3 Saturday
December 2022
2022 December 3
1444 Joumada I 9

കര്‍മനിരതരാവാം, സങ്കടങ്ങള്‍ കുറയ്ക്കാം

ഡോ. മന്‍സൂര്‍ ഒതായി


‘ഒറ്റയ്ക്കിരിക്കുന്നവന്റെ മസ്തിഷ്‌കം പിശാചിന്റെ പണിശാലയാണ്’ എന്ന ഒരു പഴമൊഴിയുണ്ട്. വെറുതെയിരിക്കുമ്പോഴാണല്ലോ ഓരോരോ ചിന്തകള്‍ മനസ്സിലൂടെ കയറിയിറങ്ങുന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ആളുകള്‍ പലതരം അര്‍ഥശൂന്യമായ ചിന്തകളാല്‍ വേവലാതിപ്പെടുന്നു. വെറുതെയിരിക്കുമ്പോള്‍ ചിന്തകള്‍ കാടുകയറുന്നത് നാം കരുതിയിരിക്കണം. അനാവശ്യ ചിന്തകളും അശുഭ ചിന്തകളും മനസ്സിനെ അടക്കിഭരിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ സന്തോഷം നഷ്ടമാവും. ഇല്ലായ്മകള്‍ മാത്രം ഫോക്കസ് ചെയ്ത് നിരാശപ്പെടുന്ന അവസ്ഥയുമുണ്ടാകും.
ഓരോ പ്രഭാതത്തിലും എന്തെങ്കിലും ചെയ്യാനുണ്ടാവുമ്പോഴാണ് നാം സജീവമാകുന്നത്. മനസ്സും ശരീരവും ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. ഓരോ മനുഷ്യനും ജീവിതത്തില്‍ കൃത്യമായ ലക്ഷ്യമുണ്ടാവുകയും ആ ലക്ഷ്യത്തിനായി പരിശ്രമിക്കുകയും വേണമെന്ന് ലോഗോ തെറാപ്പി പറയുന്നു. ങമി’ െലെമൃരവ ളീൃ ാലമിശിഴ എന്ന പുസ്തകത്തില്‍ വിക്ടര്‍ ഫോക്‌ലിന്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോഴാണ് മനുഷ്യന്‍ അലസനായി മാറുന്നതും. നെഗറ്റീവ് ചിന്തകള്‍ അവനെ കീഴടക്കുന്നതും നശിപ്പിക്കുന്നതും. ജീവിതത്തിന് കൃത്യമായ ഒരു ലക്ഷ്യമില്ല എന്നതാണ് ഇന്നത്തെ ആളുകളുടെ മുഖ്യപ്രശ്‌നം, പ്രത്യേകിച്ച് യുവാക്കള്‍ക്ക്.
മനുഷ്യജീവിതം കൃത്യമായ ലക്ഷ്യവും പദ്ധതിയും ഉള്ളതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ബോധിപ്പിക്കുന്നു. ലക്ഷ്യത്തില്‍ അധിഷ്ഠിതമായി കര്‍മങ്ങളാല്‍ ജീവിതം ധന്യമാക്കാന്‍ ഇസ്‌ലാം മനുഷ്യനെ പ്രചോദിപ്പിക്കുന്നു. ”തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിനൊരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി” (ഖുര്‍ആന്‍ 18:7).
മനുഷ്യനെന്നല്ല, ഈ പ്രകൃതിയിലെ സകലമാന ജീവികളും അധ്വാനിക്കുന്നവരാണ്. മനുഷ്യപ്രകൃതിയുടെ ഭാഗമാണ് അധ്വാനവും പരിശ്രമവും. യാതൊരു ജോലിയോ പ്രവര്‍ത്തനമോ ഇല്ലാതെ അലസരായി കഴിയുന്നവരിലാണ് അമിതമായ ഉല്‍കണ്ഠയും നിരാശയും കാണപ്പെടുന്നതെന്ന് മനഃശാസ്ത്ര പഠനങ്ങള്‍ സൂചന നല്‍കുന്നു. മാത്രമല്ല, കര്‍മങ്ങളില്‍ മുഴുകുന്നവര്‍ക്ക്, കൃത്യമായി ജോലിയിലേര്‍പ്പെടുന്നവര്‍ക്ക് സന്തോഷവും സൗഭാഗ്യവും ലഭിക്കുകയും ചെയ്യും. ഇസ്‌ലാം അധ്വാനിക്കാനും പരിശ്രമിക്കാനും സത്കര്‍മങ്ങളില്‍ മുഴുകാനും ഏറെ പ്രാധാന്യം നല്‍കിയ മതമാണ്. ഒരു സത്യവിശ്വാസിക്ക് വെറുതെയിരിക്കുന്ന സ്വഭാവമുണ്ടാവില്ല. ”ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക” (ഖുര്‍ആന്‍ 94:7).
സ്വകരങ്ങളാല്‍ അധ്വാനിച്ചു ജീവിച്ച മാതൃകയാണ് മുഴുവന്‍ പ്രവാചകന്മാരുടേതും. മുഹമ്മദ് നബി(സ) ആടുകളെ മേച്ചും കച്ചവടങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിവിധങ്ങളായ തൊഴിലില്‍ ഏര്‍പ്പെട്ടു. അധ്വാനത്തിന്റെ മഹത്വവും ആനന്ദവും തന്റെ ശിഷ്യരെ അദ്ദേഹം ബോധ്യപ്പെടുത്തി. യാചനയും അലസതയും അദ്ദേഹം നിരുത്സാഹപ്പെടുത്തി. ജീവിതത്തിലെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെന്ന് കര്‍മങ്ങളിലൂടെ അദ്ദേഹം കാണിച്ചുതന്നു.
സമയം വലിയ സമ്പാദ്യമാണെന്ന് ഓര്‍മപ്പെടുത്തിയ പ്രവാചകന്‍ ജനങ്ങളില്‍ അധികപേരും അക്കാര്യത്തില്‍ അശ്രദ്ധരാണെന്ന് ബോധ്യപ്പെടുത്തി. ആരോഗ്യവും ആയുസ്സുമുള്ള സന്ദര്‍ഭത്തില്‍ കര്‍മങ്ങളില്‍ മുന്നേറാന്‍ പ്രവാചകന്‍ നിരന്തരം പ്രചോദനം നല്‍കി. ദൈവത്തിന്റെ വലിയ അനുഗ്രഹമായ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുമ്പോള്‍ നിഷേധാത്മക ചിന്തകള്‍ വഴിമാറും. പുതിയ ആശയങ്ങളും അനുഭവങ്ങളും ലഭിക്കുകയും ജീവിതത്തില്‍ സംതൃപ്തി ലഭിക്കുകയും ചെയ്യും, തീര്‍ച്ച.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x