3 Thursday
July 2025
2025 July 3
1447 Mouharrem 7

കോവിഡ് മുന്‍കരുതല്‍ ലംഘിച്ചയാളെ വെടിവച്ചുകൊന്നു

ഒരു മാസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫിലിപ്പീന്‍സില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യോഗസ്ഥനെ മൂര്‍ച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത 63 വയസ്സുകാരനെ വെടിവച്ചുകൊന്നു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒരാളെ വെടിവച്ചു കൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡിഗ്രോ ഡ്യൂറ്റേര്‍ട്ടെ പൊലീസിനും പട്ടാളത്തിനും അനുവാദം നല്‍കിയിരുന്നു. ഫിലിപ്പീന്‍സില്‍ 3,414 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 152 പേര്‍ ഇത് വരെ മരിച്ചു. പുതിയതായി നൂറു കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച കോവിഡ് മുന്‍കരുതല്‍ തെറ്റിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന റോഡിഗ്രോ ഡ്യൂറ്റേര്‍ട്ടെയുടെ പ്രസ്താവന പുറത്തു വന്നതോടെ വന്‍പ്രതിഷേധമാണ് രാജ്യാന്തര തലത്തില്‍ ഉയര്‍ന്നത്. ഇതിനു പിന്നാലെ ഡ്യൂറ്റേര്‍ട്ടെ സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും ആരെയും വെടിവച്ചു കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു ദേശീയ പൊലീസ് മേധാവി പറഞ്ഞിരുന്നു.

Back to Top