തുറന്ന വഴികൾ
നൗഫല്‍ പനങ്ങാട്
മൈലാഞ്ചിച്ചെടിയിപ്പോള്‍
പച്ചപ്പില്ലാതെ കിളിര്‍ത്തുനില്‍ക്കയാണ്
അത്തറുമണം കെട്ടുപോയ വിളക്കും തേടി
നിലാവ് പരത്തിയ വഴികളില്‍
കുട്ടികളില്ലാത്ത വീട് തേടിപ്പോവുകയാണ്
പാവപ്പെട്ടവന്‍ കുപ്പായം തുന്നുമ്പോള്‍
പുത്തുനുടുപ്പിന്‍ ചേല
ചില്ലലമാരയില്‍
കഥ പറഞ്ഞ് പരിഭവങ്ങളെ
പിന്നേക്കുവിടുകയാണ്
പായസങ്ങളില്‍ മധുരം
മറന്നുപോയതിന്റെ പിണക്കം മാറ്റാന്‍
അന്യോന്യം ചേര്‍ത്തുപിടിക്കലിലേക്കു
മനസ്സുകൊണ്ടാദ്യം നടക്കുകയാണ്
വിരുന്ന് പോയ വഴികളിപ്പോള്‍
തേഞ്ഞുപോയ
കാലടികള്‍ക്ക് കാവലിരിക്കയാണ്
അകം എത്ര വെളുപ്പിച്ചിട്ടും
മുഖം മറച്ചുമറച്ചിരിക്കുന്നതിനാല്‍
പകല്‍ രാത്രിയെ വിഴുങ്ങിക്കളയുകയാണ്
അടുത്തേക്കു വരണമെന്ന്
ഒരു കാറ്റ് കുറിപ്പയച്ചിട്ടും
അകലം പാലിക്കേണ്ടതില്‍
കിടന്ന് അതിര്‍ത്തി
പങ്കിടുകയാണിപ്പോള്‍
ബിരിയാണി മണം
പുറത്തേക്ക് വരാതിരിക്കാന്‍
പരമാവധി പാടുപെട്ടിട്ടും
പൊട്ടിപ്പോവുന്ന
ആഘോഷത്തിന്റെ ചരടുകള്‍
ലോക്ഡൗണിലാക്കാന്‍ ശ്രമിച്ചതിന്റെ
പാടുകൊണ്ടായിരിക്കും
ഈദിന്‍ വഴികള്‍ തുറന്നിട്ടിരിക്കുക.