കണക്കുകള്‍ കൃത്യമാവണം
ഇന്ത്യയിലെ ദേശീയ തിരഞ്ഞെടുപ്പ് പ്രക്രിയ വിവിധ ഘട്ടങ്ങളിലൂടെ അവസാന മണിക്കൂറില്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ 4ന് ഫലമറിയും. അപ്പോഴും എത്ര പേര്‍ വോട്ട് ചെയ്തു എന്ന കണക്ക് കൃത്യമായി പുറത്തു വിടാന്‍ കമ്മീഷന്‍ തയ്യാറാവുന്നില്ല. ഇതു സംബന്ധിച്ച് 2019 മുതല്‍ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് 2019 ല്‍ ഹരജി നല്‍കാനുണ്ടായ സാഹചര്യം കണക്കുകളിലെ പൊരുത്തക്കേടുകളാണ്. 2019 ല്‍ ഓരോ ഘട്ടവും പിന്നിടുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ശതമാനവും കൃത്യമായി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫലമറിയുന്ന ദിവസം ഓരോ ബൂത്തിലും എണ്ണിയ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയിരുന്നു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ആയിരത്തോളം ബൂത്തുകളില്‍ ഈ വ്യത്യാസം പ്രകടമായതു കൊണ്ടാണ് എ ഡി ആറും മഹുവ മൊയ്ത്ര എം പിയും ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഈ ഹരജി നിലനില്‍ക്കെ അതേ വിഷയത്തില്‍ അന്തിമ വിധി ധൃതിപ്പെട്ട് നല്‍കാനാവില്ല എന്നതുകൊണ്ടാണ് ഇപ്പോള്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.
ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പിനു ശേഷം ഇലക്ഷന്‍ കമ്മീഷന്‍ പോളിംഗ് ശതമാനത്തിന്റെ താത്കാലിക കണക്ക് പുറത്തു വിട്ടിരുന്നു. ഓരോ ബൂത്തിലും എത്ര വോട്ടുകള്‍ പോള്‍ ചെയ്തു എന്ന് രേഖപ്പെടുത്തുന്ന നിയമാനുസൃത രേഖയാണ് ഫോം 17 സി. അതിന്റെ കോപ്പി പോളിംഗ് ഉദ്യോഗസ്ഥര്‍ ബൂത്ത് ഏജന്റുമാര്‍ക്ക് കൈമാറുകയും ചെയ്യും. അതുകൊണ്ടു തന്നെ പോളിംഗ് കഴിഞ്ഞാല്‍ കൃത്യമായ ശതമാനക്കണക്കു തന്നെ പുറത്ത് വിടാനാകും. എന്നാല്‍ അതുണ്ടായില്ല. മറിച്ച്, താത്കാലിക കണക്കാണ് ആദ്യം പുറത്ത് വിട്ടത്. പിന്നീട് രണ്ടാഴ്ചക്കു ശേഷം ഇലക്ഷന്‍ കമ്മീഷന്‍ പത്രക്കുറിപ്പിലൂടെ പോളിംഗ് ശതമാനം അറിയിച്ചു.
ഏപ്രില്‍ 30-ലെ പത്രക്കുറിപ്പില്‍ പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം പോളിംഗ് ദിവസം പ്രഖ്യാപിച്ച താത്കാലിക ശതമാനത്തില്‍ നിന്ന് കുത്തനെ വര്‍ധനവ് (ഏകദേശം 5-6%) വന്നിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ടറല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ 5 ശതമാനം എന്നതൊക്കെ വലിയ വ്യത്യാസമാണ്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസം 2-3 ശതമാനം മാത്രമായിരിക്കും. അപ്പോള്‍ ഇത്ര വലിയ വ്യത്യാസം കണക്കുകളിലുണ്ട് എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
ഫോം 17 സി ഡാറ്റ എന്തുകൊണ്ട് പുറത്തു വിട്ടുകൂടാ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അത് ജനങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ മറുപടി. നടന്നുകഴിഞ്ഞ പോളിംഗില്‍ കൃത്യമായ കണക്ക് ആത്മവിശ്വാസത്തോടെ പുറത്തു വിടാന്‍ ഇലക്ഷന്‍ കമ്മീഷന് സാധിക്കുന്നില്ല. ബൂത്ത് ഏജന്റുമാരുടെ അടുത്തുള്ള ഫോം 17 സി പ്രകാരം കണക്ക് കൃത്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് അത് ജനങ്ങള്‍ ദുരുപയോഗം ചെയ്യുക? സുപ്രീംകോടതി നിലവില്‍ കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചെങ്കിലും ഇ സിയുടെ ഈ ന്യായം വിധിയില്‍ ഉദ്ധരിച്ചിട്ടില്ല.
വോട്ടെണ്ണല്‍ ദിവസം ഈ ഡാറ്റയുമായി ഒത്തുനോക്കിയാണ് കൗണ്ടിംഗ് ആരംഭിക്കുക. അതുകൊണ്ട് ലക്ഷക്കണക്കിന് ബൂത്ത് ഏജന്റുമാരുടെ കൈവശമുള്ള രേഖയില്‍ നിന്ന് വ്യത്യാസപ്പെടുന്ന അവസ്ഥ ഉണ്ടാകില്ല എന്നാണ് കരുതുന്നത്. പക്ഷെ, 2019ലെ അനുഭവം നേരെ തിരിച്ചാണ്. അതുകൊണ്ടു തന്നെ പോളിംഗ് ദിവസത്തെ കണക്കും കൗണ്ടിംഗ് ദിവസത്തെ കണക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകുന്ന സാഹചര്യത്തില്‍ റീപോളിംഗ് അടക്കമുള്ള കനത്ത നടപടിയിലേക്ക് കടക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണം. പോളിംഗ് നടപടിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അത് അനിവാര്യമാണ്.
തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ EC പോലുള്ള സ്ഥാപനങ്ങളോട് സൗഹൃദ സമീപനം സ്വീകരിക്കണമെന്നാണ് കോടതിയുടെ നയം. അത് പ്രശംസനീയമാണ്. എങ്കില്‍ മാത്രമേ സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. പുറമെ നിന്നുള്ള ഇടപെടലുകള്‍ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ടു തന്നെ സുപ്രിംകോടതി ഈ ഘട്ടത്തില്‍ ഇടപെടാത്തതിന് ന്യായമുണ്ട്. പക്ഷേ, 2019 മുതല്‍ പെന്‍ഡിംഗിലുള്ള സുപ്രധാനമായ ഒരു കേസ് ഇത്ര കാലമായിട്ടും വിധി പറയാതെ മാറ്റിവെച്ചു എന്നത് ശുഭസൂചനയല്ല. 2024ലെ തിരഞ്ഞടുപ്പ് ഫലം എന്തുതന്നെയായിരുന്നാലും ഈ കേസില്‍ നീതിപൂര്‍വകമായ ഉത്തരവ് വേണം. എങ്കില്‍ മാത്രമേ വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഈ രാജ്യത്ത് നിലനില്‍ക്കുകയുള്ളൂ.