വിദ്വേഷ പ്രചാരണം സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കടുത്ത രോഷം
കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം സൗന്ദര്യവര്‍ധക, വാണിജ്യ, വ്യവസായ, സമൂഹ മാധ്യമ മേഖലകളെയും പിടിച്ചുകുലുക്കുന്നു. ഫെയര്‍ ആന്‍ഡ് ലവ്‌ലി അടക്കം പല സ്ഥാപനങ്ങളും പേര് മാറ്റി വിപണിയില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധം ശക്തമായി. വിദ്വേഷ പ്രചാരണം തടയാന്‍ ഫേസ്ബുക്ക് അടക്കം സമൂഹ മാധ്യമങ്ങള്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതോടെ പല കമ്പനികളും സമൂഹ മാധ്യമങ്ങളിലെ പരസ്യം പിന്‍വലിച്ചു. ‘ലാഭത്തിനായുള്ള വിദ്വേഷം അവസാനിപ്പിക്കുക’ എന്ന ഹാഷ്ടാഗിലാണ് പ്രക്ഷോഭം.
ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഫേസ്ബുക്കിനെയാണ്. ഫേസ്ബുക്കിന്റെ ഓഹരി 8.3 ശതമാനം ഇടിയുകയും 52 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുകയും ചെയ്തു. ഫേസ്ബുക്ക് സ്ഥാപകന്‍ സുകര്‍ബര്‍ഗിന്റെ സ്വകാര്യ സ്വത്തില്‍ മാത്രം 7.2 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. അതിനിടെ, ശീതള പാനീയ മേഖലയിലെ വമ്പന്മാരായ കൊക്കകോള ആഗോള തലത്തില്‍ 30 ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിവെച്ചു. അതേസമയം, ആളുകളുടെ വംശം, വര്‍ഗം, ജന്മ ദേശം, മതപരമായ ആഭിമുഖ്യം, ജാതി, ലിംഗ വ്യക്തിത്വം, കുടിയേറ്റം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പരസ്യങ്ങള്‍ നിരോധിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. വിദ്വേഷ പ്രചാരണവും തെറ്റായ വിവരങ്ങളുടെ കൈമാറലും തടയുന്നതിന് ഫേസ്ബുക്ക് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കാണിച്ചാണ് ‘ലാഭത്തിനായുള്ള വിദ്വേഷം അവസാനിപ്പിക്കുക’ കാമ്പയിന്‍ നടക്കുന്നത്. കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് ഇതിനകം 90-ലധികം കമ്പനികളാണ് സമൂഹ മാധ്യമങ്ങളിലെ പരസ്യം നിര്‍ത്തിയത്.
അതേസമയം, കാമ്പയിനുള്ള പിന്തുണയുടെ ഭാഗമായല്ല സമൂഹ മാധ്യമങ്ങളിലെ പരസ്യം മരവിപ്പിച്ചതെന്ന് കൊക്കകോള സി എന്‍ ബി സിയോട് വ്യക്തമാക്കി. ആവശ്യമായത്ര മാറ്റങ്ങള്‍ വരുത്താന്‍ ഫേസ്ബുക്ക് തയാറാകുന്നില്ലെന്ന് കാണിച്ചാണ് വസ്ത്ര നിര്‍മാതാക്കളായ ലെവി സ്‌ട്രോസ് ആന്‍ഡ് കമ്പനി പരസ്യം മരവിപ്പിച്ചത്. തെറ്റായ വിവരങ്ങളുടെയും വിദ്വേഷത്തിന്റെയും പ്രചാരണം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ലെവി സ്‌ട്രോസ് സി എം ഒ ജെന്‍ സേ പറഞ്ഞു.
