1 Saturday
August 2026
2026 August 1
1448 Safar 16

തുറന്ന വഴികൾ

നൗഫല്‍ പനങ്ങാട്

മൈലാഞ്ചിച്ചെടിയിപ്പോള്‍
പച്ചപ്പില്ലാതെ കിളിര്‍ത്തുനില്‍ക്കയാണ്

അത്തറുമണം കെട്ടുപോയ വിളക്കും തേടി
നിലാവ് പരത്തിയ വഴികളില്‍
കുട്ടികളില്ലാത്ത വീട് തേടിപ്പോവുകയാണ്

പാവപ്പെട്ടവന്‍ കുപ്പായം തുന്നുമ്പോള്‍
പുത്തുനുടുപ്പിന്‍ ചേല
ചില്ലലമാരയില്‍
കഥ പറഞ്ഞ് പരിഭവങ്ങളെ
പിന്നേക്കുവിടുകയാണ്

പായസങ്ങളില്‍ മധുരം
മറന്നുപോയതിന്റെ പിണക്കം മാറ്റാന്‍
അന്യോന്യം ചേര്‍ത്തുപിടിക്കലിലേക്കു
മനസ്സുകൊണ്ടാദ്യം നടക്കുകയാണ്

വിരുന്ന് പോയ വഴികളിപ്പോള്‍
തേഞ്ഞുപോയ
കാലടികള്‍ക്ക് കാവലിരിക്കയാണ്

അകം എത്ര വെളുപ്പിച്ചിട്ടും
മുഖം മറച്ചുമറച്ചിരിക്കുന്നതിനാല്‍
പകല്‍ രാത്രിയെ വിഴുങ്ങിക്കളയുകയാണ്

അടുത്തേക്കു വരണമെന്ന്
ഒരു കാറ്റ് കുറിപ്പയച്ചിട്ടും
അകലം പാലിക്കേണ്ടതില്‍
കിടന്ന് അതിര്‍ത്തി
പങ്കിടുകയാണിപ്പോള്‍

ബിരിയാണി മണം
പുറത്തേക്ക് വരാതിരിക്കാന്‍
പരമാവധി പാടുപെട്ടിട്ടും
പൊട്ടിപ്പോവുന്ന
ആഘോഷത്തിന്റെ ചരടുകള്‍
ലോക്ഡൗണിലാക്കാന്‍ ശ്രമിച്ചതിന്റെ
പാടുകൊണ്ടായിരിക്കും
ഈദിന്‍ വഴികള്‍ തുറന്നിട്ടിരിക്കുക.

Back to Top