27 Saturday
July 2024
2024 July 27
1446 Mouharrem 20

കമല സുരയ്യ സര്‍ഗസപര്യയുടെ രാജ്ഞി

ഹാറൂന്‍ കക്കാട്‌

ഓര്‍മച്ചെപ്പ് – 21

എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാണ് മാധവിക്കുട്ടിയുടെ ‘നെയ്പായസം’ എന്ന കഥ ആദ്യമായി വായിച്ചത്. പിന്നീട് പല തവണ വായിച്ചപ്പോഴും കണ്ണുനനയിച്ച ഒരു കഥയാണിത്. ഏറ്റവും വൈയക്തികമായ ഒരു മരണമേല്പിച്ച ആഘാതം അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച ഈ കഥ വായനക്കാരെ വളരെയേറെ സ്വാധീനിച്ചു. മരണം അദൃശ്യമായ ഒരു സാന്നിധ്യമായി നമ്മുടെ തൊട്ടടുത്ത് നില്ക്കവേ, ജീവിതത്തിന്റെ നിസ്സാരതയും ബന്ധങ്ങളുടെ തീവ്രതയും കളങ്കമില്ലാത്ത സ്നേഹവും ക്ഷമയോടെ ജീവിതത്തിലേയ്ക്ക് തിരിച്ചുവരേണ്ട ബാധ്യതയുമൊക്കെ പ്രതിപാദിക്കുന്ന മനോഹരമായ ബാലസാഹിത്യ കഥയാണ് നെയ്പായസം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഹൃദയ സ്പര്‍ശിയായ കഥ! ഒരു ചെറിയ കഥ അതിന്റെ ആശയ സമ്പുഷ്ടി കൊണ്ടും നീണ്ട നിരൂപണങ്ങള്‍ കൊണ്ടും വീണ്ടും വീണ്ടും ആസ്വദിക്കാന്‍ കഴിയുന്നു എന്നത് സാഹിത്യത്തിലെ അത്യപൂര്‍വതയാണ്.
1999 ഡിസംബറിലാണ് മാധവിക്കുട്ടി എന്ന കമലാ സുരയ്യയുമായി അഭിമുഖം നടത്താനുള്ള ഭാഗ്യം ലഭിച്ചത്. കൊച്ചിയിലെ കടവന്ത്രയിലെ അവരുടെ ഫ്‌ളാറ്റില്‍വെച്ച് എന്റെ ഓരോ ചോദ്യത്തിനും നല്‍കിയ ലളിതമായ പ്രതികരണങ്ങള്‍ രണ്ട് പതിറ്റാണ്ടിനിപ്പുറവും കാതില്‍ മുഴങ്ങുന്നുണ്ട്. തുളസിക്കതിരിന്റെയും നീര്‍മാതളത്തിന്റെയും ഇലഞ്ഞിപ്പൂക്കളുടെയും വിശുദ്ധിയും സൗരഭ്യവും സാഹിത്യമുറ്റത്ത് നിലനിര്‍ത്താന്‍ സിദ്ധികൊണ്ട് സാധിച്ച അവരുമായുള്ള സംഭാഷണം അതീവ ഹൃദ്യമായിരുന്നു.
1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടിലാണ് കമലാ സുരയ്യയുടെ ജനനം. മാതൃഭൂമി ദിനപ്പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്ന വി എം നായരും കവയിത്രി ബാലാമണിയമ്മയുമാണ് മാതാപിതാക്കള്‍. കവി നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനാണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ സീനിയര്‍ കണ്‍സല്‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്.
മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി അവര്‍ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ന്നു. രണ്ടു ഭാഷകളിലും ഒട്ടേറെ വായനക്കാരെ സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു അവരുടേത്.. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു. മലയാളത്തിലെഴുതിയ കവിത നിമിഷനേരം കൊണ്ട് ഇംഗ്ലീഷിലേക്ക് ഭാഷാന്തരം നടത്തുന്നതില്‍ അതിനിപുണയായിരുന്നു അവര്‍. ഇരുഭാഷകളിലുമുളള എഴുത്തുകാരിയുടെ പ്രാവീണ്യം പാശ്ചാത്യലോകത്ത് അവരുടെ കൃതികള്‍ക്കും വ്യക്തിത്വത്തിനും ലഭിച്ച സ്വീകാര്യതയുടെ ആഴം വര്‍ധിപ്പിച്ചു.
ദ്വന്ദ്വ വ്യക്തിത്വത്തിന്റെ സാന്നിധ്യമുള്ള എഴുത്തുരീതിയാണ് അവരുടേത്. സമസ്ത ഹൃദയങ്ങളെയും ആശ്ലേഷിക്കുന്ന കഥ എഴുതുകയെന്നുവച്ചാല്‍ ഏറ്റവും അപൂര്‍വമായ ഏതോ അനുഭവത്തിന് ഉയിരും ഉടലും നല്‍കുക എന്നാണര്‍ഥം. ഈ സിദ്ധിയെ പ്രതിഭ എന്നുവിളിച്ചാല്‍ മതിയോ എന്ന് ചോദിച്ചത് മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ക്ക് അവതാരികയെഴുതിയ സുകുമാര്‍ അഴീക്കോടാണ്. ജീവിതത്തെ ആകെ ഉള്‍ക്കൊള്ളുന്ന ഒരു വസന്താവസ്ഥ. പുഴക്കരയിലെ മണലില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണത്തരികള്‍ പോലെ ആ വചനങ്ങള്‍ നമ്മെ ആകര്‍ഷിക്കുന്നു എന്നാണ് അഴീക്കോട് മാഷ് എഴുതിയത്.
