കറുപ്പിനോട് വെറുപ്പോ?
അബ്ദുല്‍അലി
വര്‍ണചിന്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കറുപ്പിനോടുള്ള കടുത്ത വെറുപ്പ് വമിക്കുന്ന വാക്കുകളാണ് നമ്മുടെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ടത്. അത് കേവലം ഒരാളില്‍ ഒതുങ്ങിനില്‍ക്കുന്ന മനോഭാവമാണെന്നു തോന്നുന്നില്ല. നിറത്തിനും കറുപ്പിനും ജാതീയതയേക്കാള്‍ കൂടുതല്‍ ബന്ധമുള്ളത് വംശീയതയുമായാണ്. എല്ലാ മതത്തിലും നിറവ്യത്യാസമുള്ള മനുഷ്യരുണ്ട്. നിറം ഒരു കൊളോണിയല്‍ മനഃസ്ഥിതി കൂടിയാണ്. കോളനിവത്കരണത്തിന്റെ ഭാഗമായാണ് നിറത്തിന്റെ പ്രസക്തി വര്‍ധിച്ചത്. അതിനു മുമ്പാകട്ടെ അധികാരശ്രേണി തീരുമാനിച്ചിരുന്നത് ജാതിയായിരുന്നു. നിറഭേദത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് നടത്തുന്നതും ജാതിയില്‍ ഊന്നിയാണ്.
ജാതി പരിശീലിക്കുന്ന അതേസമയം എനിക്ക് ജാതിയില്ലെന്നു പറയുന്ന മലയാളികളെ സംബന്ധിച്ച് ജാതി ഒളിച്ചുകടത്തുന്നത് പതിവാണ്. പുറമേ ലിബറലിസവും പുരോഗമനവാദവും ഉള്‍ക്കൊള്ളുകയും മറുവശത്ത് തികഞ്ഞ ജാതീയത പുലര്‍ത്തുകയും ചെയ്യുന്ന മലയാളി സമൂഹം ഈ വിഷയത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. ജാതി വാണിരുന്ന ഒരു കാലത്തേക്കുള്ള തിരിച്ചുപോക്കായാണോ ഇതിനെ വിലയിരുത്തേണ്ടത്. ഇപ്പോഴും മാട്രിമോണിയില്‍ പരസ്യം ചെയ്ത് സ്വജാതിയില്‍ നിന്നു മാത്രം കല്യാണം കഴിക്കുകയും, എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടുകൂടി ജീവിക്കുകയും ചെയുന്ന ഒരു സമൂഹത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കാനുള്ളത്! മലയാളിയുടെ മതേതര-ജാതിവിരുദ്ധ ബോധത്തിന് ഏറ്റ പ്രഹരമായി ഇതിനെ കണക്കാകാന്‍ കഴിയില്ല. ഇവിടെ നിലനില്‍ക്കുന്ന, പാലിച്ചുകൊണ്ടിരിക്കുന്ന ജാതി-വംശ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണിത്. അത് ഒരു വ്യക്തിയിലൂടെ പുറന്തള്ളപ്പെട്ടുവെന്നു മാത്രം.