3 Thursday
July 2025
2025 July 3
1447 Mouharrem 7

യു എ ഇയില്‍ നിന്ന് വിദേശികളുമായി വിമാനങ്ങള്‍ പറക്കുന്നു

യു എ ഇയിലെ വിമാനത്താവളങ്ങളില്‍ രാജ്യാന്തര സര്‍വിസുകള്‍ വിലക്കിയെങ്കിലും വിദേശികളെ അവരുടെ മണ്ണില്‍ എത്തിക്കുന്നതിനായി പ്രത്യേക വിമാനങ്ങള്‍ പറക്കുന്നു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന മുറവിളിയോട് ഇന്ത്യന്‍ സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കുമ്പോള്‍ യു എ ഇയില്‍ നിന്ന് ഇത്തിഹാദും എമിറേറ്റ്സും ഫ്ളൈ ദുബൈയുമാണ് മറ്റു രാജ്യക്കാരുമായി പറക്കുന്നത്. ഒരാഴ്ചക്കിടെ ഇരുപതോളം രാജ്യങ്ങളിലുള്ളവരെയാണ് അവരുടെ നാടുകളില്‍ എത്തിച്ചത്. ഇന്ത്യയിലേക്കും സര്‍വിസ് നടത്താന്‍ ഒരുക്കമാണെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു. തീയതിയും സര്‍വിസുകളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ സര്‍വിസുകള്‍ റദ്ദാക്കി. ഏപ്രില്‍ അഞ്ചിനാണ് ഇത്തിഹാദ് സര്‍വിസ് തുടങ്ങിയത്. ജകാര്‍ത്ത, മനില, മെല്‍ബണ്‍, സോള്‍, സിംഗപ്പൂര്‍, ടോക്യോ, ആംസ്റ്റര്‍ഡാം, ബ്രസല്‍സ്, ഡബ്ലിന്‍, ലണ്ടന്‍, സൂറിച് എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദിന്‍റെ സര്‍വിസ്. ഈ മാസം 21 വരെയാണ് നിലവില്‍ സര്‍വിസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍നിന്ന് എമിറേറ്റ്സും സര്‍വിസ് തുടങ്ങിയിട്ടുണ്ട്. കാബൂള്‍, ജകാര്‍ത്ത, മനില, തായ്പേയ്, ഷികാഗോ, തുനീഷ്യ, അല്‍ജീരിയ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് എമിറേറ്റ്സ് സര്‍വിസ് നടത്തുന്നത്. മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ എട്ടു വരെ 2800 യാത്രക്കാരെയാണ് ഫ്ളൈ ദുബൈ യു എ ഇയില്‍നിന്ന് വിദേശത്തെത്തിച്ചത്

Back to Top