കര്‍ഫ്യു ലംഘിച്ച് പ്രക്ഷോഭകര്‍ പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേക്ക്
മിനിയപൊളിസില്‍ പൊലീസ് അതിക്രമത്തില്‍ കറുത്തവംശജനായ ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേക്ക്. പൊലീസ് അതിക്രമം നടന്ന മിനിയപൊളിസിലും ഇരട്ട നഗരമായ സെന്റ്‌പോളിലും അധികൃതര്‍ പ്രഖ്യാപിച്ച കര്‍ഫ്യു ലംഘിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിയാതായതോടെ നാഷനല്‍ ഗാര്‍ഡ് സേന രംഗത്തെത്തിയിട്ടുണ്ട്. ഇതിനുപുറമെ മിലിട്ടറി പൊലീസിനെ മിനിയപൊളിസില്‍ വിന്യസിക്കാനുള്ള നീക്കത്തിലാണ് പെന്റഗണ്‍. പ്രതിഷേധത്തെ തുടര്‍ന്ന് വൈറ്റ്ഹൗസ് താല്‍ക്കാലിക ലോക്ഡൗണിലായി. ഫ്‌ലോയ്ഡിന്റെ ചിത്രവുമായി പ്രക്ഷോഭകര്‍ തടിച്ചുകൂടിയതോടെ യു എസ് രഹസ്യാന്വേഷണ ഏജന്‍സി വൈറ്റ്ഹൗസിന്റെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങള്‍ അടച്ചു.
മിനിയപൊളിസില്‍നിന്ന് വിവിധ നഗരങ്ങളിലേക്ക് പടര്‍ന്ന പ്രക്ഷോഭം രൂക്ഷമായതോടെ പലയിടത്തും അടിയന്തരാവസ്ഥ. അറ്റ്‌ലാന്റയുടെ വിവിധ ഭാഗങ്ങള്‍, പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗോണ്‍ നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി. ഡാളസ്, ഫീനിക്‌സ്, ഇന്‍ഡ്യനപോളിസ്, ഡെന്‍വര്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലോസ് ആഞ്ചലസ്, ഓക്‌ലന്‍ഡ് എന്നിവിടങ്ങളില്‍ പ്രക്ഷോഭകര്‍ റോഡ് ഉപരോധിച്ചു.
വന്‍തോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിന്റെ വംശീയാതിക്രമങ്ങളെ പിന്തുണക്കുന്ന നിലപാട് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തി. ഫ്‌ലോയ്ഡിന്റെ കൊലപാതകത്തെ ആവര്‍ത്തിച്ച് അപലപിച്ച ട്രംപ്, കുടുംബത്തെ നേരില്‍ വിളിക്കുകയും ചെയ്തു. പൊലീസിന്റെ വംശീയാതിക്രമങ്ങളെ പിന്തുണക്കുന്ന ട്രംപിന്റെ ട്വീറ്റ്, അക്രമങ്ങളെ വാഴ്ത്തുന്നതാണെന്ന് ട്വിറ്റര്‍ ആരോപിച്ചിരുന്നു.