കരുണയുടെ വാഹകര്‍
കെ പി യൂസുഫ്
സകല മനുഷ്യരിലും ഉണ്ടായിരിക്കണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്ന ഭാവമാണ് കരുണ. കാരുണ്യത്തെ സ്വന്തം പേരില്‍ ബാധ്യതയായി അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. റസൂല്‍(സ) ഇതിനെ വിശദീകരിക്കുന്നത്, സൃഷ്ടിപ്പ് നടത്തിയപ്പോള്‍ ‘എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു’ എന്ന് അല്ലാഹു അര്‍ശില്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ്. (ബുഖാരി, മുസ്‌ലിം)
നബി(സ)യുടെയും അനുചരന്മാരുടെയും മക്കാജീവിതത്തിലും മദീനാ ജീവിതത്തിലുമുള്ള മൗലികമായ അന്തരം എന്തായിരുന്നു എന്നത് വിശദപഠനം ആവശ്യമായ വിഷയമാണ്. മക്കാ കാലഘട്ടം പ്രബോധനത്തിന്റെയും ക്ഷമയുടെയും സംയമനത്തിന്റെയും മദീനാ കാലഘട്ടം പ്രതിക്രിയയുടെയും തിരിച്ചടികളുടെയും പകരം വീട്ടലിന്റെയും എന്നൊരു ആഖ്യാനം പൊതുവെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പണ്ഡിതന്മാരില്‍ നിന്ന് പോലും ഇത്തരമൊരു വിവരണം കേള്‍ക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഇത് സൂക്ഷ്മവും വസ്തുതാപരവുമാണോ?
മുസ്ലിംകള്‍ക്കും ഇസ്ലാമിക സമൂഹത്തിനുമെതിരെ പതിയിരുന്ന് ആക്രമണം നടത്തുകയും ഇസ്ലാമിക സംഘടിത ശക്തിക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യുന്ന വിഭാഗത്തിനെതിരെ ആസൂത്രിത നീക്കം അല്ലെങ്കില്‍ യുദ്ധം നടത്താന്‍ ഖുര്‍ആന്‍ അനുമതി നല്‍കിയത് ഹിജ്‌റക്കു ശേഷമാണ്. അതേസമയം ‘കൈകള്‍ അടക്കിവെച്ച് നമസ്‌കാരവും നോമ്പുമായി കഴിയുക’ എന്ന അല്ലാഹുവിന്റെ വചനം ഇല്ലാത്ത ഒരറ്റം വരെ വ്യാഖ്യാനിച്ച്, മസോക്കിസത്തിന്റെ ഭാഷ്യം ചമയ്ക്കുന്നത് സോദ്ദേശ്യപൂര്‍വമല്ല എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഹിജ്‌റക്ക് മുന്‍പും ശേഷവുമുള്ള കാലഘട്ടങ്ങളെ മേല്‍പറഞ്ഞ വിധത്തില്‍ രണ്ടായി വിഭജിക്കുന്നത് തെറ്റായ വായനയാണ് എന്ന് വിശുദ്ധ ഖുര്‍ആനിലെ നിരവധി ആയത്തുകള്‍ സംശയരഹിതമായി നമ്മെ ബോധ്യപ്പെടുത്തുന്നു.
‘യുക്തിദീക്ഷയോടും സദുപദേശത്തോടും കൂടി നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്. സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ നേര്‍ക്കുണ്ടായതിന് തുല്യമായത് സ്വീകരിക്കുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ അതു തന്നെയാണ് ക്ഷമാശീലര്‍ക്ക് കൂടുതല്‍ ഉത്തമം. (അന്നഹ്ല്‍ 125,126)
മര്‍ദന പീഡനങ്ങള്‍ രൂക്ഷമായ മക്കാ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അഥവാ ഹിജ്‌റക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്ന കാലയളവില്‍ അവതരിച്ച ഈ ദിവ്യവചനങ്ങളില്‍ പോലും ഏറ്റവും ഉല്‍കൃഷ്ടവും സമാധാനപൂര്‍ണവുമായ പ്രബോധന മര്യാദയും, അതോടൊപ്പം തിരിച്ചടിക്കുള്ള പൗരാവകാശത്തെപ്പറ്റിയും പ്രതിപാദിക്കുന്നു.
