9 Saturday
August 2025
2025 August 9
1447 Safar 14

ആശ്വസിക്കാന്‍ സമയം നല്‍കാതെ ചൈനയില്‍ പുതിയ വൈറസ്

കോവിഡിനെ പിടിച്ചുകെട്ടിയ ചൈനക്ക് ആശ്വസിക്കാന്‍ വകനല്‍കാതെ മറ്റൊരു പകര്‍ച്ചവ്യാധി കൂടി. 60 പേരില്‍ പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ചെള്ളുകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരുതരം വൈറസാണ് പുതിയ രോഗകാരി. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പ് നല്‍കി.
കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പുതിയ വൈറസ് ബാധയുടെ 37 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട്, അന്‍ഹുയി പ്രവിശ്യയില്‍ 23 പേരില്‍ കൂടി രോഗബാധ കണ്ടെത്തിയതായും സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടിടങ്ങളിലുമായാണ് കുറഞ്ഞത് ഏഴ് പേര്‍ മരിച്ചത്. എസ് എഫ് ടി എസ് വൈറസായ (Severe fever with thrombocytopeniasyndrome virus) പുതിയ രോഗകാരി ബന്യവൈറസ് വിഭാഗത്തില്‍ പെട്ടതാണ്. പുതിയ വൈറസ് അല്ലെന്നും രോഗകാരിയെ 2011-ല്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചൈനീസ് അധികൃതര്‍ പറയുന്നു. ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. വൈറസ് ബാധിച്ച ഇവര്‍ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. പരിശോധനയില്‍ ഇവരില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി.
ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തയായി ആശുപത്രി വിട്ടു. എന്നാല്‍ ഇതിനോടകം അമ്പതിലേറെ പേരില്‍ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ചെള്ളുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നതാവാമെന്നാണ് വിദഗ്ധരുടെ നിഗമനം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും കഴിഞ്ഞേക്കും. രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയില്‍നിന്ന് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നിടത്തോളം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Back to Top