23 Monday
December 2024
2024 December 23
1446 Joumada II 21

കാരുണ്യക്കടല്‍, കരുണാമയന്‍

പി മുസ്തഫ നിലമ്പൂര്‍


പരമ കാരുണികനായ പ്രപഞ്ച നാഥന്റെ വേദഗ്രന്ഥം അവതീര്‍ണമായ മാസമാണ് വിശുദ്ധ റമദാന്‍. പാപമോചനത്തിനും സ്വര്‍ഗപ്രവേശത്തിനും സാധ്യമാകുന്ന അനുഗൃഹീത ദിനങ്ങളാണത്. അവന്റെ കാരുണ്യവും അനുഗ്രഹവും പെയ്തിറങ്ങുന്ന പുണ്യങ്ങളുടെ പൂക്കാലം. അതിരുകള്‍ ഇല്ലാത്ത പ്രതിഫലമാണ് വാഗ്ദാനം നല്‍കപ്പെട്ടിട്ടുള്ളത്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനവും സത്യമാര്‍ഗത്തെ തെളിയിച്ചു തരുന്നതുമായ വിശുദ്ധ ഖുര്‍ആനിന്റെ ജീവിക്കുന്ന സാക്ഷികളാവുകയാണ് നാം. അങ്ങനെ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്യുന്നതിലൂടെ പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെട്ടവരാകുന്നു. റമദാനിലെ എല്ലാ ദിവസവും വിളംബരം ചെയ്യും: ”നന്മ അന്വേഷിക്കുന്നവനെ നീ മുന്നോട്ടുവരിക, തിന്മ തേടുന്നവനേ നീ തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കുക.” (നസാഈ)
പ്രപഞ്ചനാഥന്റെ കാരുണ്യം
പരമ കാരുണികനായ അല്ലാഹു അവന്റെ കരുണ ചൊരിയുന്നതിനു വേണ്ടിയാണ് നമ്മെ സൃഷ്ടിച്ചത് തന്നെ (ഹൂദ് 119). അവന്റെ പൂര്‍ണമായ കാരുണ്യം അന്ത്യനാളില്‍ സുകൃതവാന്‍മാര്‍ക്ക് മാത്രമുള്ളതാകുന്നു. എന്നാല്‍ അതില്‍ ഒരു ഭാഗം അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ സൃഷ്ടികളിലും വിശാലമാക്കി. ”എന്റെ കാരുണ്യമാകട്ടെ സര്‍വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. എന്നാല്‍ ധര്‍മനിഷ്ഠ പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്.” (വി.ഖു 7:156)
”ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടേതാകുന്നു? പറയുക: അല്ലാഹുവിന്റേതത്രെ. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും.” (വി.ഖു 6:12)
”നിശ്ചയം അല്ലാഹുവിന് നൂറു കാരുണ്യമുണ്ട്. അതില്‍ നിന്ന് ഒരെണ്ണം അവന്‍ ജിന്നുകള്‍, മനുഷ്യര്‍, മൃഗങ്ങള്‍ പ്രാണികള്‍ എന്നിവര്‍ക്കിടയില്‍ ഇറക്കി. അതുകൊണ്ടാണ് അവര്‍ പരസ്പരം കരുണ കാണിക്കുന്നതും പരസ്പരം വാല്‍സല്യം കാണിക്കുന്നതും. അതുകൊണ്ടു തന്നെയാണ് വന്യജീവി (പോലും) തന്റെ കുഞ്ഞിനോട് കരുണ കാണിക്കുന്നതും. 99 കാരുണ്യം അല്ലാഹു മാറ്റിവെച്ചിരിക്കുന്നു. അതുകൊണ്ട് അന്ത്യനാളില്‍ തന്റെ അടിമകളോട് കാരുണ്യം ചൊരിയുന്നതാണ്.” (ബുഖാരി, മുസ്‌ലിം)
അല്ലാഹു സൃഷ്ടിപ്പ് നിര്‍വഹിച്ച ശേഷം അവന്റെ പക്കല്‍ അവന്റെ സിംഹാസനത്തിന്‍മേല്‍ രേഖപ്പെടുത്തി: തീര്‍ച്ചയായും എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം)
വര്‍ധിച്ച പ്രതിഫലം
