3 Tuesday
December 2024
2024 December 3
1446 Joumada II 1

കശ്മീരിന്റെ പദവി റദ്ദാക്കല്‍ ഫെഡറലിസത്തിനെതിരെ വിപത് സൂചനകള്‍


ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് ലഭിച്ച പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ ന്യായീകരിക്കുന്ന സുപ്രീം കോടതി വിധി ഗവണ്‍മെന്റിന്റെ നിയമ നിര്‍മാണ നടത്തിപ്പ് ശാഖകളോടുള്ള കേവല ആദരവിനെ മാത്രമല്ല ഫെഡറലിസം, ജനാധിപത്യ മൂല്യങ്ങള്‍, നിയമ പ്രക്രിയകളുടെ പവിത്രത എന്നിവയെക്കുറിച്ചുള്ള കോടതിയുടെ സുസ്ഥിരമായ നിലപാടുകളില്‍ നിന്നുള്ള വ്യതിചലനത്തെ കൂടി പ്രതിനിധീകരിക്കുന്നുണ്ട്.
ഭരണകക്ഷിയായ ബിജെപിക്ക് ഒരു രാഷ്ട്രീയ നേട്ടമാണിത് എന്ന കാര്യത്തില്‍ സംശയമില്ല. 2019 ആഗസ്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു മറ്റ് സംസ്ഥാനങ്ങളുമായി അതിനെ സമപ്പെടുത്താനുള്ള ധിക്കാരപരമായ നീക്കത്തിനുള്ള അംഗീകാരമാണ് ഈ വിധി. അതേ സമയം ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നതും ചരിത്ര സാഹചര്യത്തെ വേണ്ട വിധം പരിഗണിക്കാത്തതും ഭരണഘടനാപരമായ നടപടിക്രമങ്ങളെ തുരങ്കം വെക്കുന്നതുമായ ഒരു വിധിയുമാണത്.
രാഷ്ട്രപതി ഭരണത്തിന്‍കീഴിലുള്ള ഒരു സംസ്ഥാനത്ത്, നിയമനിര്‍മാണപരവും അല്ലാത്തതുമായ നടപടികള്‍ മാത്രമല്ല, പിന്നീട് നിയമപരമായി റദ്ദ് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടികളടക്കം ഏത് നിയമവും നിയമസഭയ്ക്കുവേണ്ടി പാര്‍ലമെന്റിന് ഏറ്റെടുത്തു നടത്താമെന്ന തികച്ചും അസ്വീകാര്യമായ കോടതി നിഗമനം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരെയുള്ള ശക്തമായ ആക്രമണമാണ്.
കോടതി തന്നെ പ്രമാണവത്കരിച്ച ഭരണഘടനയുടെ ഒരു അടിസ്ഥാന സ്വഭാവത്തെ തുരങ്കം വെയ്ക്കുന്ന തരത്തില്‍ ആശങ്ക ജനിപ്പിക്കുന്ന ഈ വ്യാഖ്യാനം സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ മേല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഒരു സഭ നിലവിലില്ലാത്ത സാഹചര്യങ്ങളില്‍ പിന്നീട് ദുര്‍ബലപ്പെടുത്താന്‍ കഴിയാത്തതും ശത്രുതാപരവുമായ നിരവധി നടപടികള്‍ക്ക് വഴി വെയ്ക്കുകയും ചെയ്യും.
സര്‍ക്കാരും അവരെ പിന്തുണക്കുന്നവരും ആഹ്ലാദഭരിതരാണ്. കാരണം ഭരണഘടനാ ബെഞ്ച് അവരുടെ നിലപാടുകളെ അംഗീകരിക്കുകയും, പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയുടെയും പങ്കാളിത്തമില്ലാതെ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളയാന്‍ ഉദ്ദേശിച്ചുള്ള നീക്കങ്ങളുടെ മുന്നോടിയായി പ്രസിഡന്റ് ഭരണം അടിച്ചേല്‍പ്പിച്ച നടപടിയില്‍ സര്‍ക്കാര്‍ ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു എന്ന ഹര്‍ജിക്കാരുടെ ശക്തമായ വാദങ്ങളെ കോടതി തള്ളിക്കളയുകയും ചെയ്തു.
സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഇല്ലാതാക്കുക എന്ന ഭരണകക്ഷിയായ ബി ജെ പിയുടെ ദീര്‍ഘകാല ആഗ്രഹം നിറവേറ്റാനായി സങ്കീര്‍ണമായ പ്രക്രിയയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും തരംതാഴ്ത്തുകയും ചെയ്തു കൊണ്ടാണത് നടപ്പിലാക്കിയത്.
2019 ഓഗസ്റ്റ് 5-ന് ഭരണഘടനയുടെ മുഴുവന്‍ ഭാഗവും ജമ്മു കശ്മീരിന് ബാധകമാക്കുകയും ചില നിര്‍വചനങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തുകൊണ്ടാണ് ഈ പ്രക്രിയ ആരംഭിച്ചത്. ഇതോടെ സംസ്ഥാന നിയമസഭയ്ക്ക് തന്നെ പ്രത്യേക പദവി എടുത്തു കളയാനുള്ള ശുപാര്‍ശയുമായി മുന്നോട്ടു പോവാന്‍ കഴിഞ്ഞു. ആര്‍ട്ടിക്കിള്‍ 370(3)ലെ മൗലികമായ നിബന്ധന പ്രകാരം സംസ്ഥാനത്ത് മുമ്പ് നിലനിന്ന എന്നാല്‍ പിന്നീട് പിരിച്ചു വിടപ്പെട്ട ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരത്തോടെയാണത് നിര്‍വഹിക്കേണ്ടിയിരുന്നത്.
അവസാനം, ആഗസ്ത് 5- ലെ ഉത്തരവിന്റെ ചില ഭാഗങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് കോടതിക്ക് വിധി പറയേണ്ടി വന്നു. കാരണം, അവ യഥാര്‍ഥത്തില്‍ 370-ാം വകുപ്പ് തന്നെ ഭേദഗതി ചെയ്യുന്നതിന് തുല്യമായത് കൊണ്ട് ഇത് അനുവദിക്കാനാവുമായിരുന്നില്ല. എന്നാല്‍, ഈ ഉത്തരവിനെ തുടര്‍ന്നുവന്ന ആഗസ്ത് 6-ലെ വിജ്ഞാപനത്തെ കോടതി ശരിവെക്കുകയും ഈ നടപടിയുടെ സാധുത ബലപ്പെടുത്തുന്നതിനു വേണ്ടി മുന്‍ദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ നിയമപരമായ അടിസ്ഥാനമില്ലാതെ തന്നെ പ്രസിഡന്റിന് ഇത് ചെയ്യാന്‍ അധികാരമുണ്ടെന്ന് വിധിക്കുകയും ചെയ്തത് ഒരസാധാരണ വ്യതിചലനമാണ്. അതായത് യാതൊരു ശുപാര്‍ശയുടേയും ആവശ്യമില്ലാതെ തന്നെ പ്രസിഡന്റിന് സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഇല്ലാതാക്കാവുന്നതാണ് എന്ന് സാരം.
