21 Saturday
December 2024
2024 December 21
1446 Joumada II 19

കത്താത്ത മുടിയും നിഴലില്ലാത്ത പ്രവാചകനും

പി കെ മൊയ്തീന്‍ സുല്ലമി


നബി(സ)ക്ക് ആത്മീയമായി ഏഴോളം പ്രത്യേകതകളുണ്ട് എന്ന വസ്തുത ഖുര്‍ആനും സുന്നത്തും വിശദീകരിച്ചിട്ടുണ്ട്. നുബുവ്വത്ത്, വഹ്‌യ്, ഇസ്വ്മത്ത് (പാപ സുരക്ഷിതത്വം), മുഅ്ജിസാത്ത് (അമാനുഷിക ദൃഷ്ടാന്തങ്ങള്‍), വേദഗ്രന്ഥം, അങ്ങേയറ്റത്തെ തഖ്‌വ, അവസാന പ്രവാചകന്‍ എന്നിവയാകുന്നു അവ. എന്നാല്‍ ഭൗതികമായി പ്രവാചകനു യാതൊരു പ്രത്യേകതയുമില്ല. സാധാരണ മനുഷ്യര്‍ക്ക് ഉണ്ടാകുന്നതെല്ലാം പ്രവാചകനും ഉണ്ടാകും.
രണ്ട്: ഭാര്യമാരും കുടുംബങ്ങളും. അല്ലാഹു അരുളി: ‘താങ്കള്‍ക്കു മുമ്പും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്’ (റഅ്ദ് 28). പ്രവാചകന്മാരെല്ലാം ഭക്ഷണം കഴിക്കുന്നവരും ജനങ്ങളോട് ഇടപഴകുന്നവരുമായിരുന്നു. അല്ലാഹു അരുളി: ‘ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ താങ്കള്‍ക്കു മുമ്പ് പ്രവാചകന്മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല’ (ഫുര്‍ഖാന്‍ 20). സാധാരണ മനുഷ്യര്‍ക്ക് ഉണ്ടാകാറുള്ള വിശപ്പ് നബി(സ)ക്കും ഉണ്ടായിരുന്നു. ‘അഹ്‌സാബ് യുദ്ധസന്ദര്‍ഭത്തില്‍ നബി(സ) വിശപ്പിന്റെ കാഠിന്യത്താല്‍ വയറ്റത്ത് കല്ല് കെട്ടിവെച്ചു’ (ബുഖാരി).
ഭക്ഷണപാനീയങ്ങള്‍ ഉപയോഗിച്ചാല്‍ മലമൂത്ര വിസര്‍ജനം ഉണ്ടാകും. അത് നബി(സ)ക്കും ഉണ്ടായിരുന്നു. അബൂഹുറൈറ(റ) പ്രസ്താവിച്ചു: ‘നബി(സ) ബാത്‌റൂമില്‍ പ്രവേശിച്ചാല്‍ ഞാന്‍ ഒരു ചെമ്പുപാത്രത്തില്‍ വെള്ളവുമായി അദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലും. നബി(സ) അതുകൊണ്ട് ശുചീകരിക്കും. പിന്നീട് (ദുര്‍ഗന്ധം ഇല്ലാതാകാന്‍) നബി(സ) തന്റെ കൈ ഭൂമിയില്‍ ഉരസും’ (അബൂദാവൂദ്, നസാഈ, ബൈഹഖി, ഇബ്‌നുമാജ). നബി(സ)യുടെ മലവും മൂത്രവും നജസാണെന്ന് മേല്‍ ഹദീസ് തെളിയിക്കുന്നു. എന്നാല്‍ യാഥാസ്ഥിതിക പുരോഹിതന്മാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല.
സാധാരണ മനുഷ്യര്‍ക്ക് ദൈവികമായ പരീക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. നബി(സ) പറഞ്ഞു: ‘ജനങ്ങളില്‍ വെച്ചേറ്റവും പരീക്ഷണത്തിനു വിധേയരായവര്‍ പ്രവാചകന്മാരാണ്. പിന്നീട് സജ്ജനങ്ങളാണ്'(സ്വിഹാഹുസ്സിത്ത). ഉഹ്ദ് രണാങ്കണത്തില്‍ വെച്ച് നബി(സ) അനുഭവിച്ച പരീക്ഷണങ്ങള്‍ ഇമാം ഇബ്‌നു കസീര്‍(റ) വിശദീകരിക്കുന്നു: ‘ഉഹ്ദ് യുദ്ധദിവസം നബി(സ)യുടെ മുന്‍പല്ല് പൊട്ടി മുഖത്ത് മുറിവേറ്റു’ (അല്‍ബിദായത്തു വന്നിഹായ 4:29). മറ്റൊരു സംഭവം അദ്ദേഹം വിശദീകരിക്കുന്നു: ‘ഉഹ്ദില്‍ മുസ്‌ലിംകളെ വീഴ്ത്താന്‍ വേണ്ടി അബൂആമിര്‍ നിര്‍മിച്ച കുഴികളിലൊന്നില്‍ നബി(സ) വീണു’ (അല്‍ബിദായത്തു വന്നിഹായ 4:30). അതുപോലെ ത്വാഇഫുകാര്‍ നബി(സ)യെ എറിഞ്ഞിട്ടു ചോരയൊലിപ്പിച്ചതും, നബി(സ) നമസ്‌കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍ കഴുത്തില്‍ ചാര്‍ത്തിയതും അവിടുന്ന് നിസ്സഹായനായതും ഹദീസുകളിലും ചരിത്രത്തിലും ഉണ്ട്.
ഇതൊക്കെ തെളിയിക്കുന്നത് ദീനീജീവിതത്തില്‍ നബി(സ) നമ്മെപ്പോലെ തന്നെയാണ് എന്നതാണ്. അക്കാര്യം തന്നെയാണ് അല്ലാഹുവും ഉണര്‍ത്തിയത്. ‘നബിയേ പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു’ (അല്‍കഹ്ഫ് 110).
മേല്‍വചനം വിശദീകരിച്ചുകൊണ്ട് ഇമാം റാസി രേഖപ്പെടുത്തി: ‘അല്ലാഹു ഒഴികെ ആരാധ്യനില്ലെന്ന് എനിക്ക് ബോധനം നല്‍കി എന്ന (വ്യത്യാസമൊഴിച്ചാല്‍) നിങ്ങള്‍ക്കും എനിക്കുമിടയില്‍ യാതൊരുവിധ വേര്‍തിരിവുമില്ല’ (തഫ്‌സീറുല്‍ കബീര്‍ 11:159). ആധുനിക മുഫസ്സിറായ അബൂബക്കര്‍ ജാബിറുല്‍ ജസാഇറിന്റെ വാക്കുകള്‍: ‘ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു: തീര്‍ച്ചയായും നബി(സ) ദിവ്യബോധനം കൊണ്ട് ആദരിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ അദ്ദേഹം മറ്റുള്ളവരെപ്പോലെ ഒരു മനുഷ്യനാണ്’ (അയ്‌സറുത്തഫാസിര്‍, പേജ് 723). മിക്ക മുഫസ്സിറുകളും മേല്‍പറഞ്ഞ രൂപത്തില്‍ തന്നെയാണ് പ്രസ്തുത വചനം വിശദീകരിച്ചത്.
സമസ്തയുടെ സമുന്നതനായ ഒരു നേതാവിന്റെ പ്രസ്താവനകള്‍ ശ്രദ്ധിക്കുക: ‘കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ കൈവശമുള്ള മുടി നബി(സ)യുടേതാണെങ്കില്‍ അത് കത്തിച്ചാല്‍ കത്തുകയില്ല. നബി(സ)യുടെ മുടിയാണെങ്കില്‍ അതിന് നിഴല്‍ ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത മുടിയുടെ മേല്‍ ഈച്ച ഇരിക്കുന്നതുമല്ല’ (സോഷ്യല്‍ മീഡിയ). ഇങ്ങനെയുള്ള മൂന്ന് പരീക്ഷണങ്ങള്‍ പ്രസ്തുത മുടി കൊണ്ട് നടക്കാത്തതിനാല്‍ അത് പ്രവാചകന്റെ മുടിയാണെന്ന് സമ്മതിക്കാന്‍ നിര്‍വാഹമില്ല. മുസ്‌ല്യാരുടെ ഒരു വാദം നബി(സ)യുടെ മുടി കത്തിച്ചാലും കത്തുകയില്ല എന്നാണ്. മറ്റൊരു വാദം നബി(സ)ക്കോ അവിടത്തെ ശേഷിപ്പുകള്‍ക്കോ നിഴല്‍ ഇല്ല എന്നാണ്. മൂന്നാമത്തെ വാദം നബി(സ)യുടെയോ ശേഷിപ്പുകളുടെയോ മേല്‍ ഈച്ച ഇരിക്കുകയില്ല എന്നാണ്.
കത്തിച്ചാലും നശിപ്പിച്ചാലും ഏതാണ് നശിക്കാത്തത്. സകരിയ്യാ നബി(അ)യും യഹ്‌യാ നബി(അ)യും വധിക്കപ്പെട്ടില്ലേ? നബി(സ)യുടെ മുടിയേക്കാള്‍ എത്രയോ ശ്രേഷ്ഠതയുള്ളതല്ലേ അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍? അത് കത്തിച്ചാല്‍ കത്തുകയില്ലേ?! അല്ലാഹു ആദരിച്ച സ്ഥലമല്ലേ അറഫ? അവിടെ പല തവണ തീപ്പിടിത്തമുണ്ടായിട്ടില്ലേ? അല്ലാഹുവിന്റെ ഏറ്റവും മഹത്തായ ഭവനമല്ലേ കഅ്ബാലയം. അതിന് കേടുപാടുകള്‍ വന്നില്ലേ? ലോകത്ത് നശിക്കാത്ത വല്ലതുമുണ്ടോ? അല്ലാഹു അരുളി: ‘ഭൂമുഖത്തുള്ള എല്ലാവരും നശിച്ചുപോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്’ (റഹ്മാന്‍ 26-27).
നബി(സ) മരിച്ചുപോയില്ലേ? അല്ലാഹു അരുളി: ‘തീര്‍ച്ചയായും താങ്കള്‍ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു’ (സുമര്‍ 30). നബി(സ) ക്കു പോലും മരണമെന്ന നാശം സംഭവിക്കുമെങ്കില്‍ പിന്നെ അവിടത്തെ ശേഷിപ്പായ മുടി കത്തി നശിക്കില്ല എന്നു പറയാന്‍ എന്ത് ന്യായമാണുള്ളത്. മറ്റൊരു ചോദ്യം നബി(സ)ക്ക് നിഴലില്ലേ എന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു പ്രമുഖ പ്രസംഗകന്റെ പ്രസംഗം കേട്ട് ഈ ലേഖകനോട് ചോദിക്കുകയുണ്ടായി, നബി(സ)ക്ക് നിഴലില്ലേ എന്ന്.
അക്കാലത്ത് സൂര്യോദയം ഉണ്ടായിരുന്നതുകൊണ്ടാണ് നബി(സ)യോട് ജിബ്‌രീല്‍(അ) അല്ലാഹുവിന്റെ കല്‍പനയാല്‍ നിഴലിനെ നോക്കി നമസ്‌കാരം നിര്‍വഹിക്കാന്‍ കല്‍പിച്ചത്. അഥവാ നബി(സ)യോട് നിഴലിന്റെ നീളം അടിസ്ഥാനപ്പെടുത്തിയാണ് ളുഹ്‌റും അസ്വറും നമസ്‌കരിക്കാന്‍ കല്‍പിച്ചത്. വിശുദ്ധ ഖുര്‍ആനില്‍ നിഴലിനെ സംബന്ധിച്ച് ചിന്തിക്കാന്‍ നബി(സ)യോടും ലോകരോടും ആഹ്വാനം ചെയ്യുന്നുമുണ്ട്. അല്ലാഹു അരുളി: ‘നിന്റെ റബ്ബിനെ സംബന്ധിച്ച് ചിന്തിച്ചുനോക്കിയിട്ടില്ലേ? എങ്ങനെയാണ് അവന്‍ നിഴലിനെ നീട്ടിയത് എന്ന്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. അനന്തരം നാം സൂര്യനെ അതിന് തെളിവാക്കി’ (ഫുര്‍ഖാന്‍ 45).
ഇവിടെ റബ്ബിനെ കുറിച്ചും ഓരോ വ്യക്തികളുടെയും വസ്തുക്കളുടെയും നിഴല്‍ നീട്ടിയതിനെക്കുറിച്ചും ചിന്തിക്കാനാണ് അല്ലാഹു ആഹ്വാനം ചെയ്യുന്നത്. ഇവിടെ നബി(സ)യും ഉള്‍പ്പെടും എന്നതാണ് ഖുര്‍ആന്‍ കൊണ്ട് മനസ്സിലാവുക. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നബി(സ) നമ്മെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണെന്നാണ് സൂറത്തുല്‍ കഹ്ഫ് 110-ാം വചനത്തില്‍ അല്ലാഹു അരുളിയത്. അപ്രകാരം ജനങ്ങളോട് പ്രഖ്യാപിക്കാനും കല്‍പിച്ചിരിക്കുന്നു. നബി(സ)ക്ക് നിഴലില്ല എന്ന വാദം വിശുദ്ധ ഖുര്‍ആനിനു വിരുദ്ധമാണ്. നബി(സ) യോട് നിഴല്‍ നോക്കി നമസ്‌കരിക്കാനാണ് അല്ലാഹുവിന്റെ കല്‍പന. ആ നിലയില്‍ ഹദീസുകള്‍ക്കും പ്രസ്തുത വാദം എതിരാണ്.
നബി(സ)യുടെ മുടി കത്തിച്ചാല്‍ കത്തുകയില്ല, നബി (സ)ക്ക് നിഴലില്ല തുടങ്ങിയ വാദങ്ങള്‍ നബി(സ)യുടെ ‘നൂര്‍ (പ്രകാശം) ആദ്യം അല്ലാഹു സൃഷ്ടിച്ചുവെച്ചിരിക്കുന്നു’ എന്ന വാദം പോലെ നിര്‍മിച്ചഅതിവാദങ്ങളില്‍ പെട്ടതാണ്. ഇത്തരം വാദങ്ങള്‍ വിഗ്രഹാരാധനക്ക് തുല്യമാണ്. കാരണം നിര്‍ജീവ വസ്തുക്കള്‍ക്ക് ഖൈറും ശര്‍റും വരുത്താന്‍ സാധിക്കും എന്നാണല്ലോ വിഗ്രഹാരാധനയുടെ അടിത്തറ. നബി(സ)യുടെ ശേഷിപ്പുകള്‍ ബര്‍കത്ത് (അദൃശ്യമായ നിലയില്‍ അഭിവൃദ്ധി) നല്‍കും എന്ന വിശ്വാസവും ശിര്‍ക്കില്‍ പെട്ടതാണ്.
ഇമാം ശാത്വിബിയുടെ പ്രസ്താവന: ‘ഇത്തരം ബര്‍കത്തെടുക്കലുകളാണ് ആരാധനയുടെ അടിത്തറ. അതു കാരണത്താലാണ് ഏത് മരത്തിന്റെ ചുവട്ടില്‍ വെച്ചാണോ നബി(സ) ബൈഅത്ത് ചെയ്തത് പ്രസ്തുത മരം ഉമര്‍(റ) മുറിച്ചു കളഞ്ഞത്. കഴിഞ്ഞുപോയ സമുദായങ്ങളില്‍പ്പെട്ട വിഗ്രഹാരാധനയുടെ അടിത്തറയും ഈ ബര്‍കത്തെടുക്കലാണ്’ (അല്‍ ഇഅ്തിസ്വ 1:483). മാത്രവുമല്ല ബര്‍കത്ത് നല്‍കുന്നത് അല്ലാഹു മാത്രമാണ്. അത് ഖുര്‍ആനിലും ഹദീസുകളിലും വ്യാപിച്ചുകിടക്കുന്ന യാഥാര്‍ഥ്യവുമാണ്. സൂറത്ത് ഫുസ്സിലത്ത് 10, സൂറത്ത് ഇസ്‌റാഅ് 1, അഅ്‌റാഫ് 96, ഹൂദ് 73, അമ്പിയാഅ് 50 എന്നീ വചനങ്ങള്‍ അതിനുദാഹരണങ്ങളാണ്.
ഹദീസുകള്‍ പരിശോധിച്ചാലും ബര്‍കത്തിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്ന് മനസ്സിലാക്കാം. നബി(സ)ക്ക് ബര്‍കത്ത് ലഭിക്കാന്‍ നാം അല്ലാഹുവോടാണ് നമസ്‌കാരത്തിലെ അത്തഹിയ്യാത്തിലെ സ്വലാത്തില്‍ പ്രാര്‍ഥിക്കാറുള്ളത്. അതിപ്രകാരമാണ്: ‘അല്ലാഹുവേ, നീ ഇബ്‌റാഹീം നബി(അ)യുടെ കുടുംബത്തിന് ബര്‍കത്ത് നല്‍കിയതുപോലെ മുഹമ്മദ് നബി(സ)ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നീ ബര്‍കത്ത് നല്‍കേണമേ!’ (മുസ്‌ലിം, അഹ്മദ്).
ആഇശ(റ)യില്‍ നിന്ന് ഇപ്രകാരം വന്നിട്ടുണ്ട്: ‘നബി(സ) വിവാഹം കഴിച്ചപ്പോള്‍ എന്റെ ഉമ്മ എന്റെ അടുക്കല്‍ വന്ന് എന്നെ വീട്ടില്‍ പ്രവേശിപ്പിക്കുകയും അന്‍സ്വാരി സ്ത്രീകള്‍ അവര്‍ക്കു വേണ്ടി ബര്‍കത്തിനും നന്മക്കും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു’ (ബുഖാരി, അബൂദാവൂദ്). വിവാഹ ശേഷം എന്താണ് പ്രാര്‍ഥിക്കേണ്ടതെന്ന് ഹസന്‍(റ) പഠിപ്പിക്കുന്നു: ‘അല്ലാഹു നിങ്ങളിലും നിങ്ങളുടെ മേലും ബര്‍കത്ത് നല്‍കട്ടെ എന്ന് നിങ്ങള്‍ പ്രാര്‍ഥിക്കണം’ (നസാഈ).
മൂന്നാമതായി മുസ്‌ല്യാരുടെ വാദം, എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ പക്കലുള്ളത് നബി(സ)യുടെ മുടിയാണെങ്കില്‍ അതിന്മേല്‍ ഈച്ച ഇരിക്കുന്നതല്ല എന്നാണ്. ആരാണ് മുസ്‌ല്യാരെ ഈ അബദ്ധം പഠിപ്പിച്ചത്? ഈച്ചക്ക് ബുദ്ധിയുണ്ടോ, തഖ്‌ലീദുണ്ടോ (അല്ലാഹുവിന്റെ കല്‍പനക്ക് വിധേയനാണോ)? നാല്‍ക്കാലികള്‍ക്കും പ്രാണികള്‍ക്കും ഇസ്‌ലാമിക നിയമം ബാധകമാണോ? ഈച്ചക്കും പൂച്ചക്കും നബി(സ)യെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ടോ? ഈച്ചക്ക് എവിടെയെല്ലാം ഇരിക്കാമെന്നും എവിടെയെല്ലാം ഇരിക്കാന്‍ പാടില്ല എന്നുമുള്ള അറിവ് മുസ്‌ല്യാര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത്?
നബി(സ)യുടെ ജീവനില്ലാത്ത ശേഷിപ്പുകള്‍ക്ക് ബര്‍കത്ത് നല്‍കാന്‍ കഴിയും എന്ന വിശ്വാസത്തിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നത് ഇമാം ശാത്വിബി(റ) പ്രസ്താവിച്ചതുപോലെ വിഗ്രഹാരാധനയാണ്.
ഖബറാരാധനയോടൊപ്പം ഇവര്‍ വിഗ്രഹാരാധനയും പ്രോത്സാഹിപ്പിക്കുകയാണ്. നബി(സ)യുടെ ചര്യ പിന്തുടര്‍ന്ന് ജീവിക്കാന്‍ ഇവര്‍ സന്നദ്ധരുമല്ല. കാരണം ഇവരുടെ പ്രമാണം നാട്ടാചാരമാണല്ലോ? നബി(സ) നമ്മോട് കല്‍പിച്ചതും അവശേഷിപ്പിച്ചതും അവിടത്തെ ശേഷിപ്പുകളല്ല, ‘മറിച്ച് ഖുര്‍ആനും സുന്നത്തുമാണ്’ (മാലിക്, മുവത്വ).

Back to Top