ആര്‍ എസ് എസ് ബന്ധമുള്ളവരെ സുപ്രധാന പദവികളില്‍ നിന്ന് ഒഴിവാക്കി
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 20-ഓളം ഇന്ത്യന്‍ വംശജര്‍ക്ക് സുപ്രധാന പദവികള്‍ നല്‍കിയ നടപടി ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അത്ര തന്നെ പ്രാധാന്യത്തോടെ മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആര്‍ എസ് എസ്/ ബി ജെ പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ബൈഡന്‍ ഉന്നത പദവികള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയെന്നാണ് വൈറ്റ്ഹൗസുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ് ഹൗസില്‍ സുപ്രധാനപദവി നിര്‍വഹിച്ചിരുന്ന സൊനാല്‍ ഷാ, ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അമിത് ജാനി എന്നിവരാണ് ആര്‍ എസ് എസ് ബന്ധത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടത്. ഇവരുടെ ആര്‍ എസ് എസ്/ബി ജെ പി ബന്ധത്തെ കുറിച്ച് 12-ഓളം ഇന്തോ- അമേരിക്കന്‍ സംഘടനകള്‍ ബൈഡന്‍ ഭരണകൂടത്തിന് സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ഒഴിവാക്കലെന്ന് ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.