5 Friday
December 2025
2025 December 5
1447 Joumada II 14

കോവിഡ് ബാധിതനെ മണത്ത് കണ്ടു പിടിക്കാന്‍ നായകള്‍; ഗവേഷണവുമായി ബ്രിട്ടന്‍

ഒരാള്‍ക്ക് കോവിഡ് ബാധയുണ്ടോയെന്ന് നായകള്‍ക്ക് മണത്ത് കണ്ടുപിടിക്കാന്‍ കഴിയുമോയെന്ന ഗവേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ബ്രിട്ടന്‍. ക്വാറന്റീന്‍ ലംഘിക്കുന്ന രോഗികളെയും സമ്പര്‍ക്ക പട്ടികയില്‍ ഇടംപിടിക്കാത്ത രോഗികളെയുമൊക്കെ വേഗത്തില്‍ തിരിച്ചറിയാന്‍ നായകളെ ഉപയോഗിക്കാന്‍ കഴിയുമോയെന്ന പരീക്ഷണത്തിലാണ് ബ്രിട്ടീഷ് ഗവേഷകര്‍. ഇതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ അഞ്ച് ലക്ഷം പൗണ്ട് (ഏകദേശം നാലര കോടി രൂപ) ആണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ദറം സര്‍വകലാശാല, ബ്രിട്ടിഷ് ചാരിറ്റി സംഘടനയായ മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്നിവ സംയുക്തമായാണ് പഠനം നടത്തുന്നത്.
ബയോ ഡിറ്റക്ഷന്‍ നായകള്‍ ചില തരത്തിലുള്ള കാന്‍സര്‍ രോഗികളെ ഗന്ധത്തിലൂടെ തിരിച്ചറിയുന്നുണ്ട്. ഇതേ രീതി തന്നെ പരീക്ഷിച്ചു നോക്കുകയാണ് ലക്ഷ്യമെന്ന് ഇന്നവേഷന്‍ മന്ത്രിയായ ജയിംസ് ബെത്തെല്‍ പറഞ്ഞു. ലാബ്രഡോര്‍, കൊക്കര്‍ സ്പാനിയല്‍സ് എന്നീ വിഭാഗങ്ങളില്‍പെട്ട ആറ് നായകളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ലണ്ടനിലെ ആശുപത്രികളില്‍നിന്ന് കോവിഡ് രോഗികളുടെ ഗന്ധത്തിന്റെ സാമ്പിളുകള്‍ ഇവക്കു നല്‍കും. തുടര്‍ന്ന് ആള്‍കൂട്ടത്തിനിടയില്‍ നിന്നും അത്തരം ഗന്ധമുള്ള ആളുകളെ തിരിച്ചറിയാനുള്ള പരിശീലനമാണു നല്‍കുന്നത്. ചിലതരം കാന്‍സറുകള്‍, പാര്‍ക്കിന്‍സണ്‍, മലേറിയ തുടങ്ങിയവ ബാധിച്ച ആളുകളെ കണ്ടെത്താന്‍ നായകള്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് അധികൃതര്‍ പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ ഒരു നായക്ക് മണിക്കൂറില്‍ 250 പേരെ വരെ പരിശോധിക്കാന്‍ കഴിയും. പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും മറ്റും ഈ രീതി ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. അമേരിക്കയിലും ഫ്രാന്‍സിലും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്ക, നെതര്‍ലന്‍ഡ്‌സ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ ചില നായകള്‍ക്ക് ഉടമകളില്‍ നിന്നു കോവിഡ് രോഗം പടര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Back to Top