5 Friday
December 2025
2025 December 5
1447 Joumada II 14

ചൈനയില്‍ ആയിരത്തിലധികം പേര്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന രോഗം

ചൈനയുടെ ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് ആയിരത്തിലധികം പേര്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം ബാധിച്ചതായി വിവരം. വടക്കുപടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. സര്‍ക്കാര്‍ അധീനതയിലുള്ള ബയോ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ മൃഗങ്ങള്‍ക്ക് വേണ്ടി വാക്‌സിന്‍ നിര്‍മിക്കുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. പ്ലാന്റില്‍ കാലാവധി കഴിഞ്ഞ അണുനാശിനികള്‍ ബ്രൂസല്ല വാക്‌സിന്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റില്‍ ലാന്‍ഷോ ആരോഗ്യ അധികൃതര്‍ കണ്ടെത്തിയിരുന്നു. ബ്രൂസല്ല ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണ് ബ്രൂസല്ലോസിസ്. ലാന്‍ഷോ നഗരത്തില്‍ ഇതുവരെ 3,245 പേര്‍ക്കാണ് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ 200-ഓളം പേര്‍ക്ക് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. ലാന്‍ഷോ സര്‍വകലാശാലയിലെ 20-ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നതായി ഷിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാധാരണയായി മൃഗങ്ങളില്‍ നിന്നാണ് ബ്രൂസല്ലോസിസ് പകരുക. ആട്, പന്നി, കന്നുകാലികള്‍ തുടങ്ങിയവ രോഗവാഹകരാകാം. രോഗബാധിതര്‍ക്ക് പനി, സന്ധിവേദന, തലവേദന തുടങ്ങിയവയുണ്ടാകും. വാക്‌സിന്‍ ചോര്‍ച്ചക്ക് ശേഷം നടത്തിയ പരിശോധനയില്‍ 1,401 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വിരളമായി മാത്രമേ ബ്രൂസല്ലോസിസ് പകരൂവെന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ബാക്ടീരിയ അടങ്ങിയ വായു ശ്വസിക്കുന്നതിലൂടെയുമാണ് രോഗം ബാധിക്കുകയെന്നും പറയുന്നു. വാക്‌സിന്‍ ചോര്‍ച്ചയെ തുടര്‍ന്ന് ബയോ ഫാര്‍മ നേരത്തേ മാപ്പ് ചോദിച്ചിരുന്നു. ലാന്‍ഷോ കമ്പനിയുടെ ബ്രൂസല്ലോസിസ് വാക്‌സിന്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

Back to Top