ചെങ്‌ദു കോണ്‍സുലേറ്റ് അടപ്പിച്ച് ചൈന
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്‌ക്കാനുള്ള യു എസ് നടപടിക്കു തിരിച്ചടിയായി ചെങ്‌ദുവിലെ യു എസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ചൈന ആവശ്യപ്പെട്ടു. ഈ മാസം 21-നാണ് ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോഷണവും ആരോപിച്ച് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യു എസ് ആവശ്യപ്പെട്ടത്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളില്‍ വഷളായ യു എസ്- ചൈന ബന്ധം ഇതോടെ കൂടുതല്‍ മോശമായി. ടിബറ്റ് ഉള്‍പ്പെടെ ഒട്ടേറെ പ്രദേശങ്ങള്‍ സിച്ചുവാന്‍ പ്രവിശ്യയിലെ ചെങ്‌ദുവിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ പ്രവര്‍ത്തനപരിധിയിലാണ്. 2012 ല്‍ ചോങ്ക്വിങ് പൊലീസ് മേധാവി വാങ് ലിയുന്‍ കൂറുമാറി അഭയം തേടിയത് ഇവിടെയാണ്.