ഭരണഘടനാ നിര്‍മാണസഭ 1957-ല്‍ പിരിച്ചുവിട്ടതിനു ശേഷവും ഇന്ത്യന്‍ ഭരണഘടന ഇടക്കിടെയുള്ള തുടര്‍ പ്രക്രിയ വഴി സംസ്ഥാനത്ത് പ്രയോഗിക്കപ്പെട്ടുവരുന്നതാണെന്നും പ്രത്യേക പദവി ഇല്ലാതാക്കുന്നത് ഏകീകരണ പ്രക്രിയയുടെ പൂര്‍ത്തീകരണമാണെന്നും കോടതി വാദിച്ചു. ഈ വാദം ആക്ഷേപിക്കപ്പെടാവുന്നതല്ലെങ്കിലും ഒരു ഭരണഘടനാ നിര്‍മാണസഭ ഇല്ലാത്തതിനാലും ജമ്മു കശ്മീര്‍ ഇന്ത്യയുടെ പരമാധികാരത്തിന് കീഴില്‍ കൊണ്ടുവരെപ്പട്ട നിലക്കും സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന സ്വയംഭരണാവകാശവും ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ തടസ്സപ്പെടുത്താനാവില്ല എന്ന ആശയം ഫെഡറലിസത്തിന്റെയും ജനാധിപത്യത്തിന്റെയും എല്ലാ ചട്ട വ്യവസ്ഥകള്‍ക്കും എതിരാണ്.
ജമ്മു കശ്മീര്‍ ഏതെങ്കിലും വിധത്തിലുള്ള പരമാധികാരം നിക്ഷിപ്തമായിട്ടുള്ള പ്രദേശമല്ല എന്ന കാര്യത്തില്‍ സംശയമില്ല. 370-ാം വകുപ്പ് സമമിതമല്ലാത്ത ഫെഡറലിസത്തിന്റെ ഒരു രൂപത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നും പ്രത്യേക ഭരണഘടന, അവശിഷ്ട വിഷയങ്ങളിലുള്ള നിയമനിര്‍മാണ അധികാരം, പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുന്നതിന് മുമ്പ് ചില നിയമനിര്‍മാണ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ സമ്മതം ആവശ്യമാണ് എന്നിങ്ങനെയുള്ള മറ്റു സവിശേഷതകള്‍ അതിന് പരമാധികാര പദവി നല്‍കുകയില്ല എന്നും കോടതി പറയുന്നു.
ഇത് എല്ലാം ശരിയാണ്. എന്നാല്‍, ചരിത്രപരമായ ബാധ്യതകളും ഭരണഘടനാ ഉദ്യോഗസ്ഥര്‍ നല്‍കിയ വാഗ്ദാനങ്ങളും ഭരണകക്ഷിയുടെ ഇഷ്ടത്തിനനുസരിച്ച് തകര്‍ത്തെറിയാന്‍ കഴിയുമെന്ന് ഇത് എങ്ങനെ അര്‍ഥമാക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
സംയോജനപ്രക്രിയ തന്നെ നടന്നത് യഥാര്‍ഥത്തില്‍ കശ്മീരിലെ നേതാക്കളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിരന്തര സംവാദത്തിലൂടെയാണെന്ന വസ്തുതയടക്കം സംയോജന കരാറിന്റെ (instrument of accession) വ്യവസ്ഥകളും നിബന്ധനകളും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരിന്റെ സമ്മതത്തോടെ മാത്രം നടപ്പില്‍ വരുത്തുന്ന ഭരണഘടനാ വ്യവസ്ഥകളുടെ ഘട്ടം ഘട്ടമായുള്ള വ്യാപന പ്രകിയയും ഉള്‍പ്പെടെയുള്ള യാഥാര്‍ഥ്യങ്ങള്‍ ഇവിടെ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്.
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി പുനഃസംഘടിപ്പിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കോടതി വിധി പറയാത്തത് ന്യായവിധിയില്‍ നിന്നുള്ള വിസ്മയകരമായ ഒഴിഞ്ഞു മാറ്റമാണ്.
ഭരണഘടനയുടെ 3-ാം വകുപ്പ് ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തെ തരംതാഴ്ത്താന്‍ ഉപയോഗിച്ചതില്‍ നിന്നു ഉയര്‍ന്നുവന്ന നേര്‍ചോദ്യങ്ങളെക്കുറിച്ച് ഒരു ന്യായവിചാരം നടത്താന്‍ കോടതി തയാറാവാത്തത് ഞെട്ടലുണ്ടാക്കുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ ഉറപ്പാണ് ഇതിനുള്ള ഏക കാരണമായി പ്രസ്താവിച്ചത്. ഇവിടെ ഒരു പരിഹാര നടപടിയുടെ കേവല ഉറപ്പ് മാത്രം ഏതെങ്കിലും പ്രവൃത്തിക്ക് നിയമസാധുത നല്‍കുമോ എന്ന ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. അതേസമയം, ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണപ്രദേശമായി വേര്‍തിരിച്ച് നിര്‍ത്തുന്നതിനെ കോടതി ശരിവെച്ചിരിക്കുകയാണ്.