കാരുണ്യത്തിന്റെ ഉറവിടമായ രക്ഷിതാവിന് തന്റെ ദാസന്മാരെ ശിക്ഷിക്കാന്‍ താല്പര്യമില്ല. പ്രതിഫലങ്ങള്‍ ഇരട്ടിപ്പിച്ചും വിശേഷമാക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ അറ്റമില്ലാതെയും നോമ്പുകാര്‍ക്ക് അവര്‍ പോലും അതിശയിക്കുന്നതുമായ പ്രതിഫലവും രഹസ്യമാക്കി വെച്ചത്, അല്ലാഹുവിന് തന്റെ ദാസരോടുള്ള കരുണയാല്‍ അവര്‍ക്ക് പൊറുത്തു കൊടുക്കാനും അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനുമാണ്. തിന്മകള്‍ക്ക് തത്തുല്യമായ ശിക്ഷ നല്‍കുമ്പോള്‍ നന്മകള്‍ക്ക് പത്തിരട്ടി മുതല്‍ എഴുന്നൂറോളം ഇരട്ടിയോ അതില്‍ കൂടുതലോ നല്‍കുന്നു. ”വല്ലവനും ഒരു നന്മ കൊണ്ടു വന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.” (വി.ഖു 6:160)
തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ് (വി.ഖു 4:40)
ഒരു നന്മ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ തന്നെ ഒരു നന്മയുടെ പ്രതിഫലം രേഖപ്പെടുത്തും. ഒരു തിന്മ ചെയ്യാന്‍ ഉദ്ദേശിച്ചു. അത് ചെയ്തില്ലെങ്കില്‍ അതും ഒരു നന്മയായി രേഖപ്പെടുത്തുകയും ചെയ്ത് തന്റെ ദാസരെ സ്വര്‍ഗ ത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അവന്റെ പ്രതിഫലം വര്‍ധിപ്പിച്ചു നല്‍കി കാരുണ്യം കൊണ്ട് അവന്‍ അവരെ പൊതിയുകയാണ്.
പാപം പൊറുക്കുന്നവന്‍
തെറ്റ് സംഭവിച്ച ഒരു ദാസന്‍ കുറ്റബോധത്തോടെ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങിയാല്‍ അവന്‍ അവനെ പറ്റി ഏറെ തൃപ്തിപ്പെട്ടവനാകും, വഴിമധ്യേ യാത്രക്കിടയില്‍ നഷ്ടമായ ഒട്ടകത്തെ തിരിച്ചു കിട്ടുമ്പോള്‍ യാത്രക്കാരന് ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ എത്രയോ അധികം. ”നിങ്ങളില്‍ ഒരാളുടെ ഒട്ടകം മരുഭൂമിയില്‍ വഴിതെറ്റിപ്പോയ ശേഷം അയാളത് കണ്ടെത്തുമ്പോള്‍ അയാള്‍ക്ക് എത്രമാത്രം സന്തോഷമുണ്ടാകുമോ അതിനേക്കാള്‍ കൂടുതലായി അല്ലാഹുവിന്റെ അടിമയുടെ പശ്ചാത്താപത്തില്‍ അല്ലാഹു സന്തുഷ്ടനാണ്.” (ബുഖാരി, മുസ്‌ലിം)
തടവുകാരില്‍ പെട്ട ഒരു സ്ത്രീ തന്റെ കുട്ടിയെ അന്വേഷിച്ച് ആശങ്കപ്പെട്ട് ഓടി നടക്കുകയും കണ്ടെത്തിയപ്പോള്‍ സന്തോഷത്തോടെ നെഞ്ചോടു ചേര്‍ത്തു പാലൂട്ടുന്നത് സംബന്ധിച്ച് നബി(സ) ചോദിച്ചു: ഈ മാതാവ് ആ കുഞ്ഞിനെ തീയിലേക്ക് എറിയുമെന്ന് നിങ്ങള്‍ കരുതുന്നുവോ? അവര്‍ പറഞ്ഞു: ഇല്ല. നബി(സ) പറഞ്ഞു: ഈ സ്ത്രീക്ക് കുഞ്ഞിനോടുള്ള കാരുണ്യത്തേക്കാള്‍ എത്രയോ കാരുണ്യം അല്ലാഹുവിന് അവന്റെ ദാസന്മാരോടുണ്ട്.” (ബുഖാരി അദബ്)
മാതാവ് കുഞ്ഞിനെ തീയിലേക്ക് എറിയാതിരിക്കുന്നത് അവനോടുള്ള വാത്സല്യമാണ്. ലോകത്തുള്ള സര്‍വ മാതാപിതാക്കളുടേയും മറ്റു സൃഷ്ടികളുടെയും വാല്‍സല്യങ്ങള്‍ ഒരുമിച്ചു ചേര്‍ത്താല്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറിലൊന്ന് മാത്രമേ വരുന്നുള്ളൂ. ആ രക്ഷിതാവ് ഏറെ കൃപയുള്ളവനാണ്. അവന് അവന്റെ ദാസനെ ശിക്ഷിക്കാന്‍ ഇഷ്ടമല്ല. അഹങ്കാരികളും ധിക്കാരികളും അവരെ തന്നെ നാശത്തില്‍ പതിക്കുകയാണ് ചെയ്യുന്നത്.
