3 Thursday
July 2025
2025 July 3
1447 Mouharrem 7

കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ചൈന ഒരുങ്ങുന്നു

കോവിഡ്-19 വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനാണ് നീക്കമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബീജീങ് ആസ്ഥാനമായ നാസ്ഡാക്ക് പട്ടികയിലുള്ള സിനോവാക് ബയോടെക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്‍റെ കീഴിലുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റും വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് മനുഷ്യരില്‍ പരീക്ഷിക്കുന്നത്. മാര്‍ച്ചില്‍ സൈനിക പിന്തുണയുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സും ഒ എച്ച് കെ പട്ടികയിലുള്ള ബയോടെക് കമ്പനിയായ കാന്‍സിനോ ബയോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന്‍ പരീക്ഷണത്തിന് ചൈന പച്ചക്കൊടി കാട്ടിയിരുന്നു. അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ മോഡേണ നേരത്തെ യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് മനുഷ്യരില്‍ വാക്സിന്‍ പരിശോധനകള്‍ ആരംഭിച്ചതായി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഒരു വാക്സിന്‍ പരീക്ഷണം വിജയത്തിലെത്താന്‍ രണ്ടു വര്‍ഷം വരെ എടുക്കും. അതുവരെ മാസ്കുകള്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ചൈനീസ് അക്കാദമി ഓഫ് എന്‍ജിനീയറിങിലെ അധ്യാപകനും ടിയാന്‍ജിന്‍ യൂണിവേഴ്സിറ്റി ഓഫ് ട്രെഡീഷണല്‍ ചൈനീസ് മെഡിസിന്‍ പ്രസിഡന്‍റുമായ ഴാങ് ബോളി ചൂണ്ടിക്കാട്ടുന്നു.

Back to Top