പക്ഷേ, മക്കാ ജീവിതഘട്ടത്തില്‍ തന്നെ മുന്‍പറഞ്ഞതിനും എത്രയോ മുന്‍പ് അവതീര്‍ണമായ സൂറതുശ്ശൂറായിലെ 41 മുതല്‍ 43 വരെയുള്ള വചനങ്ങള്‍ ഈ ആശയത്തെ കൂടുതല്‍ കൃത്യതയോടെ പഠിപ്പിച്ചു തരുന്നുണ്ട്. ‘താന്‍ മര്‍ദിക്കപ്പെട്ടതിനുശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ കുറ്റം ചുമത്താവതല്ല. ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം കാട്ടുകയും ചെയ്യുന്നവര്‍ക്കെതിരില്‍ മാത്രമേ കുറ്റം ചുമത്താന്‍ മാര്‍ഗമുള്ളു. അത്തരക്കാര്‍ക്കാണ് വേദനാജനകമായ ശിക്ഷ. വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.’
മര്‍ദിക്കപ്പെട്ടവന് തിരിച്ചടിക്കാന്‍ പൂര്‍ണാവകാശമുണ്ട് എന്ന് സംശയരഹിതമായി അല്ലാഹു അനുമതി നല്‍കുന്നു ഈ മക്കാ സൂക്തങ്ങളില്‍. ഇതില്‍നിന്ന് മനസ്സിലാക്കാവുന്ന പ്രധാനപ്പെട്ട കാര്യം, മര്‍ദകന്റെ മുന്നില്‍ കൈകൂപ്പി നിന്ന് തല്ല് വാങ്ങിക്കൂട്ടാന്‍ മാത്രം വിധിക്കപ്പെട്ട നാളുകളായിരുന്നു മക്കാകാലഘട്ടം എന്നത് ഖുര്‍ആന്റെ വികൃതവായനയാണ്, ദുര്‍വ്യാഖ്യാനമാണ് എന്നതാണ്.
മദീനയില്‍ അവതരിച്ച സൂറതുല്‍മാഇദ 45-ാം സൂക്തത്തില്‍ പ്രതിക്രിയ ചെയ്തു കൊള്ളുക എന്ന് പറഞ്ഞ തൊട്ടുടനെ, ‘പക്ഷെ മാപ്പാക്കുകയാണെങ്കില്‍ അതാണ് ഉത്തമവും മഹത്തായ പ്രതിഫലത്തിന് അര്‍ഹവുമെന്ന്’ ഊന്നിപ്പറയുന്നു.
‘ജീവന് ജീവന്‍, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ… ഇങ്ങനെയാണ് തൗറാത്തില്‍ നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്. വല്ലവനും പ്രതിക്രിയ ചെയ്യാതെ മാപ്പ് നല്‍കുന്ന പക്ഷം അതവന് പാപമോചനത്തിന്നുതകുന്ന പുണ്യകര്‍മമാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവരാകുന്നു അക്രമികള്‍.’
സൂറതുന്നഹ്‌ലിലും ഇതേ ആശയം പ്രതിപാദിച്ചിരിക്കുന്നു. മദീനാ അധ്യായമായ സൂറതു ആലുഇംറാനില്‍ പറഞ്ഞിരിക്കുന്നതു നോക്കൂ: ‘സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കി വെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്ന സല്‍കര്‍മ്മചാരികളെ അല്ലാഹു സ്‌നേഹിക്കുന്നു.’