മനുഷ്യ പ്രകൃതി
പാപം ചെയ്യുക എന്നത് മനുഷ്യന്റെ സഹജ സ്വഭാവമാണ്. പാപം തിരിച്ചറിഞ്ഞു അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി പശ്ചാത്തപിച്ച് സംസ്‌കൃതമാകാന്‍ അല്ലാഹു നല്‍കിയ സംവിധാനമാണ് പശ്ചാതാപം. ഖുര്‍ആന്‍ പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം ചെയ്തുകൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം.” (വി.ഖു 66:8)
”സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (വി.ഖു 24:31)
”അവനാകുന്നു തന്റെ ദാസന്മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്‌കൃത്യങ്ങള്‍ക്ക് മാപ്പു നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു.” (വി.ഖു 42:25)
നബി(സ) പറഞ്ഞു: ”ആദം സന്തതികള്‍ അഖിലവും തെറ്റു ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.” (തിര്‍മിദി, ഇബ്‌നുമാജ)
ഈ പ്രകൃതി അറിയുന്നവനായ സ്രഷ്ടാവ് തെറ്റ് പറ്റിയവര്‍ക്ക് പൊറുത്തു കൊടുക്കുന്നത് ഇഷ്ടപ്പെടുന്നു. ”തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.” (വി.ഖു 2:222)
അല്ലാഹു പറഞ്ഞതായി നബി(സ) പറഞ്ഞു: ‘നിങ്ങള്‍ പാപം ചെയ്യുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങളെ ഇവിടെ നിന്ന് നിര്‍മാര്‍ജനം ചെയ്യും. എന്നിട്ട് പാപം ചെയ്യുകയും അല്ലാഹുവിനോട് മാപ്പിരക്കുന്നവരുമായ ജനതയെ അവന്‍ ഇവിടെ താമസിപ്പിക്കും. അവര്‍ക്ക് പാപമോചനം നല്‍കുന്നതുമാണ് (മുസ്‌ലിം 2749). ഇത് പാപം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന വചനമല്ല. പാപം ചെയ്യാതിരിക്കുക എന്നത് മനുഷ്യന് സാധ്യമല്ലായെന്നതിനാല്‍ അവര്‍ക്ക് സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തെളിനീര്‍ നല്‍കുകയാണ്.
പാപമോചനം നേടിയ പാപത്തെ സംബന്ധിച്ച് വിചാരണ ചെയ്യല്‍ പശ്ചാത്തപിച്ച് മടങ്ങിയവര്‍ തെറ്റുചെയ്യാത്തവരെപ്പോലെയാണ്. (ഇബ്‌നുമാജ 4250) നബി(സ) പറഞ്ഞു: ”പകല്‍ പാപം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിക്കാനായി രാത്രിയില്‍ അല്ലാഹു തന്റെ കരംനീട്ടുന്നു. രാത്രിയിലെ കുറ്റവാളിയുടെ പശ്ചാത്താപം സ്വീകരിക്കാനായി അവന്‍ പകലില്‍ കരംനീട്ടുന്നു. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുവോളം (അന്ത്യനാള്‍ വരെ) ഇത് തുടരും.” (മുസ്‌ലിം 2703). രക്ഷിതാവിന്റെ കരം നീട്ടുമെന്ന തിരുവചനത്തില്‍ നിന്ന് പൊറുക്കലിനെ തേടുന്നവരോടുള്ള അല്ലാഹുവിന്റെ കാരുണ്യം വ്യക്തമാണ്.
