അമേരിക്കയും യൂറോപ്പും അകലുന്നു
അത്‌ലാന്റിക് മഹാസമുദ്രത്തിന്റെ ഇരുകരകളിലുമായുള്ള യൂറോപ്പും അമേരിക്കയും തമ്മില്‍ ഏഴു പതിറ്റാണ്ട് നീണ്ട സൗഹൃദത്തില്‍ വിള്ളല്‍ വീഴുന്നതായി സൂചന. മൂന്നര വര്‍ഷം മുമ്പ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മുതല്‍ 27 രാജ്യങ്ങളുള്‍ക്കൊള്ളുന്ന യൂറോപ്യന്‍ യൂനിയനുമായി നല്ല ബന്ധമായിരുന്നില്ല. സൈനിക സാമ്പത്തിക നയതന്ത്ര വിഷയങ്ങളിലെ സഹകരണം കുറയുകയും ചെയ്തിരുന്നു. കോവിഡ് മഹാമാരി ഈ അകല്‍ച്ച വര്‍ധിപ്പിക്കുന്നതായാണ് സൂചന. യൂറോപ്പിലേക്ക് യാത്ര അനുവദിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് അമേരിക്കയെ ഒഴിവാക്കിയതിനൊപ്പം കോവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയെ ‘സുരക്ഷിത രാജ്യ’ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ച് യാത്ര അനുവദിച്ചു. ഇത് ട്രംപിനെ ഉള്‍പ്പെടെ ഞെട്ടിച്ചു.
അമേരിക്കന്‍ നിയന്ത്രണത്തില്‍ നിന്ന് മാറി സ്വതന്ത്രമായി നില്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് യൂറോപ്യന്‍ യൂനിയന്‍ തീരുമാനം കൈക്കൊണ്ടതെന്ന് പേര് വെളിപ്പെടുത്താതെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ലോകക്രമത്തില്‍ എല്ലാവരോടും തുറന്ന നിലപാട് സ്വീകരിക്കുകയാണ് ലക്ഷ്യം. അതേസമയം, അമേരിക്കയെ ഒഴിവാക്കിയതും ചൈനയെ ഉള്‍പ്പെടുത്തിയതും പൂര്‍ണമായും ആരോഗ്യസുരക്ഷ നടപടിയുടെ ഭാഗം മാത്രമാണെന്നും രാഷ്ട്രീയം ഘടകമായിട്ടില്ലെന്നുമാണ് യൂറോപ്യന്‍ യൂനിയന്‍ നിലപാട്. അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ചൈനയെ സുരക്ഷിതരാജ്യ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര പ്രതിനിധികളില്‍ ഒരാള്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം നിരവധി പ്രാവശ്യം ട്രംപ്, യൂറോപ്യന്‍ യൂനിയനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു.