3 Tuesday
December 2024
2024 December 3
1446 Joumada II 1

ജമ്മുകാശ്മീര്‍ നല്‍കുന്ന പാഠം


ഹരിയാന, ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുന്നു. ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ അതേ ട്രെന്‍ഡ് ഏറെക്കുറെ നിലനിര്‍ത്താന്‍ ഇവിടെയും സാധിച്ചിട്ടുണ്ട്. മോദി പ്രഭാവം എന്ന പ്രചാരണം തകര്‍ന്നടിഞ്ഞതിന്റെ നിദര്‍ശനമാണ് ലോകസഭ തെരഞ്ഞെടുപ്പ് ഫലം നമുക്ക് കാണിച്ചുതന്നത്. സമാനമായി മോദി എന്ന ഹിന്ദുത്വ ബ്രാന്‍ഡിനെ മുന്നോട്ട് വെക്കാന്‍ പോലും ബി ജെ പി മടി കാണിച്ച തെരഞ്ഞെടുപ്പായിരുന്നു ഈ കഴിഞ്ഞുപോയത്. മോദിയെ വേണ്ടത്ര പ്രചാരണത്തിന് പോലും കൊണ്ടുവരാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറായില്ല എന്നത് ചേര്‍ത്തുവായിക്കേണ്ടതാണ്.
ഹരിയാനയില്‍ ബി ജെ പിക്ക് മൂന്നാം ഊഴം ലഭിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന ഫലമാണ്. ഭരണവിരുദ്ധ തരംഗം വ്യക്തമായും നിലനിന്നിരുന്നു. കര്‍ഷകരുടെയും അഗ്‌നിവീര്‍ പദ്ധതിക്കെതിരായ വികാരവും സംസ്ഥാനത്ത് മുഴച്ച് നിന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം ജനാധിപത്യപരമായ സഖ്യചര്‍ച്ചകളെ വഴിമുട്ടിച്ചു. ‘ഇന്‍ഡ്യ’ മുന്നണിയുടെ ഒറ്റക്കെട്ടായ മത്സരം ഹരിയാനയില്‍ ഉണ്ടായില്ല എന്നതുകൊണ്ടാണ് ബി ജെ പി മൂന്നാമതും അധികാരത്തിലെത്തിയത്. അത് വോട്ടിംഗ് ശതമാനത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും വോട്ടിംഗ് ഷെയര്‍ വ്യത്യാസം ഒരു ശതമാനത്തില്‍ താഴെയാണ്. പക്ഷെ, എന്നിട്ടും കേവല ഭൂരിപക്ഷം നേടി അധികാരമുറപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കുമെന്ന് ലോകസഭ തെരഞ്ഞെടുപ്പ് കാണിച്ചുതന്നതാണ്. കേന്ദ്രത്തില്‍ ബി ജെ പിയെ ഒറ്റക്ക് ഭരണം നേടുന്നതില്‍ നിന്ന് തടഞ്ഞത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിരയായ ‘ഇന്‍ഡ്യ’ മുന്നണിയുടെ രൂപീകരണമാണ്. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യം ഏറ്റവും കൂടുതല്‍ ഭയപ്പെട്ടതും പ്രതിപക്ഷ ഐക്യനിരയെയാണ്. അതിനെ പൊളിക്കാനുള്ള സര്‍വതന്ത്രങ്ങളും പിന്നീട് പയറ്റുകയുണ്ടായി. ബീഹാറിലെ നിതീഷിന്റെ മുന്നണി മാറ്റം പോലും അതിന്റെ ഭാഗമായിരുന്നു. ബി ജെ പി ആ ശ്രമം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ഹരിയാന ഫലം അവര്‍ക്ക് ചില പാഠങ്ങള്‍ കൂടി നല്‍കുന്നുണ്ട്. പ്രതിപക്ഷ ഐക്യത്തെ തകര്‍ത്താല്‍ അധികാരം ഉറപ്പിക്കാമെന്ന് ബി ജെ പി മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ നിലക്കുള്ള ശ്രമങ്ങള്‍ വരുംദിനങ്ങളില്‍ പ്രതീക്ഷിക്കാവുന്നതാണ്.