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള വിവിധ സന്ദര്‍ഭങ്ങളില്‍ അവന്‍ നമ്മുടെ പാപങ്ങള്‍, നാം പോലും അറിയാതെ നമുക്ക് പൊറുത്തു കൊണ്ടിരിക്കുന്നു. വന്‍പാപങ്ങള്‍ ഒഴികെ, പശ്ചാത്തപിച്ച് മടങ്ങിയാല്‍ വന്‍ പാപവും അല്ലാഹു പൊറുത്തു കൊടുക്കും. എല്ലാ പാപങ്ങളും പൊറുക്കുന്ന കാരുണ്യത്തിന്റെ നിധിയാണ് നമ്മുടെ രക്ഷിതാവ്. ”പറയുക: സ്വന്തം ആത്മാക്കളോട് അമിതമായി അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (വി.ഖു 39:53)
അമിതമായി കുറ്റം പ്രവര്‍ത്തിച്ചവരെയാണ് എന്റെ അടിമകളേ എന്ന് അല്ലാഹു അഭിസംബോധന ചെയ്യുന്നത്. ഇതില്‍ നിന്നു തന്നെ അല്ലാഹുവിന്റെ കാരുണ്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. അല്ലാഹു പറഞ്ഞതായി ഖുദ്‌സിയായ ഹദീസിലൂടെ നബി പഠിപ്പിക്കുന്നു: ”ആദമിന്റെ പുത്രാ, നിശ്ചയം നീയെന്നോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയും എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുമ്പോഴെല്ലാം ഞാന്‍ നിനക്ക് പാപമോചനം നല്‍കുന്നതാണ്. നിന്നില്‍ നിന്ന് ഉണ്ടായ പാപങ്ങള്‍ എന്തു തന്നെയായാലും അതൊന്നും ഞാന്‍ പ്രശ്‌നമാക്കുന്നില്ല. ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ ആകാശ ചക്രവാളത്തോളം എത്തുകയും എന്നിട്ട് നീ എന്നോട് പാപമോചനം തേടിയാലും ഞാന്‍ നിനക്ക് പൊറുത്തു തരുന്നതാണ്. ഭൂമി നിറയെ പാപങ്ങളുമായി എന്നെ സമീപിക്കുകയാണെങ്കില്‍ എന്നില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതെ എന്നെ അഭിമുഖീകരിക്കുന്നുവെങ്കില്‍ അതിനു സമാനമായ പാപമോചനവുമായി ഞാന്‍ നിന്നെയും സമീപിക്കുന്നതാണ്.” (തിര്‍മിദി). ആദമിന്റെ പുത്രാ എന്ന അഭിസംബോധനയില്‍ തന്നെ മറവിയും പിഴവും പറ്റുന്ന പ്രകൃതി ഓര്‍മപ്പെടുത്തുകയാണ്.
തിന്മയെ നന്മയായ് മാറ്റും
തിന്മകള്‍ മാപ്പാക്കി തരിക മാത്രമല്ല, പിന്നീട് സല്‍പാതയിലൂടെ ചലിച്ചാല്‍ അവന്റെ തിന്മക്കു പകരം നന്മയെ അവന്‍ നല്‍കുന്നതാണ്. അതാണ് കാരുണ്യവാനായ നാഥന്റെ ഉപഹാരം. നിന്ദ്യമായ ശിക്ഷയെ പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: ”പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്‍ക്ക് പകരം നന്മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.” (വി.ഖു 25:70)
മുആദിബ്‌നു ജബലി(റ)നോട് നബി(സ) പറഞ്ഞു: ”നീ എവിടെയാണെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മയെ തുടര്‍ന്നു നന്മ ചെയ്യുക (ആ നന്മ) തിന്മയെ മായ്ച്ചു കളയും. ജനങ്ങളോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക.” (തിര്‍മിദി)
