കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍
ടി കെ മൊയ്തീന്‍ മുത്തന്നൂര്‍
പൗരോഹിത്യത്തിന്റെ അടിമച്ചങ്ങലയില്‍ തളച്ചിടപ്പെട്ട, വിശ്വാസ ജീര്‍ണതയില്‍ ആണ്ടുപോയ ജനം കൂണ്‍പോലെ മുളച്ചു പൊന്തി കൊണ്ടിരിക്കുന്ന സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും തിരു ശേഷിപ്പ്‌സൂക്ഷിപ്പുകാരെന്നു അവകാശപ്പെടുന്നവരുടെയും കെണിയില്‍ വീണ്ടും വീണ്ടും അകപ്പെടുന്നത് സങ്കടകരമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാദാപുരത്തെ ഒരു ഹാജിരില്‍നിന്ന് ഒരു സിദ്ധന്‍ മന്ത്രവാദത്തില്‍ കൂടി ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്തത് മുതല്‍ ഈയിടെ പ്രവാചകന്മാരുടെയും ചരിത്ര പുരുഷന്മാരുടേതുമെന്ന് അവകാശപ്പെടുന്ന (വ്യാജ) തിരുശേഷിപ്പുകള്‍ കൈവശമുണ്ടെന്നു പറഞ്ഞു പണക്കാരും ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാരുള്‍പ്പടെ വന്‍സ്രാവുകളെ വലയില്‍ വീഴ്ത്തി കോടികള്‍ തട്ടിയെടുത്ത മോണ്‍സണ്‍ സംഭവങ്ങളും അന്ധവിശ്വാസാനാചാരങ്ങള്‍ പൂര്‍വോപരി ഏറിവരികയാണെന്നാണ് വ്യക്തമാക്കുന്നത്. അന്ധവിശ്വാസം മുതലെടുത്ത് സമ്പത്ത് കൊള്ളയടിക്കുന്ന വിഷയത്തില്‍ ജാതി മത വ്യത്യാസമില്ലെന്നാണ് മോന്‍സനും കുടിവെള്ള തട്ടിപ്പുമെല്ലാം വ്യക്തമാക്കുന്നത്.
മന്ത്രവാദ-സിദ്ധന്‍മാര്‍ സാമ്പത്തിക ചൂഷണം മാത്രമല്ല, ജീവഹാനിയും മാനഹാനിയും വരുത്തി വെക്കുന്നുണ്ടെന്നാണ് പട്ടിക്കാടിന്നടുത്തുള്ള ഒരു സിദ്ധന്റെയടുത്ത് മന്ത്രവാദ ചികിത്സക്കെത്തിയ സ്ത്രീക്കുണ്ടായ ദുരനുഭവവും കണ്ണൂരില്‍ ഒരു മുസ്ലിയാരുടെ മന്ത്രവാദ ചികിത്സയില്‍ ഒരേ വീട്ടിലുണ്ടായ നാലുപേരുടെ ദാരുണ മരണങ്ങളും വിളിച്ചു പറയുന്നത്. ഫാസിസ്റ്റുകളുടെ ‘ഹലാല്‍’ ഭക്ഷണ വര്‍ഗീയ കോലാഹലങ്ങള്‍ക്ക് വളമിട്ടു കൊടുക്കുന്ന തരത്തില്‍ ഭക്ഷണങ്ങളില്‍ മന്ത്രിച്ചു ഊതി തുപ്പുന്ന പുരോഹിതന്മാരുടെ ചെയ്തികള്‍ വേറെയും. ലക്ഷങ്ങളും കോടിയുമൊക്കെ വിലമതിക്കുന്ന വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഇവര്‍ സിദ്ധ ചികിത്സക്ക് വാങ്ങുന്ന ഫീസ് കേട്ടാല്‍ ഞെട്ടി പോകും. കൊണ്ടോട്ടിക്കടുത്തുള്ള ഒരു മന്ത്രവാദി തങ്ങളുടെ ഫീസ് അന്‍പതിനായിരം രൂപയാണെന്ന് പറയപ്പെടുന്നു. ഇദ്ദേഹം മന്ത്രവാദത്തോടൊപ്പം ഡോക്ടര്‍മാരുടെ ചികിത്സയും നടത്താന്‍ പറയാറുണ്ട് പോല്‍! ആള്‍ദൈവ- സിദ്ധ- തങ്ങള്‍- മുസ്ല്യാക്കന്മാരുടെ അന്ധവിശ്വാസാനാചാരത്തിലധിഷ്ഠിതമായ ചികിത്സകള്‍ക്കെതിരെ കഠിന ശിക്ഷാ നടപടി സ്വീകരിക്കാന്‍ നിയമം കൊണ്ടുവരികയും, ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യണം.