ജമ്മു കാശ്മീരിലെ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ വിജയമാണ് ഏറ്റവും പ്രസക്തമായ രാഷ്ട്രീയ വിഷയം. അനുച്ഛേദം 370 എടുത്ത് കളഞ്ഞ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് കാശ്മീരികള്‍ നല്‍കിയ രാഷ്ട്രീയ മറുപടി കൂടിയായി ഇതിനെ കാണാവുന്നതാണ്. കാശ്മീരികളുടെ വികസനവും വികാസവും ലക്ഷ്യമാക്കിയാണ് പ്രത്യേക പദവി എടുത്തുകളയുന്നത് എന്നായിരുന്നു ബി ജെ പി യുടെ അവകാശ വാദം. മാത്രമല്ല, അവിടെ തെരഞ്ഞെടുപ്പ് വിജയിക്കുക എന്നത് ബി ജെ പിക്ക് രാജ്യാന്തര തലത്തില്‍ കൂടി പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമായിരുന്നു. അതിന് വേണ്ടി തന്നെ കാര്യമായി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബി ജെ പി ശ്രദ്ധിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഒരു സീറ്റ് മാത്രം വര്‍ധിച്ചപ്പോള്‍, അതിനേക്കാള്‍ ജനസംഖ്യ കുറഞ്ഞ ജമ്മുവില്‍ ആറ് സീറ്റാണ് വര്‍ധിച്ചത്. ജമ്മുവാകട്ടെ ഹിന്ദു ഭൂരിപക്ഷ പ്രദേശവുമാണ്. ലെഫ്റ്റനന്റ് ഗവര്‍ണറെ വെച്ചുകൊണ്ട് പരമാവധി ഭരണാനുകൂല സാഹചര്യം സൃഷ്ടിക്കാനും ബി ജെ പി ശ്രമിച്ചു. മണ്ഡല പുനര്‍നിര്‍ണയം തന്നെയായിരുന്നു ഏറ്റവും വലിയ തന്ത്രം. പക്ഷെ, അതിനെയെല്ലാം ബാലറ്റിലൂടെ കാശ്മീരികള്‍ മറുപടി നല്‍കി എന്നതാണ് ശ്രദ്ധേയമായ കാര്യം.
‘ഇന്‍ഡ്യ’ മുന്നണി ഒറ്റക്കെട്ടായി അവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്നണിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാനായി കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകളെ ബി ജെ പി ഉപയോഗിച്ചു. പക്ഷെ, എല്ലാ തന്ത്രങ്ങളെയും മറികടക്കാന്‍ ‘ഇന്‍ഡ്യ’ മുന്നണിയുടെ ഐക്യനിരക്ക് സാധിച്ചുവെന്നത് വരുംകാല തെരെഞ്ഞെടുപ്പിലേക്കുള്ള വലിയ പാഠമാണ്. ഹരിയാനയില്‍ ഇ വി എം അട്ടിമറി ആരോപിക്കുമ്പോള്‍ പോലും ജമ്മുകാശ്മീരിലേതിന് സമാനമായ പ്രതിപക്ഷ ഐക്യനിര അവിടയുണ്ടായിരുന്നോ എന്ന് കോണ്‍ഗ്രസ് പുനരാലോചന നടത്തേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒട്ടേറെ അനുഭവ പാഠങ്ങള്‍ പഠിച്ചവരാണ് കാശ്മീരികള്‍. ജനാധിപത്യപരമായ മാര്‍ഗത്തില്‍ അവര്‍ തെരഞ്ഞെടുത്ത ഈ സര്‍ക്കാറിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം സംസ്ഥാന പദവി തിരികെ ലഭിക്കേണ്ടതുണ്ട്. ആ നാട്ടിലെ ജനഹിതം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

Back to Top