ഒരാള്‍ നബി(സ)യുടെ സന്നിധിയില്‍ വന്നു പരസ്ത്രീയുമായി ബന്ധമുണ്ടായത് പറഞ്ഞുകൊണ്ട് ശിക്ഷ വിധിക്കാന്‍ ആവശ്യപ്പെട്ടു. ഇതുകേട്ട് ഉമര്‍(റ) പറഞ്ഞു: അല്ലാഹു മറച്ചുവെച്ചതിനെ നീയും മറച്ചു വെച്ചിരുന്നെങ്കില്‍! നബി അദ്ദേഹത്തോട് മറുപടി ഒന്നും പറഞ്ഞില്ല. ആഗതന്‍ അവിടെ നിന്നും എഴുന്നേറ്റു പോയി. അപ്പോള്‍ നബി അദ്ദേഹത്തെ വിളിപ്പിച്ചു. എന്നിട്ട് ഓതിക്കൊടുത്തു: പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മ്മങ്ങളെ നീക്കി കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്. (വി.ഖു 11:114)
അപ്പോള്‍ നബി(സ)യുടെ അനുചരരിലൊരാള്‍ എഴുന്നേറ്റ് ചോദിച്ചു: നബിയേ, ഇത് അദ്ദേഹത്തിന് മാത്രം പ്രത്യേകമായ വിധിയാണോ? നബി പറഞ്ഞു: അല്ല ഇത് എന്റെ ഉമ്മത്തിന് മുഴുവനും ബാധകമാണ്. (ബുഖാരി 526,2773, മുസ്‌ലിം 2763)
മറ്റൊരിക്കല്‍ ഇത്തരമൊരു കുറ്റസമ്മതവുമായി ഒരാള്‍ വന്നു. നബി അദ്ദേഹത്തോട് ചോദിച്ചു: നീ ഞങ്ങളുടെ കൂടെ നമസ്‌കരിച്ചില്ലേ? അദ്ദേഹം പറഞ്ഞു: അതെ. നബി(സ) പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു. (ബുഖാരി 6823, മുസ്‌ലിം 2764)
ഇസ്‌ലാമികമായ ശിക്ഷാനടപടി ഇത്തരം ആരാധനകള്‍ കൊണ്ട് ഒഴിവാക്കപ്പെടുമെന്ന് ഇതിനര്‍ഥമില്ല. പാപങ്ങളെ നിസ്സാരവത്കരിക്കുകയുമല്ല. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലതയാണ് ഇത് വ്യക്തമാക്കുന്നത്.
അവന്റെ പാപമോചനത്തെ കുടുസ്സാക്കാനും നിര്‍ണയിക്കാനും നമുക്ക് അവകാശമില്ല. ബനൂ ഇസ്‌റായീല്യരില്‍പ്പെട്ട രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള ഒരു സംഭവം നബി(സ) അറിയിക്കുകയുണ്ടായി. അവരിലൊരാള്‍ തെറ്റുകള്‍ ചെയ്യുന്ന വ്യക്തിയും മറ്റൊരാള്‍ ആരാധനയില്‍ പരിശ്രമിക്കുന്ന വ്യക്തിയുമാണ്. ആരാധന നിമഗ്നനായി ജീവിക്കുന്നവന്‍ മറ്റവനെ ഉപദേശിച്ചു കൊണ്ടേയിരുന്നു. ഉപദേശം തുടര്‍ന്നപ്പോള്‍ തെറ്റ് ചെയ്യുന്ന വ്യക്തി ഒരു ദിവസം അദ്ദേഹത്തോട് ചോദിച്ചു: അല്ലാഹു നിന്നെ എന്റെ കാര്യത്തില്‍ മേല്‍നോട്ടക്കാരനാക്കിയിട്ടുണ്ടോ? എന്നെ എന്റെ പാട്ടിന് വിട്ടേക്കുക. അപ്പോള്‍ ആരാധന ചെയ്യുന്ന വ്യക്തി പറഞ്ഞു: അല്ലാഹു നിനക്ക് പൊറുത്തു തരാതിരിക്കട്ടെ. അല്ലെങ്കില്‍ നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കട്ടെ. അങ്ങനെ അവര്‍ രണ്ടുപേരും മരണപ്പെട്ടു. ലോകരക്ഷിതാവ് അവര്‍ രണ്ടുപേരെയും ഒരുമിച്ചു കൂട്ടി. ആരാധനയില്‍ ജീവിച്ചവനോട് അല്ലാഹു ചോദിച്ചു: എന്നെപ്പറ്റി നീയാണോ കൂടുതല്‍ അറിയുന്നവന്‍? എന്റെ കയ്യിലുള്ളത് നിര്‍ണയിക്കുന്നവനാണോ നീ? എന്നിട്ട് തെറ്റ് ചെയ്തവനോട് അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യം കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കൂ. ആരാധനയില്‍ ജീവിച്ചവനെ സംബന്ധിച്ച് രക്ഷിതാവ് മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ഇയാളെ നരകത്തില്‍ പ്രവേശിപ്പിക്കൂ. (മുസ്‌നദ് അഹ്മദ്, അബൂദാവൂദ്)
