5 Friday
December 2025
2025 December 5
1447 Joumada II 14

അന്താരാഷ്ട്ര സമ്മര്‍ദ്ദം: മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയച്ച് ഈജിപ്ത്

ഈജിപ്ത് ഭരണകൂടം അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് വിട്ടയച്ചു. Egyptian Initiative for Personal Rigth (EIPR) എന്ന സംഘടനയിലെ മൂന്ന് പേരെയാണ് നവംബര്‍ 3ന് അറസ്റ്റ് ചെയ്തത്. തോറ ജയിലില്‍ അടച്ച ഇവരെ വ്യാഴാഴ്ച വിട്ടയച്ചുവെന്ന് സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു. നിയുക്ത യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്തു വരികയും വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇവരുടെ അറസ്റ്റ്. പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയുടെ സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകളും സ്വതന്ത്ര സംഘടനകളെ നിശബ്ദമാക്കുന്നതില്‍ രാജ്യത്ത് വര്‍ഷങ്ങളായി നടന്ന അറസ്റ്റുകളും മറ്റ് തരത്തിലുള്ള ഭീഷണികളും എത്രത്തോളം മുന്നോട്ടുപോയി എന്നാണ് ഈ അറസ്റ്റുകള്‍ അടിവരയിടുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുമായി ആഴത്തില്‍ സാമ്പത്തിക ബന്ധമുള്ള യു എസ് സഖ്യകക്ഷിയായ അല്‍സീസിയുടെ സര്‍ക്കാര്‍ പശ്ചിമേഷ്യയിലെ ആധുനികചരിത്രം മുന്നോട്ടു വെക്കുന്നവര്‍ക്കെതിരെ കനത്ത ആക്രമണവും അടിച്ചമര്‍ത്തലുകളുമാണ് നടത്തുന്നത്. രാജ്യത്തെ ഇസ്‌ലാമിക രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, ജനാധിപത്യ അനുകൂല പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും ഓണ്‍ലൈന്‍ വിമര്‍ശകരെയും ഭരണകൂടം ലക്ഷ്യം വയ്ക്കുന്നുണ്ട്

Back to Top