2021ല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ വ്യാപകമായതായി യു എസ് റിപ്പോര്‍ട്ട്

2021ല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വലിയ തോതില്‍ അതിക്രമങ്ങള്‍ നടന്നതായി യു എസിന്റെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമ്മേളനത്തില്‍ യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണിത് ചൂണ്ടിക്കാണിക്കുന്നത്. യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ആഗോള തലത്തില്‍ മതസ്വാതന്ത്ര്യ സാഹചര്യവും ലംഘനവും എങ്ങനെയെന്ന് വ്യക്തമാക്കുന്ന യു എസിന്റെ നിരീക്ഷണമാണിത്. ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേക അധ്യായങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വ്യാപകമാണ്. കൊലപാതകം, അക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നിവയെല്ലാം അതില്‍പ്പെടുന്നു. ഗോവധത്തിന്റെയും ബീഫ് വ്യാപാരത്തിന്റെയും പേരില്‍ നടക്കുന്ന ഗോ രക്ഷാ ഗുണ്ടായിസം ഉള്‍പ്പെടെയുള്ളവയാണ് ഈ അതിക്രമങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു എസിന്റെ റിപ്പോര്‍ട്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സാഹചര്യം സംബന്ധിച്ച് യാതൊരു നിലപാടും പറയുന്നില്ല. മറിച്ച്, ഇന്ത്യന്‍ മാധ്യമങ്ങളിലും സര്‍ക്കാര്‍ തലത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓരോ സംഭവങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