മറ്റൊരു രിവായതില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്നു, ‘താന്‍ മരണമടഞ്ഞാല്‍ തന്നെ ദഹിപ്പിച്ച് കടലിലും കരയിലും വിതറാന്‍’ ഉപദേശിച്ച വ്യക്തിക്ക്, അയാള്‍ അല്ലാഹുവിനെ ഭയപ്പെട്ട കാരണത്താല്‍ പൊറുത്തു കൊടുത്തത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
റമദാന്‍ സുവര്‍ണാവസരം
ഏത് സന്ദര്‍ഭത്തിലും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും പൊറുക്കലിനെ തേടാനും പറ്റും. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേകം പരിഗണനാര്‍ഹമാണ്. അതിലേറെ വിശേഷമാണ് റമദാന്‍. ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തിന്മകളെ കരിച്ചുകളയുന്ന മാസമാണിത്. ആത്മ ഹര്‍ഷങ്ങളാല്‍ വസന്തം ചൊരിയുന്നതാണത്. നമ്മുടെ തെറ്റിന്റെ കൂമ്പാരം എത്രയാണെങ്കിലും രക്ഷിതാവിന്റെ കാരുണ്യം അതിവിശാലമാണ്. ഇതുവരെയും ഒരു നന്മ പോലും ചെയ്യാത്തവരാണെങ്കിലും ഈ പുണ്യ റമദാനില്‍ ഖേദിച്ചു മടങ്ങിയാല്‍ അവന്‍ എല്ലാം പൊറുത്തു തരികയും കരുണ ചൊരിയുകയും ചെയ്യും. ദീര്‍ഘമായ ഒരു ഖുദ്‌സിയായ ഹദീസിന്റെ അവസാന ഭാഗം ഇപ്രകാരമാണ്:
”….എന്റെ അടിയാറുകളേ, നിങ്ങള്‍ രാവിലും പകലിലും തെറ്റുകള്‍ ചെയ്യുന്നു. ഞാന്‍ എല്ലാ പാപവും പൊറുക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ എന്നോട് പൊറുക്കലിനെ തേടൂ. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തരാം. എന്റെ അടിമകളേ, നിങ്ങളിലെ മനുഷ്യരും ജിന്നുകളും നിങ്ങളുടെ ആദ്യത്തവരും അവസാനത്തവരും ഏറ്റവും സൂക്ഷ്മത ബോധമുള്ളവനെ പോലെ ആയാലും അതൊന്നും എന്റെ അധികാരത്തെ വര്‍ധിപ്പിക്കില്ല. (എന്റെ അധികാരം അത്യുന്നതമാണ്). നിങ്ങളിലെ ജിന്നും മനുഷ്യരും നിങ്ങളിലെ ആദ്യത്തവരും അവസാനത്തവരും ഏറ്റവും ദുഷ്ടനായ ഒരുവനെപ്പോലെ ആയാലും എന്റെ അധികാരത്തില്‍ ഒന്നും കുറവ് വരുത്തുകയില്ല. എന്റെ അടിയാറുകളേ, നിങ്ങളില്‍ ആദ്യത്തവരും അവസാനത്തവരും ജിന്നുകളും മനുഷ്യരും ഒരുമിച്ചു ചേര്‍ന്നു നിങ്ങള്‍ എല്ലാവരും എന്നോട് ചോദിക്കുകയും അത് മുഴുവനും ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്‍കുകയും ചെയ്താലും സമുദ്രത്തില്‍ സൂചി മുക്കിയെടുത്ത പോലെയല്ലാതെ അതൊന്നും കുറവ് വരുത്തുകയില്ല. എന്റെ അടിയാറുകളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ക്ലിപ്തപ്പെടുത്തുകയും പിന്നെ നിങ്ങള്‍ക്കത് പൂര്‍ത്തിയാക്കി തരികയും ചെയ്യും. അതിനാല്‍ ആര് നന്മ കണ്ടുവോ അവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ. അതല്ലാത്തത് വല്ലവനും കണ്ടാല്‍ അവന്‍ അവനെ തന്നെയല്ലാതെ കുറ്റപ്പെടുത്തേണ്ടതില്ല.” (മുസ്‌ലിം 2577)

Back to Top