തൊട്ടുകളി
യൂസഫ് നടുവണ്ണൂര്‍
ഒറ്റ തൊടല്‍ മതി
പൂത്തുലഞ്ഞു പോകും
ജീവനില്‍ മിഴിതുറക്കുമൊരു
ജൈവമണ്ഡലം!
വിരല്‍ത്തുമ്പില്‍ ചാലിട്ടു നനയ്ക്കും
കടല്‍ നീണ്ടൊരു പുഴ
തൊട്ടുകളിയില്‍ തോല്‍വികളില്ല
തൊടുന്ന ഞാനും
തൊടേണ്ട നീയും
പക്ഷികളായ് കൊക്കുരുമ്മുന്നു!
ഞാന്‍ തൊടാനായുമ്പോള്‍
നീയെന്തിന് കണ്ണുപൊത്തുന്നു?
കണ്ണുപൊത്തിക്കളിയില്‍
പിന്നാലെ ഓടേണ്ടതില്ല
തൊട്ടുണര്‍ത്തേണ്ടതില്ല.
ഒരിടത്തൊളിച്ചാല്‍ മതി
എണ്ണിയെണ്ണി തീര്‍ത്താല്‍ മതി
കണ്ണടച്ച് ഇരതേടാം
നിന്നിടം വിട്ടില്ലൊരു പോക്കും!
ഒരേ കുറ്റിക്കും ചുറ്റും
നിഴലെണ്ണിക്കറക്കങ്ങള്‍
കഴുത്തിലെ കയര്‍
മുറുകും വരെ!
ഇപ്പോള്‍ ഞാന്‍
എന്നെ തന്നെ
തൊട്ടു കൊണ്ടിരിക്കുന്നു
നീ മാന്യന്‍
എത്ര നിശ്ശബ്ദമായ്
സാമൂഹിക അകലം പാലിക്കുന്നു!