ശാല നടത്തിപ്പുകാരില്‍ ഒരാളായ അബ്ദുല്ല ശഹാദെ പറഞ്ഞതായി മിഡിലീസ്റ്റ് മോണിറ്റര്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 14 വര്‍ഷമായി തുടരുന്ന ഇസ്റാഈലി ഉപരോധവും കോവിഡും തീര്‍ത്ത പ്രതിസന്ധിക്കിടയിലും ഗസ്സയില്‍ പലയിടത്തായി മാസ്ക് നിര്‍മാണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധം തുടങ്ങിയതു മുതല്‍ പതിറ്റാണ്ടിലേറെയായി ‘യൂനിപാല്‍’ വസ്ത്ര നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. എന്നാല്‍, കോവിഡ് തുടങ്ങിയതോടെ സ്ഥിതിമാറി. വസ്ത്ര നിര്‍മാണത്തില്‍ നിന്ന് മാസ്ക്, ഹോസ്പിറ്റല്‍ ഗൗണ്‍ നിര്‍മാണത്തിലേക്ക് തങ്ങള്‍ ചുവടുവെച്ചതായി ഫാക്ടറി ഉടമ ബശീര്‍ അല്‍ ബവാബ് അല്‍ജസീറയോട് പറഞ്ഞു. ദിനേന നാനൂറോളം പേരാണ് ഇവിടെ മെഡിക്കല്‍ മാസ്കുകളും ശസ്ത്രക്രിയ ഗൗണുകളും നിര്‍മിക്കുന്നത്. പ്രാദേശിക, അന്തര്‍ദേശീയ വിപണികളിലാണ് ‘മെയ്ഡ് ഇന്‍ ഗസ്സ’ മാസ്കുകള്‍ വിറ്റഴിക്കുന്നത്. കോവിഡ് വ്യാപകമായ യൂറോപ്പാണ് പ്രധാന ഉപഭോക്താക്കള്‍. മാസ്കില്ലാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. മനുഷ്യജീവിതം എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കും ഉപരിയാണെന്നും ഇവര്‍ വ്യക്തമാക്കി.