12 Friday
April 2024
2024 April 12
1445 Chawwâl 3

കര്‍ഷക സമരവും ട്വിറ്ററും ദേശദ്രോഹവും

അനസ് മലപ്പുറം

കര്‍ഷകസമരം ദേശദ്രോഹത്തിന്റെ കണക്കിലാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പിയും ചേര്‍ത്തിട്ടുള്ളത്. കര്‍ഷക സമരം ഇന്ത്യക്ക് പുറത്തും ഇന്ന് ചര്‍ച്ചയാണ്. രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ട അവസ്ഥ ഒരു പക്ഷെ നമ്മുടെ നാട്ടില്‍ മാത്രമാകും കാണാന്‍ കഴിയുക. ഓരോ ദിവസം കൂടുമ്പോഴും സമരത്തിന്റെ പിന്തുണ വര്‍ധിച്ചു വരുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ പലരും സമരത്തിന് പിന്തുണ നല്‍കുന്നു. സമരം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം 1178 പാകിസ്ഥാന്‍- ഖലിസ്ഥാന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്നു ഇന്ത്യന്‍ സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ നിയമം ലംഘിച്ചു എന്നുറപ്പുള്ള അഞ്ഞൂറോളം അക്കൗണ്ടുകള്‍ അവര്‍ സ്ഥിരമായി ഒഴിവാക്കി എന്ന വിവരം സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. ‘ഞങ്ങള്‍ ലോകത്തുള്ള എല്ലാ ജനാധിപത്യ പോരാട്ടങ്ങളെയും സ്വതന്ത്ര ആശയ പ്രചാരണങ്ങളെയും പിന്തുണക്കാന്‍ നിര്‍ബന്ധിതരാണ്’ എന്നാണ് ഈ വിഷയത്തില്‍ ട്വിറ്റര്‍ നല്‍കിയ മറുപടി. വിഷയത്തില്‍ അമേരിക്കന്‍ സര്‍ക്കാരും പ്രതികരണം അറിയിച്ചിട്ടുണ്ട്. കമ്പനിക്കു അവരുടെതായ പോളിസിയുണ്ട്. എങ്കിലും രാജ്യത്തിന്റെ മൊത്തം നിയമത്തെ അത് ബാധിക്കുന്നില്ല എന്നും പരിശോധന ഞങ്ങളുടെ ചുമതലയാണെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പ്രതികരിച്ചു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇലക്‌ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഈ വിഷയത്തില്‍ നടപടി എടുക്കേണ്ട കുറെയധികം അക്കൗണ്ടുകള്‍ ട്വിറ്ററിനെ അറിയിച്ചിരുന്നു. ഇന്ത്യന്‍ നിയമം സെക്ഷന്‍ 69-എ പ്രകാരമാണ് സര്‍ക്കാര്‍ നടപടിക്കു ശുപാര്‍ശ ചെയ്തത്. രാജ്യ സുരക്ഷയ്ക്ക് എതിരാകുമ്പോള്‍ വ്യക്തികള്‍ക്കെതിരെ സര്‍ക്കാരിന് നടപടി എടുക്കാന്‍ അവകാശം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000-ന്റെ ഭാഗമാണ് ഈ നിയമം. ആരാണ് പരിധി ലംഘിച്ചത് എന്ന് പറയേണ്ടത് സര്‍ക്കാര്‍ തന്നെയാണ് എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. തങ്ങള്‍ക്കു ഇഷ്ടമില്ലാത്ത എന്തും ഈ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാം. എന്നിട്ട് അത്തരം അക്കൗണ്ടുകള്‍ സ്ഥിരമായി പൂട്ടുന്നതടക്കം നടപടി സ്വീകരിക്കാം. അതേ സമയം ഹാനികരമായ ഉള്ളടക്കം ഉള്‍ക്കൊള്ളുന്ന ഹാഷ്ടാഗുകളുടെ വ്യാപനം കുറയ്ക്കുന്നതിന് നടപടിയെടുത്തിട്ടുണ്ടെന്ന് കമ്പനി സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
ഒരു ഭാഗത്ത് സമരത്തെ അനുകൂലിക്കുന്നതിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ അതേ മാര്‍ഗം ഉപയോഗിച്ച് സമര വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നു. നാട്ടിലും വിദേശത്തുമുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം നാം കണ്ടതാണ്. ജാനാധിപത്യ രീതിയില്‍ സമരം ചെയ്യാനുള്ള അവകാശം ഭരണഘടനാപരമാണ്. തങ്ങള്‍ക്ക് ആവശ്യമില്ലാത്ത നിയമം തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നു പറയാനുള്ള അവകാശം കര്‍ഷകര്‍ക്കുണ്ട്. ഭരണകൂടങ്ങളെ എതിര്‍ക്കുമ്പോള്‍ അത് രാജ്യവിരുദ്ധവും ദേശസ്‌നേഹത്തിനു എതിരുമാവുന്ന ചിത്രം നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്നു.
തോല്ക്കാന്‍ ഭയമുള്ളവന്റെ വിഭ്രാന്തികളാണ് ഈ നടപടികളിലൂടെ വെളിവാകുന്നത്. തങ്ങള്‍ക്കെതിരാവുന്ന ആരെയും അധികാരം ഉപയോഗിച്ച് കീഴടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അധികാരത്തിന്റെ ഗര്‍വില്‍ സ്വേച്ഛാധിപത്യ പ്രവണത കാണിക്കുന്നവര്‍ തങ്ങള്‍ക്ക് ലഭിച്ച അധികാരം ശാശ്വതമല്ല എന്നു മറന്നു പോവുകയാണ്. ഒരു ജനാധിപത്യ രാജ്യത്തെ ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും വരുതിക്കു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ത്തുകയാണാവശ്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x