പ്രതിക്രിയാനടപടിയെപ്പറ്റി ഖുര്‍ആന്‍ പ്രതിപാദിക്കുന്ന ഇടങ്ങളിലെല്ലാം, അത് മദീനാ കാലഘട്ടത്തിലെ ഖുര്‍ആന്‍ വചനങ്ങളില്‍ പോലും അടിവരയിട്ട് പറയുന്നു, ‘പക്ഷെ ക്ഷമിക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം’ എന്ന്. അഥവാ, പ്രതിക്രിയ ചെയ്തുകൊള്ളുക എന്നതോടൊപ്പം ഇതില്‍നിന്ന് മനസ്സിലാക്കാവുന്ന രണ്ടാമത്തെ കാര്യം, അല്ലാഹുവിങ്കല്‍ കൂടുതല്‍ പുണ്യവും പ്രതിഫലാര്‍ഹവും വിട്ടുവീഴ്ചയ്ക്കും ക്ഷമയ്ക്കുമാണ് എന്നതാണ്.
ഏറ്റവും അനുയോജ്യമായ യുക്തിയും, ഹൃദയസ്പൃക്കായ സദുപദേശവും മുഖേന പ്രബോധിതനെ അഭിസംബോധന ചെയ്യുക എന്ന കാലാതിവര്‍ത്തിയായി നിര്‍വഹിക്കേണ്ട പ്രബോധന നിബന്ധനകളില്‍ പെട്ട പ്രാഥമിക പാഠത്തെപ്പോലുംനിരാകരിക്കുന്ന രീതിയുള്ളവരില്‍ നിന്ന് ഖുര്‍ആനിനെ സമഗ്രമായി അറിയാന്‍ ശ്രമിക്കുന്ന തലമുറയിലേക്ക് ഈ തലമുറ വളരേണ്ടതുണ്ട്.
മക്കാ വിജയമെന്ന ഇസ്ലാമിക ചരിത്രത്തിലെ അധ്യായം ഈ മനോഹരമായ ആശയത്തെ പ്രവര്‍ത്തന തലത്തില്‍ കാണിച്ചു തന്നതാണ്. വിശ്വമാനവികത ദര്‍ശിച്ച ഏറ്റവും ചേതോഹരമായ ആ ദിനരാത്രങ്ങളില്‍ ആ മണല്‍ഭൂമി സാക്ഷ്യം വഹിച്ച മാനവസ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സംഭവബഹുലമായ മഹാത്ഭുതങ്ങള്‍ ചരിത്രപ്രധാനമാണ്. ദൈവദൂതനേയും അനുചരന്മാരേയും മര്‍ദ്ദനപീഡനങ്ങളുടെ നടുക്കയങ്ങളിലേക്ക് തള്ളിവിട്ട കാപാലിക നേതൃത്വത്തോടടക്കം ‘നിങ്ങള്‍ക്ക് പോകാം നിങ്ങള്‍ സ്വതന്ത്രരാണ്’ എന്ന മാനവികതയുടെ ചരിത്രപ്രസിദ്ധ വിളംബരം നടത്തിയ വിശ്വനായകനെ റോള്‍മോഡലായി സ്വീകരിക്കേണ്ടതുണ്ട്.
23 വര്‍ഷത്തെ പ്രവാചകജീവിതത്തിന് തിരശ്ശീല വീഴുന്ന മക്കം ഫത്ഹ് സുദിനത്തില്‍ വിജയശ്രീലാളിതരും കുറച്ചൊക്കെ പ്രതികാര ദാഹികളുമായ സമുദായഗാത്രം അല്‍യൗം യൗമുല്‍ മല്‍ഹമ (ഇന്ന് കശാപ്പിന്റെ ദിനമാണ്) എന്നാര്‍ത്തു വിളിച്ചു. കാഫിറുകളുടെയും മുശ്‌രിക്കുകളുടെയും ഫാസിഖുകളുടെയും മര്‍ദന പീഡനങ്ങള്‍ക്ക് ഇരയായവരില്‍ ഒന്നാമനായ റസൂല്‍(സ) അവിടെ പക്ഷെ കാരുണ്യത്തിന്റെ മാലാഖയായി പ്രത്യക്ഷപ്പെട്ടു കൊണ്ട് ലാ, അല്‍യൗം യൗമുല്‍ മര്‍ഹമ (ഇന്ന് കരുണയുടെ ദിനമാണ്) എന്ന് തിരുത്തി, ലോകത്തിന് വിട്ടുവീഴ്ചയുടേയും സ്‌നേഹത്തിന്റെയും നിര്‍വചന സാധ്യമല്ലാത്ത പുതിയ പുലരി സമ്മാനിക്കുകയായിരുന്നു.
