കാലത്തിനു മുമ്പേ നടന്ന നേതാവ്
കെ എം ഹുസൈന്‍ മഞ്ചേരി
ഒരു വ്യാഴവട്ടക്കാലം ഐ എസ് എം സംസ്ഥാന സമിതിക്ക് നേതൃത്വം നല്‍കി ഇസ്‌ലാഹീ യുവതയ്ക്ക് ദിശാബോധം പകര്‍ന്ന്, കാലത്തിനു മുമ്പേ നടന്ന നേതാവായിരുന്നു മര്‍ഹൂം അബൂബക്കര്‍ കാരക്കുന്ന്. ഐ എസ് എമ്മിന്റെ സുവര്‍ണ കാലമെന്നു വിശേഷിപ്പിക്കാവുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസ വിശുദ്ധിക്കൊപ്പം മൈത്രി, സൗഹൃദം, ധാര്‍മികത, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രോഗ്രാമുകളായിരുന്നു നടപ്പാക്കിയിരുന്നത്.
ബാബരി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് മുസ്‌ലിം ചെറുപ്പക്കാര്‍ തീവ്രവാദ ചേരിയിലേക്ക് ആകൃഷ്ടരായപ്പോള്‍ ‘മതം തീവ്രവാദത്തിനെതിരെ’ പ്രമേയത്തില്‍ ഐ എസ് എം നടത്തിയ പോരാട്ടം ഇന്നും അഭിമാനമാണ്. മേല്‍ കാമ്പയിനിന്റെ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ അന്നത്തെ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി കാരക്കുന്നിനെ വിളിച്ച് പ്രത്യേകം അഭിനന്ദിച്ചത് ഓര്‍ക്കുന്നു.
ശബാബിലൂടെയാണ് കാരക്കുന്ന് ആദര്‍ശവീഥിയില്‍ സജീവമാകുന്നത്. യുവത ബുക്ഹൗസ് അദ്ദേഹത്തിന്റെ ചിന്തയാണ്. എന്‍ പി മുഹമ്മദ് മുതല്‍ ഡോ. സുകുമാര്‍ അഴീക്കോട് വരെയുള്ള സാഹിത്യകാരന്മാരുമായി കൈകോര്‍ത്തതും പ്രസ്ഥാനത്തിന് പൊതുസമൂഹത്തില്‍ ഇടം നേടിക്കൊടുത്തതും കാരക്കുന്നിന്റെ നേതൃപാടവമായിരുന്നു. സമകാലിക യുവജന നേതാക്കളുമായെല്ലാം അദ്ദേഹം നല്ല സൗഹൃദം പുലര്‍ത്തി. മലയാള വായനാലോകത്ത് തലയുയര്‍ത്തിനിന്ന ‘സമന്വയം’ മാസികയും ‘വര്‍ത്തമാനം’ ദിനപത്രവും കാരക്കുന്നിന്റെ മസ്തിഷ്‌കത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളായിരുന്നു.
ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍, ഐ എസ് എം സംഘടനാ സ്‌കൂള്‍, ക്യാച് ദം യങ് എന്ന ‘പീസ്’ വിദ്യാഭ്യാസ പാക്കേജ് എന്നിങ്ങനെ നിരവധി ദഅ്‌വ-വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പദ്ധതികളാണ് കാരക്കുന്നിന്റെ കാലഘട്ടത്തില്‍ ഐ എസ് എം നടപ്പാക്കിയത്. മരം വെച്ചുപിടിപ്പിക്കല്‍ ഒരു പുണ്യകര്‍മമാണെന്ന് സര്‍ക്കുലര്‍ ഇറക്കിയ ആദ്യത്തെ മതസംഘടനയും ഐ എസ് എം ആയിരിക്കും.
ഐ എസ് എമ്മിനു കീഴില്‍ ഒരു സ്ഥിരം വോളന്റിയര്‍ കോര്‍ സംവിധാനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നതും അബൂബക്കര്‍ കാരക്കുന്ന് ലീഡര്‍ഷിപ്പിലുള്ള സമയത്താണ്. ആദര്‍ശ പ്രസ്ഥാനത്തിന്റെ അടിക്കല്ലിളക്കുന്ന വിധം പ്രസ്ഥാനത്തിന്റെ അകത്തുള്ള ചില പിന്തിരിപ്പന്മാര്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി ഐ എസ് എമ്മിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അതിനെ ധീരമായി നേരിട്ട ഒരു പോരാളി കൂടിയാണ് കാരക്കുന്ന്.
നവംബര്‍ 27-ന് മറൈന്‍ ഡ്രൈവില്‍ മൈത്രി സമ്മേളനത്തിനായി ഒരുമിച്ചുചേരുമ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാം. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഉന്നതമായ ഒരിടം നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.