ഏതെങ്കിലും സംസ്ഥാനത്തിന്റെ ഭാഗങ്ങളില്‍ നിന്ന് പുതിയ കേന്ദ്രഭരണപ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളില്ല എന്ന് യൂണിയന്‍ ഗവണ്‍മെന്റിനെ വിളിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരു വിധിയാണിക്കാര്യത്തില്‍ ഉണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെയും അതിന്റെ നിയമസഭയുടെയും പ്രതിനിധിയായി പ്രവര്‍ത്തിക്കാനുള്ള പ്രസിഡന്റിന്റെ അധികാരത്തിനോ പാര്‍ലമെന്റിന്റെ യോഗ്യതയ്‌ക്കോ പരിധിയില്ല എന്ന കോടതിയുടെ നിലപാടും അപകടകരമാണ്.
വിശേഷിച്ചും സംസ്ഥാന നിയമസഭകളുടെ ‘നിയമനിര്‍മാണേതര’ അധികാരങ്ങളെ കുറിച്ചുള്ള പരാമര്‍ശം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്ത അധികാരങ്ങള്‍ക്കുമേല്‍ ഗുരുതര ഭീഷണിയാണുയര്‍ത്തുന്നത്. ഭാവിയില്‍ ഒരു സംസ്ഥാനത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഏതെങ്കിലും അസാധാരണ നടപടികള്‍ നടപ്പിലാക്കാന്‍ വേണ്ടി കേന്ദ്ര ഭരണകൂടം പാര്‍ലമെന്ററി ഭൂരിപക്ഷത്തിന്റെ മറവില്‍ അവിടെ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയേക്കാം. ഭരണഘടനാ ഭേദഗതികള്‍ അംഗീകരിക്കല്‍, സംസ്ഥാനങ്ങള്‍ തമ്മിലുള്ള കരാറുകള്‍ ഉപേക്ഷിക്കല്‍, നിര്‍ണായകമായ കേസുകള്‍ പിന്‍വലിക്കല്‍, സുപ്രധാനമായ നയം മാറ്റങ്ങള്‍ കൊണ്ടുവരല്‍ തുടങ്ങിയവ ഇതിന് ചില ഉദാഹരണങ്ങളായി എടുക്കാം.
പ്രസിഡണ്ട് ഭരണത്തിന്റെ മറവില്‍ നടപ്പില്‍ വരുത്തുന്ന ഏതെങ്കിലും നടപടികള്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വലിയ വിനയാവുകയാണെങ്കില്‍, പിന്നീട് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറിനോ സഭയ്‌ക്കോ ഇവയില്‍ ചിലത് പുനഃസ്ഥാപിക്കാമെന്ന കാഴ്ചപ്പാട് തീരേ ഗുണം ചെയ്യുന്നതല്ല. സ്ഥാപനപരമായ നിയന്ത്രണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഈ വിധി ജമ്മു കശ്മീരിന് മേലുള്ള ഇന്ത്യന്‍ പരമാധികാരത്തെ യഥാവിധി ഉയര്‍ത്തി പിടിക്കുന്നതോടൊപ്പം തന്നെ ഫെഡറലിസത്തെയും ജനാധിപത്യ പ്രക്രിയകളെയും ഭയാനകമായ രീതിയില്‍ ദുര്‍ബലപ്പെടുത്തുക കൂടി ചെയ്യുന്നു.
വിവ. ടി ടി എ റസാഖ്‌

Back to Top