കോവിഡിന്റെ ഉറവിടം തേടി ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാന്‍ ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ചൈന വൈകിയെന്ന ആഗോള ആശങ്കകള്‍ക്കിടെ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരിക്ക് കാരണക്കാരനായ സാര്‍ക് കോവ്-2 എന്ന വൈറസിന്റെ ഉറവിടം കണ്ടെത്തലാണ് ലക്ഷ്യം. സംഘം അടുത്ത ആഴ്ച ചൈനയിലെത്തും. വുഹാനിലെ വൈറോളജി ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം.
”വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെയേറെ പ്രധാനമാണ്. ഇത് ശാസ്ത്രമാണ്, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. വൈറസിന്റെ ആവിര്‍ഭാവം ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് പൂര്‍ണമായി മനസിലാക്കിയാല്‍ അതിനെതിരെ വളരെ ശക്തമായി നമുക്ക് പോരാടാന്‍ കഴിയും” -ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം പറഞ്ഞു.
”ഞങ്ങള്‍ അടുത്ത ആഴ്ച ചൈനയിലേക്ക് ഒരു സംഘത്തെ അയക്കുന്നുണ്ട്. അത് വൈറസ് വ്യാപനത്തിന് എങ്ങനെ തുടക്കമായി എന്നും ഭാവിയില്‍ നമുക്ക് എന്തു ചെയ്യാനാകുമെന്നതിനെ കുറിച്ചും മനസിലാക്കുന്നതിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയുടെ ചൈനയിലെ ഓഫീസ്, വുഹാന്‍ മുന്‍സിപ്പില്‍ ഹെല്‍ത് കമീഷനില്‍ നിന്നും’വൈറല്‍ ന്യൂമോണിയ’ കേസുകളുമായി ബന്ധപ്പെട്ടുള്ള സ്‌റ്റേറ്റ്‌മെന്റ് എടുത്തതിന് ശേഷം ആറ് മാസത്തോളം സംഘം രാജ്യത്ത് തങ്ങും. ലോകത്താകമാനമായി അഞ്ച് ലക്ഷത്തോളം പേരുടെ മരണത്തിന് കാരണക്കാരനായ വൈറസിന്റെ ഉറവിടം ലോകാരോഗ്യ സംഘടനക്ക് കണ്ടെത്താനാവുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇപ്പോഴും വൈറസ് മൂലമുള്ള കെടുതികള്‍ തുടരുകയാണ്.