അര്‍മേനിയ-അസര്‍ബൈജാന്‍ സംഘര്‍ഷം വെടിനിര്‍ത്തലിന് ധാരണ
ആഴ്ചകളായി തുടരുന്ന അസര്‍ബൈജാന്‍- അര്‍മേനിയ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് ഇരു വിഭാഗവും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതായി അറിയിച്ചത്. അസര്‍ബൈജാനും അര്‍മേനിയക്കും ഇടയിലുള്ള തര്‍ക്ക പ്രദേശമായ നഗോര്‍ണോകരാബാക് മേഖലയെചൊല്ലിയാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ രണ്ടാഴ്ചയിലേറെയായി ഏറ്റുമുട്ടല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. 10 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കു ശേഷം ശനിയാഴ്ച പുലര്‍ച്ചെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വെടിനിര്‍ത്തലിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. മാനുഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെഡ്‌ക്രോസ് ആണ് ചര്‍ച്ചയില്‍ മധ്യസ്ഥം വഹിച്ചതെന്നും റഷ്യ അറിയിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സപ്തംബര്‍ 27-ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍ നിന്നുമായി മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2016-നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സൈനിക അംഗങ്ങളാണ്. അതേസമയം, മധ്യസ്ഥ ചര്‍ച്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യ തയാറായിട്ടില്ല. അര്‍മേനിയന്‍ വിദേശകാര്യ മന്ത്രിയും അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രിയും ചര്‍ച്ചയെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
