കോവിഡ് വാക്‌സിന്‍ 2021ന് മുമ്പ്
കോവിഡ് വാക്‌സിന്‍ 2021ന് മുമ്പായി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷകര്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെങ്കിലും അവ ഉപയോഗിക്കാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ ലോകത്താകമാനമുള്ള എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ഡബ്ല്യു എച്ച് ഒ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്കല്‍ റയാന്‍ വ്യക്തമാക്കി. ചൈനയിലെ ഗവേഷകര്‍ വാക്‌സിന്‍ എത്രയും പെട്ടന്ന് വിപണിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. അതേസമയം, അബൂദബിയില്‍ നടക്കുന്ന തങ്ങളുടെ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.