മറച്ചുവയ്ക്കാനോ മാച്ചുകളയാനോ പറ്റാത്ത ഈ ചരിത്രസത്യത്തിനുമേല്‍ കനത്ത പ്രഹരമേല്‍പിച്ചുകൊണ്ടും, കരുണയുടെയും നീതിയുടെയും ഈ മഹദ് ദര്‍ശനത്തിന്റെ ചങ്കിലെ രക്തം കവര്‍ന്നുകൊണ്ടും ചിലര്‍ ഘോഷിക്കുന്നു, മക്കാകാലഘട്ടം സംയമനത്തിന്റേയും മദീനാ കാലഘട്ടം പകരംവീട്ടലിന്റെയുമാണ് എന്ന്. മൂസാനബി(അ) ചരിത്രത്തില്‍ നടത്തിയ പശ്ചാത്താപത്തിന്റെ ഒരു ഏറ്റുപറച്ചില്‍, ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്കുവേണ്ടി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്.
മൂസാ നബി(അ)യുടെ പശ്ചാത്താപത്തിന്റെ പശ്ചാത്തലമെന്തായിരുന്നു എന്ന് നോക്കുക. അക്കാലത്തെ ഘാതകസംഘമായിരുന്ന ഖിബ്തികളില്‍ പെട്ട ഒരാള്‍, ഒരു ബനൂഇസ്‌റാഈല്‍ സഹോദരനെ മൂസാനബി രക്ഷിക്കാനുള്ള ശ്രമത്തിനിടെ അടികൊണ്ട് വധിക്കപ്പെട്ടതാണ് കുറ്റസമ്മതത്തിന്റെ സാഹചര്യം. പിശാചിന്റെ പ്രേരണയാലാണ് തനിക്ക് അങ്ങനെ സംഭവിച്ചതെന്നും, അതിനാല്‍ തനിക്ക് പൊറുത്തുതരണമെന്നുമുള്ള റസൂലിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും തനിക്ക് പാപമോചനം നല്‍കുകയും ചെയ്ത സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവ്യം. ‘ഇനി ഞാനൊരിക്കലും കുറ്റവാളികള്‍ക്ക് സഹായം ചെയ്യുന്നവനാവുകയില്ല.’
ഇന്ത്യ പോലെയുള്ള ഒരു പ്രബോധക സമൂഹത്തില്‍, പ്രതികരണങ്ങളിലും പ്രതിരോധങ്ങളിലും സംഭവിക്കുന്ന ചെറിയ പിഴവുകള്‍ പോലും, ദൈവികദീനിന്റെ മാനവികതയെയും നീതിസങ്കല്‍പത്തെയും സംശയദൃഷ്ടിയിലാക്കുകയും ഇസ്ലാമിക സമൂഹത്തിന്റ പ്രബോധന സാധ്യതകള്‍ക്കുമേല്‍ വിലങ്ങുകള്‍ വീഴ്ത്തുകയും ചെയ്യും. ക്രിസംഘികളും ബലാല്‍സംഗികളും മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്ന സാമൂഹിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍, സമുദായത്തില്‍ നിന്നുണ്ടാകുന്ന സൂക്ഷ്മതക്കുറവുകള്‍ അക്കൂട്ടര്‍ക്ക് എത്രയധികം സഹായകമാകുമെന്നതിനെക്കുറിച്ച് മുസ്ലിം ഉമ്മത്തിന് ജാഗ്രത വേണം.