കൂടുതല്‍ തടവ് കേന്ദ്ര നിര്‍മാണം: നിലപാട് അപഹാസ്യം
മഞ്ചേരി: സംസ്ഥാനത്ത് കൂടുതല്‍ കരുതല്‍ തടവു കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി അഭിപ്രായപ്പെട്ടു. കൂടുതല്‍ തടവു കേന്ദ്രങ്ങള്‍ നിര്‍മിക്കില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതിന് ശേഷവും സാമൂഹ്യനീതി വകുപ്പ് ഇതിനായി താല്‍പര്യ പത്രം ക്ഷണിച്ചത് സര്‍ക്കാറിന്റെ നിലപാടില്‍ നിന്നുള്ള പിന്മാറ്റമാണെന്ന് ഐ എസ് എം ആരോപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് അജണ്ടകള്‍ക്ക് ശക്തി പകരുന്ന നിലപാട് മതേതര കേരളം ഭരിക്കുന്ന സര്‍ക്കാറിന് ചേര്‍ന്നതല്ലെന്നും ഐ.എസ്എം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. പി എം എ സമദ്, ലത്തീഫ് മംഗലശ്ശേരി, ജാബിര്‍ വാഴക്കാട്, ഷക്കീല്‍ ജുമാന്‍, സമീര്‍ പത്തനാപുരം, സി ഇബ്രാഹീം, ഷക്കീല്‍ ജുമാന്‍, സമീര്‍ പന്തലിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.