കുപ്രസ്‌ദേധ മുസ്‌ലിം നിരോധനത്തിനെതിരെ നോ ബാന്‍ ബില്ലുമായി അമേരിക്ക
വര്‍ണ്ണവെറിയനായി കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2017-ലാണ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിരോധിച്ചുകൊണ്ട് അമേരിക്കയില്‍ പ്രത്യേക നിയമം കൊണ്ടുവന്നത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര തടയുംവിധത്തില്‍ വംശീയത കലര്‍ന്ന നിയമമായിരുന്നു ഇത്. ഇതിനെതിരെ അമേരിക്കന്‍ പ്രതിനിധിസഭ ബുധനാഴ്‌ച `നോ ബാന്‍ ആക്ട്’ എന്ന പേരില്‍ പ്രത്യേക ബില്‍ പാസാക്കി. 183-നെതിരെ 233 വോട്ടുകള്‍ക്കാണ് ബില്‍ പ്രതിനിധിസഭ കടന്നത്. ഡെമോക്രാറ്റുകളുടെ പിന്‍തുണയോടെയായിരുന്നു വിജയം. എന്നാല്‍ സെനറ്റിലെത്തിയാല്‍ ബില്‍ പാസാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. റിപ്പബ്ലിക്കന്‍മാരും വൈറ്റ്‌ഹൗസും ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ളതിനാല്‍ ബില്‍ സെനറ്റില്‍ കാലിടറി വീഴാനാണ് സാധ്യത. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ട്രംപിന്റെ ബില്‍. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് നിയമത്തില്‍ മ്യാന്‍മാര്‍, എരിത്രിയ, കിര്‍ഗിസ്ഥാന്‍, നൈജീരിയ, സുഡാന്‍, താന്‍സാനിയ എന്നിവയെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. “മുസ്‌ലിം നിരോധനം കാരണം ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കുടുംബാംഗങ്ങളുമായി കാണാനാവാതെ ബുദ്ധിമുട്ടുകയാണ്” -ബില്ലിനെ പിന്‍തുണക്കുന്ന അഭിഭാഷകരുടെ സംഘത്തിലുള്ള ഫര്‍ഹാന ഖേര പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ മുസ്‌ലിം പ്രതിനിയായ റാഷിദ ത്വാലിബാണ് വോട്ടെടുപ്പ് സംബന്ധിച്ച അവസാന ഫലം പുറത്തുവിട്ടത്. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ജൊ ബൈഡന്‍ പുതിയ ബില്ലിനെ പിന്‍തുണച്ച് രംഗത്തെത്തി. “വിശ്വാസവും ആചാരങ്ങളും കാരണം ഒരാളും രാജ്യത്ത് വിവേചനം അനുഭവിക്കാന്‍ പാടില്ല. ഞാന്‍ പ്രസിഡന്റാവുകയാണെങ്കില്‍ ട്രംപിന്റെ മുസ്‌ലിം നിരോധന നിയമം എടുത്തുകളയുകയും പുതിയ ബില്‍ ഒന്നാംദിവസം തന്നെ നിയമമാക്കുകയും ചെയ്യും” – ബൈഡന്‍ പിന്നീട് ട്വീറ്റ് ചെയ്‌തു.