28 Thursday
November 2024
2024 November 28
1446 Joumada I 26

ബി പി എല്‍ കാര്‍ഡുകളും റേഷന്‍ കരിഞ്ചന്തയും

ഇഖ്ബാല്‍ വട്ടയാല്‍

അടുത്തിടെ മലയാള മനോരമയില്‍ കണ്ട റേഷന്‍ കരിഞ്ചന്തയും ലോഡുകണക്കിന് അരി കണ്ടെത്തുകയും ചെയ്ത വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം. ജനങ്ങളുടെ പക്ഷത്തുനിന്ന് ജനനന്മക്കായി പൊരുതുന്ന മനോരമയ്ക്ക് അഭിനന്ദനങ്ങള്‍.
റേഷന്‍ വിതരണം യാഥാര്‍ഥ്യമാക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പിലാക്കിയ മെഷീന്‍ മുഖേനയുള്ള റേഷന്‍ വിതരണം, ഉപഭോക്താക്കള്‍ക്ക് ഗുണകരവും റേഷന്‍ കടക്കാര്‍ക്കും പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും ഒട്ടും തൃപ്തികരമല്ലെന്നുള്ളതും ഒരു സത്യമാണ്. വിതരണ രംഗത്ത് തട്ടിപ്പു നടത്തിക്കൊണ്ടിരുന്ന വ്യാപാരികള്‍ക്കും അവര്‍ക്കു കൂട്ടുനിന്നിരുന്ന മാസപ്പടി ഉദ്യോഗസ്ഥര്‍ക്കും ഈ സമ്പ്രദായം അപരിഷ്‌കൃതമാണ്. കാരണം കാര്‍ഡ് ഉടമകളുടെ അവകാശം സര്‍ക്കാര്‍ അറിയിക്കുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് കൃത്യമായും വിതരണം ചെയ്യേണ്ടി വരുമ്പോള്‍ കരിഞ്ചന്തയ്ക്ക് മങ്ങലേല്ക്കും. റേഷന്‍ കട നടത്തുന്ന മുതലാളിക്കും തൂക്കക്കാരനും ശമ്പളം നിശ്ചയിച്ചതിലൂടെയും നഷ്ടത്തിലാണ് റേഷന്‍ വ്യാപാരം എന്ന പല്ലവി ഇല്ലാതായി. റേഷന്‍ കാര്‍ഡുകളുടെ തരംതിരിവ് ശരിയായ അന്വേഷണത്തിനു ശേഷം നടപ്പിലാക്കാത്തതിനാല്‍ അനര്‍ഹമായ പലരും ബി പി എല്‍ കാര്‍ഡുകളിലേക്ക് അര്‍ഹത നേടിയിട്ടുണ്ടെന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. ബി പി എല്ലുകാരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും പുനപ്പരിശോധിക്കേണ്ടതാണ്. കാരണം സര്‍ക്കാരില്‍ നിന്നു നേരിട്ടു ശമ്പളവും പെന്‍ഷനും ലഭിക്കുന്നവര്‍ ഒഴികെ (ചില ജീവനക്കാര്‍ വിവരം മറച്ചുവെച്ച് ബി പി എല്‍ ആയിട്ടുണ്ട്) മറ്റു ഉപഭോക്താക്കളില്‍ പലരും ബി പി എല്ലില്‍ ആയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ മാതാപിതാക്കള്‍ക്ക് പ്രത്യേക കാര്‍ഡുണ്ടാക്കി അവരെ ബി പി എല്ലില്‍ ആക്കുന്നു. ഗള്‍ഫിലും മറ്റും പോയി നല്ല വരുമാനം ഉള്ളവരും ചെറുകിട കച്ചവടക്കാരും സാമാന്യം ഉയര്‍ന്ന നിലവാരത്തില്‍ മറ്റു തൊഴില്‍ മേഖലകളിലും പണി എടുക്കുന്നവരും ബി പി എല്ലുകാരായി തുടരുകയാണ്. റേഷന്‍ കടക്കാര്‍ക്ക് ഓരോ കാര്‍ഡുടമയെ സംബന്ധിച്ചും കൃത്യമായ വിവരം ഉണ്ടെന്നുള്ളതിനാല്‍ അവരുടെ ഔദാര്യത്തില്‍ ആനുകൂല്യം ഉപഭോക്താക്കള്‍ കൈപ്പറ്റുകയാണ്.
കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും സാഹചര്യമൊരുക്കുന്ന പ്രധാന കാരണം വിതരണ ഇനങ്ങളാണ്. ഭൂരിപക്ഷം കാര്‍ഡുടമകളും പുഞ്ച അരി ഉപയോഗിക്കാത്തവരാണ്. ചാക്കരിയാണെങ്കിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാല്‍ എന്തോ മോശം സാധനമാണെന്ന് കരുതി പൂര്‍ണ തോതില്‍ വാങ്ങുന്നില്ല. ആട്ടയുടെ സ്ഥിതിയും മറ്റൊന്നല്ല. ഗോതമ്പ് വാങ്ങാനും പലരും മിനക്കെടാറില്ല. മെഷീനില്‍ വിരലമര്‍ത്തി അനുവദിച്ചിട്ടുള്ള സാധനം റേഷന്‍കടക്കാരന് വിറ്റ് ചില്ലറയും വാങ്ങി മടങ്ങുന്ന ഉപഭോക്തൃ സംസ്‌കാരമാണ് നിലനില്ക്കുന്നത്. എ പി എല്‍ വിഭാഗത്തില്‍ പെട്ടവരും ഇതില്‍ വിഭിന്നമല്ല. പലരും റേഷന്‍ കടയില്‍ എത്താറില്ല. ഇത്തരക്കാരെ റേഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഉചിതം.
ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്നതും വിതരണം ചെയ്യാത്തതുമായ സാധനങ്ങളാണ് സ്റ്റോക്കില്‍ കുമിഞ്ഞ് കൂടുന്നത്. ശരിയായ പരിശോധനകള്‍ നടത്തുന്നതിന് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയും. സ്ഥിരം പരിശോധനക്കാരെ കൂടാതെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് മുന്നറിയിപ്പില്ലാതെ റേഷന്‍ കടകള്‍ പരിശോധിച്ചാല്‍ തന്നെ ക്രമക്കേടുകള്‍ കണ്ടുപിടിക്കാന്‍ കഴിയും.
ആവശ്യമില്ലാത്തവര്‍ക്ക് സാധനം വിതരണം ചെയ്യാതെ ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. പിടിച്ചെടുത്ത കി ന്റല്‍ കണക്കിലുള്ള അരി തിരിച്ചറിയാന്‍ അടിയന്തിരമായി മാര്‍ഗം കണ്ടുപിടിച്ച് പൊതുവിതരണ സമ്പ്രദായം കുറ്റമറ്റതാക്കേണ്ടത്അനിവാര്യമാണ്.

Back to Top