ആത്മപ്രകാശനം എന്ന തോന്നല്‍ ഉളവാക്കിയാണ് അവര്‍ വരികള്‍ വായനക്കാര്‍ക്ക് നല്‍കിയത്. അടിച്ചമര്‍ത്തലുകളെ, അസംതൃപ്തിയെ, നൈരാശ്യത്തെ, ആഗ്രഹങ്ങളെ എല്ലാം കഥയാക്കുന്ന എഴുത്തുകാരിയായിരുന്നു അവര്‍. സാമൂഹിക ജീവിതത്തിന്റെയും ഗാര്‍ഹിക ജീവിതത്തിന്റെയും ഇഴയടുപ്പങ്ങളുടെ കെട്ടുവിടാതെ, കുടുംബം എന്ന അടിസ്ഥാനഘടനയില്‍നിന്ന് അവര്‍ പല അപ്രിയ സത്യങ്ങളും ലോകത്തോട് തുറന്നുപറഞ്ഞു. നാല് വയസ്സു മുതലുള്ള ജീവിതാനുഭവങ്ങളും ചിന്തകളുമാണ് ‘എന്റെ കഥ’ എന്ന ആത്മകഥയിലൂടെ അവര്‍ പങ്കുവെക്കുന്നത്. പുസ്തകം ആരംഭിക്കുന്നത് ഒരു കുരുവിയുടെ ദുരന്ത കഥയോടു കൂടിയാണ്. ഒരിക്കല്‍ തന്റെ മുറിയിലേക്ക് കിളിവാതിലിലൂടെ പറന്നു വന്ന കിളി, ജാലകത്തിന്റെ സ്ഫടികത്തില്‍ തട്ടി രക്തംവാര്‍ന്നു. ജനലില്‍ കുടുങ്ങിയ കിളിയുടെ രക്തം സ്വന്തം രക്തമായി കണ്ട് ‘ഭാവിയുടെ ഭാരമില്ലാതെ ഓരോ വാക്കും ഒരനുരഞ്ജനം ആക്കി ഞാനെഴുതട്ടേ’ എന്നു പറഞ്ഞാണ് ‘എന്റെ കഥ’ തുടങ്ങുന്നത്. ഇംഗ്ലീഷ് ഉള്‍പ്പടെ 15ഓളം ഭാഷകളിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ മതിലുകള്‍, തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്ടപ്പെട്ട നീലാംബരി, തണുപ്പ്, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാല സ്മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്റ്റഡ് പോയംസ് എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്ത കൃതികളാണ്.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും സാമൂഹിക പ്രവര്‍ത്തനത്തിനും മറ്റും കമലാ സുരയ്യ സമയം കണ്ടെത്തിയിരുന്നു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലോക്‌സേവാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന സ്ഥാപിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി ഇഷ്ടദാനം കൊടുത്തു. അനാഥകളായ അമ്മമാര്‍ക്കും മതനിരപേക്ഷതയ്ക്കും വേണ്ടി ലോക സേവാ പാര്‍ട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം നല്‍കി.
കേരള സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സണ്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം പ്രസിഡന്റ്, പോയറ്റ് മാഗസിന്‍ എഡിറ്റര്‍, ഇല്ലസ്‌ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ്, ആശാന്‍ ലോക പുരസ്‌കാരം, ഏഷ്യന്‍ കവിത പുരസ്‌കാരം, കെന്റ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി.
മാധവിക്കുട്ടി എന്ന മഹാപ്രതിഭ 1999-ലാണ് ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യ എന്ന നാമം സ്വീകരിച്ചത്. ആര്‍ജവത്തിന്റെയും ധൈഷണികതയുടെയും എഴുത്തിലെ അനായാസതയുടെയും ചെന്നെത്താന്‍ പറ്റാത്തത്ര മുകളിലാണ് സാഹിത്യലോകത്ത് അവരുടെ സ്ഥാനം.
1984-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഈ എഴുത്തുകാരി 2009 മെയ് 3ന് എഴുപത്തിയഞ്ചാം വയസ്സില്‍ പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. ഭൗതികശരീരം തിരുവനന്തപുരത്തെ പാളയം പള്ളി ഖബര്‍സ്ഥാനിലാണ് സംസ്‌കരിച്ചത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x