ആഫ്രിക്ക പോളിയോമുക്തമാകുന്നു
പതിറ്റാണ്ടുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം പോളിയോ മുക്തമാകുന്നു. നാലു വര്‍ഷത്തിന് മുമ്പ് വടക്കന്‍ നൈജീരിയയില്‍ രേഖപ്പെടുത്തിയ പോളിയോ കേസുകള്‍ക്ക് ശേഷം ഇതുവരെ ആഫ്രിക്കയില്‍ പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഫ്രിക്ക റീജിയണല്‍ സര്‍ട്ടിഫിക്കേഷന്‍ കമ്മീഷന്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷാഘാതത്തിനും ചിലരില്‍ മരണത്തിനും വരെ കാരണമായേക്കാവുന്ന വൈറസ് ബാധ ഭൂഖണ്ഡത്തില്‍ നിന്നും ഇല്ലാതായി എന്നത് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. ആഫ്രിക്കയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവന്ന പോളിയോ നിര്‍മാര്‍ജന കാമ്പയിനുകളുടെ ഭാഗമായി ബൊര്‍നോ സ്‌റ്റേറ്റിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി നിരീക്ഷിക്കുകയും നൈജീരിയയിലെ കലാപകാരികളില്‍ വരെ പോളിയോ നിര്‍മാര്‍ജനമെന്നത് എത്തുകയും ചെയ്തതോടെയാണ് ഭൂഖണ്ഡം പോളിയോ മുക്തമായത്. 47 ആഫ്രിക്കന്‍ രാജ്യങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളുടെ സമഗ്രമായ വിലയിരുത്തലിനെ തുടര്‍ന്നാണ് പോളിയോ മുക്ത ഭൂഖണ്ഡമെന്ന പ്രഖ്യാപനമെന്ന് ലോകാരോഗ്യ സംഘടന രൂപീകരിച്ച സ്വതന്ത്ര സംഘടനയായ എ ആര്‍ സി സി ചെയര്‍ ഡോ. റോസ് ലെകെ അറിയിച്ചു. 1996-ല്‍ ആഫ്രിക്കയില്‍ 75,000 കുട്ടികള്‍ക്കാണ് പോളിയോ ബാധിച്ചത്. ആഗോള പോളിയോ നിര്‍മാര്‍ജന സംരംഭത്തില്‍ ഏകോപന ചുമതല വഹിച്ചത് ലോകാരോഗ്യ സംഘടനയാണ്. ദേശീയ സര്‍ക്കാരുകളുടെയും പ്രാദേശിക ഭരണകൂടുങ്ങളുടെയും കൂട്ടായ്മ, യൂണിസെഫ്, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, റോട്ടറി ഇന്റര്‍നാഷണല്‍, യു എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവര്‍ക്കൊപ്പം ഭൂഖണ്ഡത്തിലുടനീളമുള്ള ദശലക്ഷക്കണക്കിന് കമ്മ്യൂണിറ്റി വോളന്റിയര്‍ പോളിയോ നിര്‍മാര്‍ജ്ജനത്തിന് മുന്നിട്ടിറങ്ങി. ആഫ്രിക്ക പോളിയോ മുക്തമായി എന്നത് വളരെ പ്രധാനപ്പെട്ടതും മഹത്തരവുമായ കാര്യമായാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന ആഫ്രിക്കന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. മാത്ഷിദിസോ മൊയിതി പറഞ്ഞു.